ad
Deshabhimani

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ ഒരാൾകൂടി; പത്താമത്തെ അതിഥിയായി 'ഹരിതാംശ്' എത്തി

CHILD- BABY

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 04, 2026, 02:45 PM | 1 min read

കോഴിക്കോട്: അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുരുന്നുകൂടി എത്തി. കഴിഞ്ഞ ഓഗസ്റ്റിൽ നവീകരിച്ച ശേഷം ഇവിടെയെത്തുന്ന പത്താമത്തെ അതിഥിയായ ആൺകുഞ്ഞിന്, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'ഹരിതാംശ്' എന്ന് പേരിട്ടു. ആരോഗ്യപ്രശ്നങ്ങളുള്ള കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.50-ഓടെയാണ് ഒരു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിന്റെ തണലിലെത്തിയത്. കുഞ്ഞെത്തിയതോടെ തൊട്ടിലിനോട് ചേർന്നുള്ള നഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. 2.630 കിലോഗ്രാം തൂക്കമുള്ള ഈ കുരുന്ന്, ഈ വർഷം കോഴിക്കോട് അമ്മത്തൊട്ടിലിൽ എത്തുന്ന പത്താമത്തെ കുട്ടിയും ഏഴാമത്തെ ആൺകുട്ടിയുമാണ്.



ബീച്ച് ആശുപത്രിയിലെ പ്രൈമറി കെയർ യൂണിറ്റിൽ നടത്തിയ ആദ്യഘട്ട പരിശോധനയിൽ കുഞ്ഞിന് ചില ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. ഇതേത്തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നിലവിൽ കുഞ്ഞ് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എത്തിയ കുഞ്ഞിന് 'ഹരിതാംശ്' എന്നാണ് സംസ്ഥാന ശിശുക്ഷേമ സമിതി പേരിട്ടിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home