കടയിലേക്ക് ലോറി പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്ക്

തൃപ്പൂണിത്തുറ
കടയിലേക്ക് ലോറി പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്കേറ്റു. വെള്ളി പുലർച്ചെ കണ്ണൻകുളങ്ങര പടിഞ്ഞാറേ വളവിലുള്ള കടയിലേക്കാണ് ലോറി നിയന്ത്രണംവിട്ട് ഇടിച്ചുകയറിയത്. തമിഴ്നാട്ടിൽനിന്ന് പൂത്തോട്ട ഭാഗത്തേക്ക് മീൻ കയറ്റിവന്ന ലോറിയാണിത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.
ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ തമിഴ്നാട് കാരയ്ക്കൽ സ്വദേശി രാമകൃഷ്ണനെ അഗ്നി രക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ഹൈഡ്രോളിക് കട്ടർ, ഹൈഡ്രോളിക് സ്പ്രെഡർ എന്നിവ ഉപയോഗിച്ച് ലോറിയുടെ ക്യാബിന്റെ ഒരുഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ കെട്ടിട ഉടമയുടെ പരാതിയിൽ കേസെടുത്തതായി ഹിൽപാലസ് പൊലീസ് പറഞ്ഞു.









0 comments