ട്രംപിന്റെ സൈനിക അധികാരം വെട്ടിക്കുറയ്ക്കാൻ യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; റിപ്പബ്ലിക്കൻ പാർടിയിൽ ഭിന്നത

ഡോണാൾഡ് ട്രംപ് (ഇടത്) യുഎസ് ജനപ്രതിനിധി സഭ (വലത്) | Photo:Wikipedia,Screengrab BBC
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ സ്വീകരിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ (ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ്) പാസാക്കി. 208 വോട്ടുകൾക്കെതിരെ 215 വോട്ടുകൾക്കാണ് പ്രമേയം വിജയകരമായി മറികടന്നത്. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നാല് ഭരണകക്ഷി (റിപ്പബ്ലിക്കൻ) അംഗങ്ങൾ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് ട്രംപിനെതിരെ വോട്ട് രേഖപ്പെടുത്തിയത് തിരിച്ചടിയായി. ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ യുദ്ധത്തോടുള്ള പരസ്യമായ വിയോജിപ്പാണ് ജനപ്രതിനിധികൾ പ്രകടിപ്പിച്ചത്.
യുദ്ധാധികാര പ്രമേയം (വാർ പവേഴ്സ് റെസല്യൂഷൻ) കോൺഗ്രസിൽ അംഗീകരിക്കുന്നതിലൂടെ ഇറാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനോ, അല്ലെങ്കിൽ യുദ്ധം തുടരുന്നതിനായി കോൺഗ്രസിന്റെ (യുഎസ് പാർലമെന്റ്) മുൻകൂർ അനുമതി വാങ്ങാനോ ട്രംപ് നിർബന്ധിതനാകും. പ്രമേയം പാസായെങ്കിലും നിയമസാധുതയെച്ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നു. പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്താനുള്ള ഭരണഘടനാ വിരുദ്ധമായ ശ്രമമാണിതെന്ന് ആരോപിച്ചാണ് വൈറ്റ് ഹൗസ് പ്രമേയത്തെ തള്ളിക്കളത്. എന്നാൽ, യുദ്ധത്തെത്തുടർന്ന് രാജ്യാന്തര തലത്തിൽ ഇന്ധനവില കുതിച്ചുയരുന്നതിനാലും അമേരിക്കൻ ജനതയ്ക്കുള്ളിൽ യുദ്ധവിരുദ്ധ മനോഭാവം ശക്തമാകുന്നതിനാലും, സൈനിക നടപടികൾ അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന്മേൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ ഈ വോട്ടെടുപ്പ് വഴി സാധിക്കും.
ട്രംപിന്റെ യുദ്ധാധികാരങ്ങൾ നിയന്ത്രിക്കാൻ ജനപ്രതിനിധി സഭ നടത്തുന്ന നാലാമത്തെ ശ്രമമാണിത്. യുഎസ് സെനറ്റ് മേയ് മാസത്തിൽ സമാനമായ ഒരു പ്രമേയം മുന്നോട്ട് വച്ചിരുന്നെങ്കിലും ഇതുവരെ അവിടെ പൂർണമായ വോട്ടെടുപ്പ് നടന്നിട്ടില്ല. രണ്ട് സഭകളും സംയുക്തമായി പാസാക്കേണ്ട 'കൺകറന്റ് റെസല്യൂഷൻ' ആയതിനാൽ, റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റും ഇത് പാസാക്കുകയാണെങ്കിൽ ഈ പ്രമേയത്തിൽ പ്രസിഡന്റിന്റെ ഒപ്പ് ആവശ്യമില്ല. എങ്കിലും ഇത് കോടതിയിൽ വലിയ നിയമപരമായ വെല്ലുവിളികൾ നേരിട്ടേക്കാം.
ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ പൂർണമായി പുറത്തുകൊണ്ടുവരുന്നതായിരുന്നു ബുധനാഴ്ചത്തെ വോട്ടെടുപ്പ്. രാഷ്ട്രീയ സഖ്യകക്ഷികൾക്കായി ട്രംപ് ഭരണകൂടം ലക്ഷ്യമിട്ടിരുന്ന 1.8 ബില്യൺ ഡോളറിന്റെ ഫണ്ട് പദ്ധതിയിൽ നിന്ന് പാർട്ടിയിലെ യാഥാസ്ഥിതികരുടെ കടുത്ത എതിർപ്പിനെത്തുടർന്ന് പിന്മാറേണ്ടി വന്ന് ദിവസങ്ങൾക്കകമാണ് ട്രംപിന് അടുത്ത തിരിച്ചടി നേരിട്ടത്. റിപ്പബ്ലിക്കൻ അംഗങ്ങളായ തോമസ് മാസി, ബ്രയാൻ ഫിറ്റ്സ്പാട്രിക്, ടോം ബാരറ്റ്, വാറൻ ഡേവിഡ്സൺ എന്നിവരാണ് ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. മുൻപ് ഇത്തരം പ്രമേയങ്ങളെ എതിർത്തിരുന്ന ഡെമോക്രാറ്റ് അംഗം ജാരെഡ് ഗോൾഡനും ഇത്തവണ പ്രമേയത്തെ പിന്തുണച്ചു.
ട്രംപ് ഇറാനിൽ നടത്തുന്നത് നിയമവിരുദ്ധവും ഭാരിച്ചതുമായ യുദ്ധമാണെന്നും അത് എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള ആദ്യ പടിയാണ് ഈ വോട്ടെടുപ്പെന്നും ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റിയിലെ പ്രമുഖ ഡെമോക്രാറ്റ് അംഗം ഗ്രിഗറി മീക്സ് വിശേഷിപ്പിച്ചു. യുദ്ധത്തിന്റെ പ്രക്യാപിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്നും, ആഭ്യന്തരമായി ഇന്ധനവില വർദ്ധിപ്പിക്കാനും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാക്കാനും മാത്രമേ ഈ യുദ്ധം ഉപകരിച്ചുള്ളൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ വ്യോമാക്രമണം നടത്തിയത്. ഇതിന് മറുപടിയായി ഇറാൻ ഇസ്രായേലിനും ഗൾഫിലെ യുഎസ് സഖ്യരാജ്യങ്ങൾക്കും നേരെ തിരിച്ചടി നൽകുകയും ആഗോള കപ്പൽ ഗതാഗതത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തു. തുടർന്ന് ഏപ്രിലിൽ ഇറാന്റെ തീരങ്ങളിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകൾക്ക് അമേരിക്ക കർശനമായ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഏപ്രിൽ 8ന് ഇരുരാജ്യങ്ങളും പ്രാഥമിക വെടിനിർത്തൽ കരാറിലെത്തിയിരുന്നുവെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലും അമേരിക്ക ഇറാനിൽ ആക്രമണം തുടർന്നിരുന്നു. ഇതിന് തിരിച്ചടിയായി യുഎസ് സഖ്യകക്ഷിയായ കുവൈറ്റിന് നേരെ ടെഹ്‌റാൻ ആക്രമണം നടത്തി. അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ വളരെ നന്നായി പുരോഗമിക്കുകയാണെന്നും ഈ വാരാന്ത്യത്തോടെ അന്തിമ കരാർ ഒപ്പിടാനാകുമെന്നുമാണ് വോട്ടെടുപ്പിന് തൊട്ടുമുമ്പ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇറാനിൽ നടത്തിയതെന്നും, എന്നാൽ ഇരുവിഭാഗവും വലിയ നാശനഷ്ടങ്ങളില്ലാതെ എത്രയും വേഗം സമാധാന കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.










0 comments