വാഹനാപകടത്തില്‍ 3 പേർക്ക് പരിക്ക്

പെരുമ്പാവൂര്‍
എംസി റോഡില്‍ വല്ലം ജങ്ഷനുസമീപം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മിനിലോറി, കാർ, സ്കൂട്ടർ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂട്ടര്‍യാത്രികരായ ചേലാമറ്റം തോട്ടപ്പാട്ടില്‍ വീട്ടില്‍ നൗഷാദ്, ബന്ധു റാബിയ സമദ്, ലോറിഡ്രൈവര്‍ വായിക്കര നാരായണംമോളത്ത് വീട്ടില്‍ രാജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാജന്‍, നൗഷാദ് എന്നിവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും റാബിയയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധൻ രാവിലെ 10ന് വല്ലത്തുനിന്ന് ചേലാമറ്റം ഭാഗത്തേക്ക് ചെങ്കല്ല് കയറ്റി പോകുകയായിരുന്ന മിനിലോറിയുടെ മുന്നിൽ സഞ്ചരിച്ചിരുന്ന കാർ, സർവീസ് സെന്ററിലേക്ക് പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണം. നിയന്ത്രണംവിട്ട ലോറി കാറിലും സ്‌കൂട്ടറിലും ഇടിച്ചശേഷം മരത്തിലിടിച്ചാണ് നിന്നത്. മുൻവശം തകർന്ന ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവർ രാജനെ അഗ്നിരക്ഷാസേനയെത്തി ക്യാബിൻ പൊളിച്ചാണ് പുറത്തെടുത്തത്.
അഗ്നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ടി കെ സുരേഷ്, സീനിയര്‍ ഓഫീസര്‍ എം വി ബാലചന്ദ്രന്‍, ഓഫീസര്‍മാരായ കെ സുധീര്‍, ടി പി അരുണ്‍, പി ധനേഷ്, ഡ്രൈവര്‍മാരായ പി എസ് ഉമേഷ്, എസ് ശ്രീജിത്ത്, ഹോം ഗാര്‍ഡ് സോമി ജോസഫ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.









0 comments