വികസനം തുടരാൻ ആലങ്ങാട്

വി ദിലീപ്‌കുമാർ
Published on Dec 03, 2025, 03:29 AM | 1 min read
ആലങ്ങാട്
ആലങ്ങാട്, വരാപ്പുഴ പഞ്ചായത്തുകളും കരുമാല്ലൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളും ഉൾപ്പെടുന്നതാണ് ആലങ്ങാട് ജില്ലാപഞ്ചായത്ത് ഡിവിഷൻ. അഞ്ചുവർഷം എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ വികസനമുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുന്നേറുന്നത്. ഡിവിഷനിലെ 15 വാർഡുകളിൽമാത്രം ആറുകോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു.
പുതിയ പൊതുശ്മശാനം, തിരുവാലൂർ എസ്-സി സങ്കേതത്തിൽ കമ്യൂണിറ്റി ഹാൾ, ആലങ്ങാട് പഴംതോട്ടിൽ ഓപ്പൺ ജിം, എസ്എൻഡിപി സങ്കേതത്തിൽ കുടിവെള്ള പദ്ധതി, വനിതാ ഫിറ്റ്നെസ് സെന്റർ എന്നിവ അവയിൽ ചിലതുമാത്രം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന വരാപ്പുഴ പഞ്ചായത്തിൽ യുഡിഎഫ് ഭരണം നിഷ്‌ക്രിയമാണെങ്കിലും ജില്ലാപഞ്ചായത്ത് എൽഡിഎഫ് ജനപ്രതിനിധി മുൻകൈയെടുത്ത് നടപ്പാക്കിയ പദ്ധതികൾ ജനങ്ങൾക്ക് ആശ്വാസമാണ്. മത്സ്യമേഖലയായ വരാപ്പുഴയിലെ പുഴകളിൽ മീൻസമ്പത്ത് വർധിപ്പിക്കാനുള്ള പദ്ധതികൾക്കും തുടക്കമിട്ടു. വരാപ്പുഴ മാർക്കറ്റ് നവീകരിച്ച് മാലിന്യപ്രശ്‌നം പരിഹരിക്കുക, ഗതാഗതസംവിധാനം പരിഷ്‌കരിക്കുക, ജലമെട്രോ, ദേവസ്വംപാടം ഫിഷ് ലാൻഡിങ് സെന്റർ നവീകരണം എന്നിവ പരിഗണനയിലാണ്.
10 വർഷമായി ഹൈക്കോടതിയിൽ അഭിഭാഷകയായ വരാപ്പുഴ പാവനക്കടവ് തൈപ്പറമ്പിൽ അഡ്വ. ഡീന ജോസഫാണ് എൽഡിഎഫ് സ്ഥാനാർഥി. കേരളം മുഴുവൻ ചർച്ചയായ പാതിവില തട്ടിപ്പുകേസിലെ ഇരകൾക്ക് തുണയായ ഡീന, ഡിവിഷനിലെ വോട്ടർമാർക്കും സുചരിചിതയാണ്. വരാപ്പുഴ അതിരൂപത കേരള ലേബർ മൂവ്മെന്റ് വനിതാ ഫോറം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഭർത്താവ്: അഡ്വ. അരുൺ ഫ്രാൻസിസ്. മക്കൾ: സെഹ, സെയിൻ. ഡിസിസി ജനറൽ സെക്രട്ടറി സിന്റ ജേക്കബാണ് യുഡിഎഫ് സ്ഥാനാർഥി. മായ പ്രകാശൻ എൻഡിഎ സ്ഥാനാർഥി.









0 comments