കസ്‌റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു
പ്രതിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസിറക്കി

കൊച്ചി
മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കിയശേഷം തിരിച്ചുകൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പ്രതിക്കായി കടവന്ത്ര പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി. പിടിച്ചുപറിക്കേസിൽ പിടിയിലായ പത്തനംതിട്ട സ്വദേശി റസ്സലിനായാണ് കടവന്ത്ര പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കിയത്.
സമൂഹമാധ്യമങ്ങളിലടക്കം ലുക്കൗട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. റസ്സലിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ കടവന്ത്ര പൊലീസുമായി ബന്ധപ്പെടണം.
ഞായർ വൈകിട്ട് 5.45ന് പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് പിന്നിലുള്ള റോഡിൽവച്ചാണ് റസ്സൽ രക്ഷപ്പെട്ടത്. കടവന്ത്ര പൊലീസ്, പിടിച്ചുപറിക്കേസിൽ പിടികൂടിയ ആലപ്പുഴ സ്വദേശി സൂരജ്, പത്തനംതിട്ട സ്വദേശി റസ്സൽ എന്നിവരാണ് രക്ഷപ്പെട്ട് ഓടിയത്. മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കിയശേഷം തിരിച്ച് ജീപ്പിലേക്ക് കയറ്റാൻ ഒരുങ്ങവേ മൂത്രമൊഴിക്കണമെന്ന് പ്രതികൾ പൊലീസിനോട് ആവശ്യപ്പെട്ടു. കൈവിലങ്ങ് അഴിച്ച ഉടനെ ഇരുവരും ഓടിരക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്തുടർന്നപ്പോള്‍ സൂരജ് ചേന്ദമംഗലം പാലത്തിനുസമീപം പുഴയിൽ ചാടി. ഇയാളെ തൂയിത്തറ ഭാഗത്തുനിന്ന് പിടികൂടി. എന്നാല്‍, റസ്സലിനെ പിടിക്കാനായില്ല.
കടവന്ത്ര സ്റ്റേഷൻ പരിധിയിൽ ചുമതലയുള്ള മജിസ്ട്രേട്ട് പറവൂരിലെ തറവാട്ട് വീട്ടിലായിരുന്നു. അതിനാലാണ് പൊലീസ് സംഘം ജീപ്പിൽ പ്രതികളെ പറവൂരിൽ കൊണ്ടുവന്നത്.











0 comments