ad
Deshabhimani

സാമൂഹിക സംരക്ഷണം ശക്തിപ്പെടുത്താൻ പുതിയ നിയമം; ദുബായിൽ കമ്മ്യൂണിറ്റി വികസന അതോറിറ്റിക്ക് വിപുല അധികാരങ്ങൾ

cda dubai
വെബ് ഡെസ്ക്

Published on Jun 04, 2026, 01:53 PM | 1 min read

ദുബായ്: സാമൂഹിക സംരക്ഷണവും സേവനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ദുബായ് ഭരണാധികാരിയും യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിൻ റഷീദ് അൽ മക്തൂം കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സിഡിഎ) സംബന്ധിച്ച് പുതിയ നിയമം പുറത്തിറക്കി. ദുബായിലെ സാമൂഹിക മേഖലയുടെ വികസനം, സമൂഹസേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, കുട്ടികൾ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ തുടങ്ങിയ വിഭാഗങ്ങളുടെ സംരക്ഷണവും ശാക്തീകരണവും ഉറപ്പാക്കുക എന്നിവയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.


പുതിയ നിയമപ്രകാരം സാമൂഹിക നയങ്ങളുടെ രൂപവത്കരണം, സാമൂഹിക സംഘടനകൾക്കും സാമൂഹിക മേഖലയിലെ വിദഗ്ധർക്കുമുള്ള ലൈസൻസിങ്, നിയന്ത്രണം എന്നിവയുടെ മേൽനോട്ട ചുമതല സിഡിഎയ്ക്ക് ലഭിക്കും. സാമൂഹിക സേവനങ്ങളുടെ ഏകോപനം, സഹായം ആവശ്യമുള്ള വ്യക്തികൾക്കുള്ള പരിചരണ സേവനങ്ങൾ, ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ സേവനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കൽ തുടങ്ങിയവയും അതോറിറ്റിയുടെ ചുമതലകളിൽ ഉൾപ്പെടും.


സമൂഹത്തിലെ മാറ്റങ്ങൾ പഠിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും ഉയർന്നുവരുന്ന സാമൂഹിക പ്രശ്നങ്ങളിൽ നേരത്തേയുള്ള ഇടപെടലുകൾക്ക് സഹായം നൽകുന്നതിനുമായി ‘സോഷ്യൽ ഒബ്സർവേറ്ററി’ സ്ഥാപിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. സാമൂഹികവും മാനുഷികവുമായ കേസുകൾ ഏകോപിതമായി കൈകാര്യം ചെയ്യുന്നതിനായി എമിറേറ്റിലാകെ ഏകീകൃത സംവിധാനം നടപ്പാക്കും.


സാമൂഹിക പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനും അർഹരായ വിഭാഗങ്ങൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനും സമൂഹ വികസന പദ്ധതികൾക്കും ദുരന്ത- അടിയന്തര ഘട്ടങ്ങളിലെ സഹായ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിനുമായി ‘കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഫണ്ട്’ രൂപീകരിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. നിലവിലുള്ള നിയമങ്ങൾക്ക് പകരമായാണ് പുതിയ നിയമം നടപ്പാക്കുന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home