തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ടിവികെ സ്ഥാനാർഥിയാവാൻ രാഘവ ലോറൻസ്?

ചെന്നൈ: തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർഥിയായി പ്രശസ്ത നടനും സാമൂഹിക പ്രവർത്തകനുമായ രാഘവ ലോറൻസ് മത്സരരംഗത്തിറങ്ങുമെന്ന് സൂചനകൾ.
കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിച്ച് വിജയിച്ച തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, പിന്നീട് തിരുച്ചിറപ്പള്ളി ഈസ്റ്റിലെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. ഇതോടെയാണ് ഈ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇവിടെ രാഘവ ലോറൻസിനെ നിർത്തി മണ്ഡലം നിലനിർത്താൻ മുഖ്യമന്ത്രി വിജയ് തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
പ്രശസ്ത താരമായ രാഘവ, ഭിന്നശേഷിക്കാർക്കും ദരിദ്രർക്കും വലിയ രീതിയിൽ സഹായങ്ങൾ നൽകുന്ന ജനസേവകനായും കൂടിയാണ് പൊതുസമൂഹത്തിൽ അറിയപ്പെടുന്നത്. ടിവികെയ്ക്ക് ലോറൻസിനെപ്പോലെയുള്ള ഒരു ജനകീയ മുഖം വലിയ നേട്ടമുണ്ടാക്കുമെന്നും, ജനങ്ങൾ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുമാണ് വിജയ്‌യുടെ രാഷ്ട്രീയ കണക്കുകൂട്ടൽ.
മുഖ്യമന്ത്രി വിജയ്‌യുടെ രാഷ്ട്രീയ നീക്കം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും, കഴിഞ്ഞ മേയ് 9-ന് തന്നെ രാഘവ ലോറൻസ് ടിവികെ സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. അന്ന് വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് 'ജനവിധി എപ്പോഴും മാനിക്കപ്പെടണം' എന്നും, ജനാധിപത്യപരമായ ഈ തീരുമാനത്തെ എതിർത്ത് ഭിന്നതകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ജനരോഷം നേരിടേണ്ടി വരുമെന്നും ലോറൻസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിരുന്നു.










0 comments