Deshabhimani

ക്രിമിനലുകൾ സേഫാണ്; ചേർത്തുപിടിക്കാൻ സർക്കാരുണ്ട്‌

v d satheesan mdma
വെബ് ഡെസ്ക്

Published on Nov 19, 2026, 02:21 PM | 4 min read

മയക്കുമരുന്ന്, സാമ്പത്തിക തട്ടിപ്പ്, ക്വട്ടേഷൻ, ലൈംഗികാതിക്രമം തുടങ്ങി എല്ലാവിധ ക്രിമിനൽ പ്രവർത്തനങ്ങളും ധൈര്യമായി ചെയ്യാം. നിങ്ങളെ സംരക്ഷിക്കാനും ചേർത്തുപിടിക്കാനും കേരളത്തിലെ യുഡിഎഫ് സർക്കാരുണ്ട്‌. ബിജെപി ക്രിമിനലുകൾക്കും ഇ‍ൗ പിന്തുണകളെല്ലാം സതീശനും കൂട്ടരും നൽകുന്നുണ്ട്‌. കഴിഞ്ഞ ആറ് മാസത്തെ ഭരണത്തിൽ ക്രിമിനലുകൾക്ക് സുഖവാസമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരുമായി നേരിട്ട് ഡീലുള്ള ക്രിമിനൽ സംഘങ്ങളെ കേരളം കണ്ടു. അഥവാ പിടിയിലായാൽ കേസ് ആവിയാകുന്നതും കണ്ടു. ഇത്തരത്തിലുള്ള സുന്ദരകാഴ്‌ചകൾ ഇനിയും ഏറെയുണ്ടാകും.


മുഖ്യമന്ത്രിയുടെ സ്വന്തം ലഹരിമാഫിയ


കാസർകോട്‌ കാലിക്കടവിൽ എംഡിഎംഎയുമായി പിടിയിലായത് മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ കെ എച്ച് മുഹമ്മദ് ഹുസൈൻ അടക്കമുള്ള യൂത്ത് കോൺ​ഗ്രസ് നേതാക്കളാണ്. കേസിന്റെ തുടക്കംമുതൽ പ്രതികളെ രക്ഷിക്കാനുള്ള തീവ്രശ്രമമാണ് മുഖ്യമന്ത്രി നേരിട്ട് നടത്തിയത്. തനിക്ക് സോഷ്യൽമീഡിയ ടീം ഇല്ലെന്ന് പോലും തട്ടിവിട്ടു. എന്നാൽ വർഷങ്ങളായി സതീശന്റെ ടീമിലുണ്ടെന്ന് ഹുസൈന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ വെളിപ്പെടുത്തി. നാലുമാസം കഴിഞ്ഞു, കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.


ഫോൺ രേഖകൾ പരിശോധിക്കാനോ ഫോണുകൾ ഫൊറൻസിക്‌ പരിശോധനക്ക്‌ അയക്കാനോ മാസങ്ങൾ പിന്നിട്ടിട്ടും തയ്യാറായിട്ടില്ല. ബംഗളൂരു കേന്ദ്രമായ നൈജീരിയൻ ലഹരി മാഫിയയുടെ ഏജന്റായിട്ടും ഹുസൈൻ ഉൾപ്പെടെ മൂന്ന്‌ പ്രതികളുടെ വിവരം കർണാടക പൊലീസിനും നൽകിയിട്ടില്ല. ലക്ഷങ്ങളുടെ ഇടപാടുണ്ടായിട്ടും ബാങ്ക്‌ രേഖകളും പരിശോധിച്ചില്ല.


ഹുസൈന്റെ ഫോണിൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമുണ്ട്‌. ഫോണിലെ വിവരം ഫോറൻസിക്‌ ലാബ്‌ കൈമാറിയിട്ടില്ല. ഏറെ വിവാദത്തിനൊടുവിലാണ്‌ ഫോൺ ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ അയച്ചത്‌. ആഗസ്‌ത്‌ ഒൻപതിനാണ്‌ ഫോൺ പിടിച്ചെടുത്തത്‌. സെപ്‌തംബർ എട്ടിനാണ്‌ കോടതിക്ക്‌ കൈമാറിയത്‌. ഫോണിലെ വിവരങ്ങൾ പൊലീസ്‌ നശിപ്പിച്ചതായാണ്‌ അറിയുന്നത്‌.


