ad
Deshabhimani

ഭൂമിക്ക് പുതിയ ഭീഷണി; ഡാറ്റാ സെന്ററുകൾ കാരണമായുള്ള പരിസ്ഥിതി ആഘാതം വൻകിട രാജ്യങ്ങൾ സൃഷ്ടിക്കുന്നതിനെക്കാൾ കൂടുതൽ

data centre
വെബ് ഡെസ്ക്

Published on Jun 04, 2026, 02:37 PM | 3 min read

ന്യൂയോർക്ക്: ലോകത്തെ വൻകിട രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിൽ ഡാറ്റാ സെന്ററുകൾ ഭൂമിക്ക് കടുത്ത പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ജനപ്രീതിയും ഉപയോഗവും അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ അടുത്ത നാല് വർഷത്തിനുള്ളിൽ ഡാറ്റാ സെന്ററുകളുടെ ജല-വൈദ്യുതി ഉപയോഗവും അതുവഴിയുണ്ടാകുന്ന മലിനീകരണവും ഇരട്ടിയാകുമെന്ന് യുണൈറ്റഡ് നേഷൻസ് പുറത്തുവിട്ട റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.


വൈദ്യുതി ഉപയോഗവും

കാർബൺ മലിനീകരണവും


കഴിഞ്ഞ വർഷം മാത്രം ലോകമെമ്പാടുമുള്ള ഡാറ്റാ സെന്ററുകൾ 448 ട്രില്യൺ വാട്ട്-അവർ വൈദ്യുതിയാണ് ഉപഭോഗം ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ 10 രാജ്യങ്ങൾ ഒഴികെ മറ്റെല്ലാ രാജ്യങ്ങളുടെയും ഉപയോഗത്തേക്കാൾ കൂടുതലാണിത്.


ഈ ഭീമമായ വൈദ്യുതി ഉൽപ്പാദനം വഴി 208 ദശലക്ഷം ടൺ കാർബൺ ഡയോക്സൈഡ് ($CO_2$) അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടു. ഇത് അർജന്റീന എന്ന രാജ്യം മുഴുവനായി പുറന്തള്ളുന്ന കാർബൺ മലിനീകരണത്തിന് തുല്യമാണ്. കൂടാതെ, ഈ ഊർജ്ജ ഉൽപ്പാദനത്തിനായി മാത്രം 4.5 ട്രില്യൺ ലിറ്റർ വെള്ളം ഉപയോഗിക്കേണ്ടി വന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, ഡാറ്റാ സെന്ററുകൾ തണുപ്പിക്കാൻ നേരിട്ട് ഉപയോഗിക്കുന്ന വലിയ തോതിലുള്ള ജലത്തിന്റെ അളവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.


2030-ഓടെ വരാനിരിക്കുന്ന ഭീഷണി


2030 ആകുമ്പോഴേക്കും ഡാറ്റാ സെന്ററുകൾ ലോകത്തിലെ ആകെ വൈദ്യുതിയുടെ 3 ശതമാനത്തോളം വിഴുങ്ങും. ഇത് 935 ട്രില്യൺ വാട്ട്-അവർ ആണ്. ഡാറ്റാ സെന്ററുകളെ ഒരു രാജ്യമായി കണക്കാക്കിയാൽ, ലോകത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനം ഇതിനായിരിക്കും. ഇത് വഴി പ്രതിവർഷം 440 ദശലക്ഷം ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ കലരും.


നിലവിൽ ഡാറ്റാ സെന്ററുകളിലെ ഊർജ്ജ ഉപയോഗത്തിന്റെ 20 ശതമാനവും AI ആവശ്യങ്ങൾക്കാണ്. എന്നാൽ 2030-ഓടെ ഇത് 40 ശതമാനമായി ഉയരുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനും കാനഡയിലെ യുഎൻ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ കാവെ മദാനി പറഞ്ഞു.


