സംസ്ഥാനത്ത് 23വരെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ശക്തമായ ചുഴലിക്കാറ്റ് അക്വാൻ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തുടരുന്നു. വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി നാളെ ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, യാനം, തെക്കൻ ഒഡീഷ തീരങ്ങളിൽ നർസാപുരിനും, പുരിയ്ക്കും ഇടയിൽ, ഗോപാൽപൂരിനു സമീപം മണിക്കൂറിൽ 90–100 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കൻ അറബിക്കടലിലും സമീപ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി അന്തരീക്ഷ ചക്രവാതചുഴി തുടരുന്നു. നവംബർ 23 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത.
അതേസമയം ചൊവ്വാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാൽ ചുഴലിക്കാറ്റ് ഒരേ സ്ഥലത്ത് നിൽക്കുകയോ വളരെ സാവധാനം നീങ്ങുകയോ ആയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30ഓടെ മണിക്കൂറിൽ 3 കിലോമീറ്റർ വേഗതയിൽ വടക്കോട്ട് നീങ്ങിയതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ നേരിയ മാറ്റമുണ്ടായതിനാൽ വിശാഖപട്ടണത്തിനും നെല്ലൂരിനും ഇടയിലുള്ള ഭാഗങ്ങളിൽ കരതൊടാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി ആന്ധ്രാപ്രദേശിലെ വടക്കൻ ജില്ലകളായ വിശാഖപട്ടണം, അല്ലൂരി സീതാരാമ രാജു, പാർവതീപുരം മന്യം, ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തീരദേശ മേഖലകളിൽ മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനുള്ളിൽ മൂന്ന് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ ആന്ധ്രാ തീരം തൊടുന്നത് വളരെ അപൂർവമായ പ്രതിഭാസമാണെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ പറഞ്ഞു.








0 comments