ഓപ്പറേഷൻ ലഹരിക്കൂട്ട്


മയക്കുമരുന്നുകൾക്കെതിരെ ഓപ്പറേഷൻ തൂഫാനെന്ന പദ്ധതി പ്രഖ്യാപിച്ചയുടനെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്റെ പിഎ ആയി, ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള യുത്ത് കോൺ​ഗ്രസ് നേതാവിനെ നിയമിക്കാൻ നീക്കം നടത്തിയത്. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയെയാണ് ചെന്നിത്തല ഒപ്പംകൂട്ടിയത്. പ്രാദേശിക നേതൃത്വത്തിന്റെ ഉൾപ്പെടെ എതിർപ്പ്‌ ശക്തമായതോടെ നീക്കം ഉപേക്ഷിച്ചു. രണ്ട് വർഷം മുമ്പ് നഹാസിന്റെ വീട്ടിൽനിന്ന്‌ കഞ്ചാവ് പിടികൂടിയതും ഉറ്റ അനുയായിയായ ജിതിന് ലഹരി സംഘങ്ങളുമായുള്ള ബന്ധവും ചർച്ചയാകുന്നുണ്ട്.


കൊലക്കേസ് പ്രതിക്കൊപ്പം എംഎൽഎമാർ


ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കൊലക്കേസിലെ പ്രതിക്കൊപ്പം ഗൾഫിൽ ജ്വല്ലറി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത്, സൗഹൃദം പങ്കിട്ട് യുഡിഎഫ് നേതാക്കളും എംഎൽഎമാരും അർമാദിക്കുകയാണ്‌. കാസർകോട് മഞ്ചേശ്വരത്തെ അബൂബക്കർ സിദ്ധീഖ് കൊലപാതക കേസിലെ പ്രതി പൈവളിഗെ അമ്പിക്കാന അഹമ്മദ് റയീസിനൊപ്പമാണ് യുഡിഎഫ് എംഎൽഎമാരായ സന്ദീപ്‌വാര്യർ, എ കെ എം അഷറഫ്, കല്ലട മാഹിൻ, മുസ്ലിം ലീഗ് കാസർകോട്‌ ജില്ലാ പ്രസിഡന്റ്‌ എൻ എ നെല്ലിക്കുന്ന് എന്നിവരുള്ള ചിത്രങ്ങൾ പുറത്തുവന്നത്‌.


ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളിയാണ്‌ അഹമ്മദ് റയീസ്‌. മുഗു റോഡിലെ അബൂബക്കർ സിദ്ദിഖിനെ 2022 ജൂൺ 26ന് കൊലപ്പെടുത്തിയ കേസിൽ പതിമൂന്നാം പ്രതിയാണ്. ഗൾഫിലേക്ക് വിദേശ കറൻസി കടത്തിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഉപ്പള സ്വദേശിക്ക്‌ വേണ്ടി ക്വട്ടേഷൻ ഏറ്റെടുത്തായിരുന്നു കൊലപാതകം. രാജ്യാന്തര കുറ്റവാളി പൈവളിഗെയിലെ സിയയുടെ സംഘത്തിപ്പെട്ടയാളാണ് അഹമ്മദ് റയീസ്. വിദേശത്തേക്ക് കടന്ന പ്രതിയെക്കുറിച്ച് അന്വേഷക സംഘത്തിന് വിവരമുണ്ടായിരുന്നില്ല.


സാമ്പത്തിക തട്ടിപ്പിന് നേതൃത്വം നേതാക്കൾ


യുഡിഎഫ് അധികാരത്തിലെത്തിയതു മുതൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ സജീവമാണ്‌. ഇതിന് നേതൃത്വം നൽകുന്നതാകട്ടെ മുൻനിര നേതാക്കളും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയതിന് യുഡിഎഫ് നേതാവ് അറസ്റ്റിലായത് കഴിഞ്ഞദിവസമാണ്. കേരള പ്രവാസി അസോസിയേഷൻ ദേശീയ പ്രസിഡന്റ് രാജേന്ദ്രൻ വെള്ളപ്പാലത്തിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.