"നമ്മുടെ കൈയിലെ ഫോണിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ പുക ഉയരുന്നില്ല എന്നത് കൊണ്ട് AI തികച്ചും ശുദ്ധമായ ഒന്നാണെന്ന് കരുതരുത്. ഇതിന് പിന്നിൽ വലിയൊരു ഭൗതിക പശ്ചാത്തല സൗകര്യമുണ്ട്. നമ്മൾ കാണാത്ത ഇടങ്ങളിൽ ആരോ ഇതിന്റെ ദുരന്തം അനുഭവിക്കുന്നുണ്ട്." > — കാവെ മദാനി -വാട്ടർ സയന്റിസ്റ്റ്


ഉത്തരം പറയാനാണ്

ഏറ്റവും അധികം ഊര്‍ജം


ഒരു സാധാരണ ഇമെയിൽ സ്പാം ഫിൽട്ടർ ഉപയോഗിക്കുന്നതിനേക്കാൾ 200 മടങ്ങ് കൂടുതൽ ഊർജ്ജം ഒരു ചാറ്റ് ജിപിടി ക്വറിക്ക് ആവശ്യമാണ്. ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുന്ന AI ആണെങ്കിൽ ഊർജ്ജ ഉപഭോഗം ഇതിലും എത്രയോ ഇരട്ടിയാണ്. GPT-3 മോഡൽ പരിശീലിപ്പിക്കാൻ 1.3 ബില്യൺ വാട്ട്-അവർ വൈദ്യുതി വേണ്ടി വന്നപ്പോൾ, അതിന്റെ അടുത്ത വേർഷന് വേണ്ടി വന്നത് 50 മുതൽ 70 ബില്യൺ വാട്ട്-അവർ വരെയാണ്.


ട്രെയിനിംഗിനെക്കാൾ 90 ശതമാനം ഊർജ്ജവും ചെലവാകുന്നത് ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ്. GPT-ക്ക് മാത്രം ദിവസം 2.5 ബില്യൺ പ്രോംപ്റ്റുകൾ ലഭിക്കുന്നുണ്ടെന്ന് ഗവേഷകയായ മിറിയം അക്സൽ ചൂണ്ടിക്കാണിക്കുന്നു.


സാധാരണ പരിഹാരം


AI ഉപയോഗിക്കുമ്പോൾ ചോദിക്കുന്ന ചോദ്യങ്ങളിൽ അനാവശ്യമായ മര്യാദകളും വാക്കുകളും ഒഴിവാക്കി ചുരുക്കത്തിൽ ചോദിച്ചാൽ ഊർജ്ജ ഉപഭോഗം വൻതോതിൽ കുറയ്ക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.


  • ചോദ്യങ്ങളിലെ വാക്കുകളുടെ എണ്ണം 30 ശതമാനം കുറച്ചാൽ, AI ഉപയോഗിക്കുന്ന ഊർജ്ജത്തിൽ 25 ശതമാനം കുറവ് വരുത്താം.

  • ഇത്തരത്തിൽ ലാഭിക്കുന്ന വൈദ്യുതി ആഫ്രിക്കയിലെ 7 ലക്ഷത്തോളം ആളുകൾക്ക് ഒരു വർഷം ഉപയോഗിക്കാൻ തികയുന്നതാണെന്ന് ശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു.

പ്രതികരണവും എതിര്‍ വാദങ്ങളും


സാങ്കേതികവിദ്യ കൂടുതൽ കാര്യക്ഷമമാകുമ്പോൾ അതിന്റെ ഉപയോഗം കൂടുകയും ആകെ ഊർജ്ജ ഉപഭോഗം വർദ്ധിക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇപ്പോൾ നടക്കുന്നത്. പുനരുപയോഗ ഊർജ്ജം ഉപയോഗിക്കുന്നു എന്ന് കമ്പനികൾ അവകാശപ്പെടുന്നുണ്ടെങ്കിലും, അത് മറ്റ് ആവശ്യങ്ങൾക്കുള്ള ശുദ്ധമായ ഊർജ്ജം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

പല പ്രമുഖ കമ്പനികളും തങ്ങളുടെ ഡാറ്റാ സെന്ററുകൾ എവിടെയാണെന്നോ അവ എത്രമാത്രം ഊർജ്ജം ഉപയോഗിക്കുന്നുവെന്നോ വ്യക്തമാക്കാൻ തയ്യാറാകുന്നില്ലെന്ന് കോർണൽ സർവകലാശാലയിലെ പ്രൊഫസർ ഫെങ്ക്വി യു ചൂണ്ടികാട്ടി.


അതേസമയം, AI മനുഷ്യന്റെ ആയുസ്സ് കൂട്ടാനും ദാരിദ്ര്യം കുറയ്ക്കാനും കൃഷി മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ടെന്നും, അതിനാൽ ഈ ഊർജ്ജ നിക്ഷേപം ഭാവിക്ക് ഗുണകരമാണെന്നുമാണ് നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസോസിയേഷൻ പ്രസിഡന്റ് കാലെബ് മാക്സ് വാദിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home