ധവളപത്രത്തിൽ ‘മോദിഫിക്കേഷൻ’; അവശ്യസേവനങ്ങളുടെ നിരക്ക് വർധിക്കാൻ സാധ്യത

പ്രത്യേക ലേഖകൻ
Published on Jun 04, 2026, 12:55 PM | 2 min read
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയുടെ വെളിപ്പെടുത്തൽ എന്ന് അവകാശപ്പെട്ട് യുഡിഎഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിൽ നിറയെ ‘മോദിഫിക്കേഷൻ’. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം മുതൽ കുടിവെള്ളം, വൈദ്യുതി, കെഎസ്‌ആർടിസി യാത്ര എന്നിവ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നത് അവസാനിപ്പിക്കൽ ഉൾപ്പടെ നിർദേശിക്കുന്നതാണ് ഇൗ ധവളപത്രം. ശമ്പളവും പെൻഷനും നൽകാനാണ് സർക്കാരിന്റെ ചെലവിൽ 77 ശതമാനവും വിനിയോഗിക്കുന്നതെന്ന് ആവർത്തിക്കുന്ന ധവളപത്രം ജീവനക്കാർക്കുമേൽ കടന്നാക്രമണങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകുന്നു. സംസ്ഥാന ബിവറേജസ് കോർപ്പറേഷനും സിവിൽ സപ്‌ളൈസ് കോർപറേഷനും തമ്മിൽ ലയിപ്പിക്കാനുള്ള നിർദേശവും ഗൂഢതാൽപര്യങ്ങളോടെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കെഎസ്‌ഇബി, കേരള വാട്ടർ അതോറിറ്റി, കെഎസ്‌ആർടിസി എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെ സേവനം സബ്‌സിഡി നിരക്കിൽ നൽകുന്നത് ദരിദ്രർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ധവളപത്രം നിഷ്‌കർഷിക്കുന്നു. സബ്‌സിഡി തുക ഗുണഭോക്താക്കൾക്ക് നേരിട്ട് നൽകണം. പാചകവാതക സബ്‌സിഡി മോദിസർക്കാർ നേരിട്ട് നൽകുന്ന സംവിധാനത്തിൽ കൊണ്ടുവരികയും വൈകാതെ സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ നൽകുന്നത് അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു. എൽപിജി മേഖലയിൽ കേന്ദ്രം നടപ്പാക്കിയപോലെ പരിഷ്‌കാരം വന്നാൽ വെള്ളം, വൈദ്യുതി, കെഎസ്‌ആർടിസി ടിക്കറ്റ് എന്നിവയ്‌ക്ക് ഗുണഭോക്താക്കൾ ഉയർന്നനിരക്ക് നൽകേണ്ടിവരും. ദരിദ്രരായി സർക്കാർ കരുതുന്നവർക്ക് മാത്രം സബ്‌സിഡി തുക നേരിട്ട് നൽകും. ഇതു നടപ്പാക്കാൻ ഡിജിറ്റൽ സംവിധാനം വിപുലീകരിക്കണമെന്ന് ധവളപത്രം ശുപാർശ ചെയ്യുന്നു. വൈദ്യുതി ഉൽപാദനം വർധിപ്പിക്കാൻ ആണവോർജ്ജ മേഖലയെ ഉൾപ്പടെ ആശ്രയിക്കണം.
തന്ത്രപ്രധാനമല്ലാത്ത പൊതുമേഖല സ്ഥാപനങ്ങൾ ഓഹരിവിൽപ്പന നടത്തുകയോ സ്വകാര്യവൽക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണം. ഇത്തരം സ്ഥാപനങ്ങളുടെ ഭൂമി ഉൾപ്പടെയുള്ള ആസ്‌തി ലാഭകരമായ രീതിയിൽ പുനരുപയോഗിക്കണം. ബിഎസ്‌എൻഎൽ ഉൾപ്പടെയുള്ള കേന്ദ്രപൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമി വിറ്റഴിക്കൽ മോദിസർക്കാർ നടത്തിവരികയാണ്.
ബിവറേജസ് കോർപറേഷൻ വൻലാഭത്തിൽ പ്രവർത്തിക്കുന്നതുകാരണം ലാഭവിഹിതത്തിനു നികുതി നൽകുന്നത് ബാധ്യതയാണെന്നും ഇത് ഒഴിവാക്കാൻ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സിവിൽ സപ്‌ളൈസ് കോർപറേഷനുമായി ലയിപ്പിക്കണമെന്നും നിർദേശിക്കുന്നു. ബിവറേജസ് കോർപറേഷൻ ലാഭത്തിന്മേൽ 2022–23ൽ 48.41 കോടി രൂപ, 2023–24ൽ 84.66 കോടി രൂപ, 2024–25ൽ 47.33 കോടി രൂപ വീതം നികുതി നൽകിയിരുന്നു. ബിവറേജസ് കോർപറേഷന്റെ ലാഭം ഇല്ലാതാക്കാൻ നഷ്ടത്തിൽ ഓടുന്ന സപ്‌ളൈകോയുമായി ലയിപ്പിച്ചാൽ മതിയെന്നാണ് ധവളപത്രം തയ്യാറാക്കിയവർ കണ്ടെത്തിയത്. ഒരേ സ്ഥാപനത്തിന്റെ രണ്ട് ഡിവിഷനാക്കി മാറ്റിയാൽ മതിയത്രെ.










0 comments