തൃശൂരിലെ ഇന്ത്യൻ ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റിക്ക് ഇ ഡിയുടെ പേരിൽ വ്യാജ നോട്ടീസ് അയച്ചശേഷം ഒത്തുതീർപ്പാക്കാം എന്ന ഓഫറുമായി എത്തിയപ്പോഴാണ് നെടുമ്പാശേരിയിൽനിന്ന് രാജേന്ദ്രൻ പിടിയിലാകുന്നത്. രാജ്യവ്യാപകമായി ഇതേ മാതൃകയിൽ തട്ടിപ്പ് നടത്തുന്ന വൻശ്യംഖലയുടെ നേതാവാണ് രാജേന്ദ്രനെന്നാണ് സൂചന. മുഖ്യമന്ത്രി വി ഡി സതീശനും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള യുഡിഎഫ്‌ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്‌ രാജേന്ദ്രൻ. തൃശൂരിലെ ഇന്ത്യൻ കോ–ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിക്ക് ഇഡിയുടെ പേരിൽ ലഭിച്ച വ്യാജ കത്തിലെ അന്വേഷണത്തിലാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. കേസുണ്ടെന്നും 50 കോടി രൂപ നൽകിയാൽ ഒത്തുതീർക്കാമെന്നും പറഞ്ഞാണ്‌ സൊസൈറ്റി അധികൃതരെ രാജേന്ദ്രൻ ബന്ധപ്പെട്ടത്‌.


സ്വകാര്യ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി ലക്ഷം രൂപ തട്ടാൻ ശ്രമിച്ചതിന് പിടിയിലായ സുഹൈൽ ഷാജഹാൻ ഡിസിസി അം​ഗമാണ്. തിരുവനന്തപുരം ആനയറയിലെ സബൈൻ ആശുപത്രി ഉടമ സബൈനിൽനിന്ന് ഇയാൾ പണം വാങ്ങുന്നതിന്റെ ദൃശ്യമടക്കം പുറത്തുവന്നു. പിന്നീട് പേട്ട പൊലീസ് സുഹൈൽ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ എംപിയുടെ അടുത്ത അനുയായിയാണ് സു​ഹൈൽ. യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ ഇയാൾ എകെജി സെന്ററിന് ബോംബെറിഞ്ഞ കേസിലെ പ്രതിയുമാണ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സുഹൈലിനെ കോൺ​ഗ്രസ് പൂർണമായി സംരക്ഷിച്ചുവരികയായിരുന്നു. സമാന രീതിയിൽ വ്യാജപ്രചാരണങ്ങളും ഭീഷണികളും മുഴക്കി ആളുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പണം തട്ടിയെടുക്കുന്ന മാഫിയാ പ്രവർത്തനങ്ങളാണ് ഇയാൾ തുടർച്ചയായി നടത്തിവരുന്നത്.


ആലപ്പുഴ പൊന്നാംവെളി സൗമ്യ ജ്വല്ലറി ഉടമ സലീപനെ ആക്രമിച്ച് പണം കവർന്ന കേസിൽ പിടിയിലായത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സജീർ യൂസഫ് ആണ്. വിദ്യാർഥികാലം തൊട്ടേ കെഎസ്-യു പ്രവർത്തകനായിരുന്ന സജീർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ പട്ടണക്കാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗമാണ്. യുഡിഎഫ് അധികാരത്തിലെത്തിയതോടെ കോൺഗ്രസ് വക്താവായി.


ബിജെപിക്കും സഹായം


ക്രിമിനൽ കേസിൽപെടുന്ന ബിജെപി നേതാക്കൾക്കും യുഡിഎഫ് ഭരണം ആശ്വാസമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കാപ്പാ കേസിൽ പ്രതിയായ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സു​ഗതനെ രക്ഷിക്കാൻ സർക്കാർ നടത്തിയ തീവ്രശ്രമം. സംസ്ഥാന സർക്കാർ മനഃപൂർവം വീഴ്‌ച വരുത്തിയതാണ് സു​ഗതന് ജാമ്യം ലഭിക്കാൻ കാരണമായത്. കരുതൽ തടങ്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സർക്കാർ വീഴ്‌ച വരുത്തിയെന്ന് ഹൈക്കോടതി വിലയിരുത്തുകയും ചെയ്തിരുന്നു. ഒരു സ്വതന്ത്രന്റെ പിന്തുണയിലാണ്‌ തിരുവനന്തപുരം കോർപറേഷൻ ബിജെപി ഭരിക്കുന്നത്‌. ചട്ടങ്ങൾ ലംഘിച്ച്‌ സുഗതന്‌ ആറുമാസം ലീവ്‌ അനുവദിച്ചതിലുൾപ്പെടെ സർക്കാർ മ‍ൗനം പാലിച്ചു. കാപ്പ നിലനിൽക്കുന്നതിന്‌ ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിലും ആഭ്യന്തരവകുപ്പ്‌ മനഃപൂർവം വീഴ്‌ചവരുത്തി.


ഗുണ്ടാ പൊലീസുകാരും ഉണർന്നു


ക്രിമിനൽ നേതാക്കൾ മാത്രമല്ല, പൊലീസുകാരും യുഡിഎഫ് ഭരണത്തിൽ സജീവമായി. രക്ഷകരാകേണ്ട പൊലീസ്‌ ക്രിമിനലുകളാകുന്ന കാഴ്‌ചയാണ്‌ കേരളത്തിൽ. യുഡിഎഫ്‌ ഭരണത്തിലേറി രണ്ടാംനാൾ എറണാകുളം മലയിടംതുരുത്ത്‌ പര്യാത്ത്‌കാവിൽ ദളിതരെ തല്ലിച്ചതച്ച്‌ തുടങ്ങിയതാണ്‌ പൊലീസ്‌രാജ്‌.


കുണ്ടറയിൽ പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത സിയാദ്‌ ക്രൂരമർദനത്തിനിരയായി ആശുപത്രിയിലാണ്‌ മരിച്ചത്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കസ്‌റ്റഡി മരണം ആരോപണം ഉയർന്നാൽ അന്വേഷണം സിബിഐക്ക്‌ വിടാറുണ്ടായിരുന്നു. സിയാദിന്റെ മരണം ക്രൈംബ്രാഞ്ചാണ്‌ അന്വേഷിക്കുന്നത്‌.


ഒക്ടോബർ അഞ്ചിനാണ് ചിറയിൻകീഴിൽ പൊലീസിന്റെ ക്രൂരമർദനത്തിന്‌ ഇരയായി അഴൂർ പെരുങ്ങുഴി ചല്ലിമുക്ക് വയൽവീട്ടിൽ സജി (43) മരിച്ചത്. മറ്റൊരാളെ റോഡിലിട്ട് മർദിക്കുന്നത് തടഞ്ഞതിനാണ് സജിയോട് പൊലീസ് പരാക്രമം കാട്ടിയത്.


യുഡിഎഫ്‌ അധികാരത്തിൽ വരുമ്പോൾ ജനനേന്ദ്രിയം അടിച്ചുതകർക്കൽ പൊലീസിന്‌ ഹരമാണ്‌. പത്തുവർഷത്തിനുശേഷം പത്തനംതിട്ട അടൂരിൽ യുവാവിനെ കാറിലിട്ട് ക്രൂരമായി മർദിച്ച്‌ ജനനേന്ദ്രിയം തകർത്തു. കൂടൽ പൊലീസ് സ്റ്റേഷനിൽ ഹൃദ്‌രോഗിയായ 20 വയസ്സുകാരനെ കസ്‌റ്റഡിയിൽ ക്രൂരമായി മർദിച്ചു.


‘ഓപ്പറേഷൻ തൂഫാനു’മായി പൊലീസ്‌ നാടാകെ ചുറ്റുന്പോഴാണ്‌ നെടുമങ്ങാട്‌ മദ്യപിച്ചെത്തിയ ഇൻസ്‌പെക്ടർ പൊലീസ്‌ സ്‌റ്റേഷനിലെത്തി ബന്ധുക്കളെ ലോക്കപ്പിൽനിന്ന്‌ ബലമായി മോചിപ്പിച്ചത്‌. ഇടുക്കി കരിമണ്ണൂർ എസ്‌ഐ ഉൾപ്പെടെയുള്ളവരെ പൊലീസ്‌ ജീപ്പിൽ മദ്യവുമായി പോകുമ്പോൾ നാട്ടുകാർ പൊക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home