ഇസ്രായേൽ-ലെബനൻ വെടിനിർത്തൽ കരാർ പുതുക്കുന്നു; ഹിസ്ബുള്ളയ്ക്ക് കർശന വിലക്ക്

വാഷിംഗ്ടണിൽ നടന്ന ഇസ്രായേൽ - ലെബനൻ ചർച്ചയിൽ നിന്ന് | Photo:Reuters
വാഷിംഗ്ടൺ : ഇസ്രായേലും ലെബനനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ പുതുക്കാനും ലെബനന്റെ ഉള്ളിൽ ഹിസ്ബുള്ള ഭീകരർക്ക് വിലക്കുള്ള നിരവധി 'പൈലറ്റ്' സുരക്ഷാ മേഖലകൾ സ്ഥാപിക്കാനും ധാരണയായതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. യുഎസ് മധ്യസ്ഥതയിൽ നടന്ന നാലാം വട്ട ചർച്ചകൾക്കൊടുവിലാണ് ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തിയത്.
ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുള്ളയുടെ ആക്രമണങ്ങൾ പൂർണമായി അവസാനിച്ചാൽ മാത്രമേ ഈ കരാർ നിലനിൽക്കൂ എന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ലെബനന്റെ ഭാവി ഏതെങ്കിലും രാജ്യമോ സായുധ സംഘടനയോ തടവിലാക്കുന്നതിനെ ചർച്ചയിൽ പങ്കെടുത്ത മൂന്ന് രാജ്യങ്ങളും തള്ളിക്കളഞ്ഞു. കൂടുതൽ ചർച്ചകൾക്കായി ജൂൺ 22ന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ വീണ്ടും യോഗം ചേരും.
ഇസ്രായേലിൽ ഭിന്നത, ഹിസ്ബുള്ളയുടെ നിലപാട്
പുതിയ കരാറിനെതിരെ ഇസ്രായേൽ ഭരണകൂടത്തിൽ ഭിന്നത രൂക്ഷമാണ്. ഈ കരാർ ഒരു വലിയ തെറ്റാണെന്നും ഇത് ഹിസ്ബുള്ളയ്ക്ക് കൂടുതൽ ശക്തിയാർജ്ജിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ കുറ്റപ്പെടുത്തി. അതേസമയം, ഈ ചർച്ചകൾ തങ്ങളെ ബാധിക്കുന്നതല്ലെന്നും ഇതിലെ തീരുമാനങ്ങളെ അംഗീകരിക്കുന്നില്ലെന്നുമാണ് ഹിസ്ബുള്ള രാഷ്ട്രീയ കൗൺസിൽ അംഗം മഹ്മൂദ് ഖമാതി പ്രതികരിച്ചത്.
ബെയ്റൂത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തില്ലെന്ന ഉറപ്പിലാണ് തങ്ങൾ ആക്രമണം നടത്താത്തതെന്ന് ഹിസ്ബുള്ള വ്യക്തമാക്കുമ്പോൾ, ഹിസ്ബുള്ള അതിർത്തി കടന്ന് ആക്രമിച്ചാൽ ബെയ്റൂത്തിലെ അവരുടെ ശക്തി കേന്ദ്രമായ ദാഹിയയിൽ വീണ്ടും ബോംബാക്രമണം നടത്തുമെന്ന് ഇസ്രായേലും മുന്നറിയിപ്പ് നൽകി. മേഖലയിലെ യുദ്ധം പൂർണമായി അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കങ്ങൾ. ലെബനനിലെ ആക്രമണം തുടർന്നാൽ യുദ്ധം ശക്തമാക്കാൻ തങ്ങളും സജ്ജമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും മുന്നറിയിപ്പ് നൽകി.
ലെബനനിൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ നീക്കങ്ങൾ
വെടിനിർത്തൽ ധാരണകൾക്കിടയിലും ബുധനാഴ്ചയും വ്യാഴാഴ്ചയും തെക്കൻ ലെബനനിൽ ഇസ്രായേൽ രൂക്ഷമായ വ്യോമാക്രമണങ്ങൾ നടത്തി. ടൈർ നഗരത്തിന് തെക്കുള്ള അൽ-ഹൂഷ് മേഖലയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാല് സിറിയൻ പൗരന്മാരും രണ്ട് ഫലസ്തീനികളും ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടു. ചേഹൂർ മേഖലയിൽ ഇസ്രായേൽ സൈന്യം ആംബുലൻസ് നേരിട്ട് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ രണ്ട് പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ ഇസ്രായേൽ വെല്ലുവിളിക്കുകയാണെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 128 ആരോഗ്യപ്രവർത്തകരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇതിനുപുറമേ നബാതിയയിൽ ഇസ്രായേൽ ഡ്രോൺ നടത്തിയ ആക്രമണത്തിൽ ഒരു ലെബനീസ് സൈനികൻ കൊല്ലപ്പെടുകയും മറ്റ് രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. തങ്ങളുടെ സൈനികരെയും വാഹനങ്ങളെയും ഇസ്രായേൽ ബോധപൂർവം ലക്ഷ്യമിടുകയാണെന്ന് ലെബനൻ സൈന്യം ആരോപിച്ചു. ഇസ്രായേലിന്റെ വെടിനിർത്തൽ ലംഘനത്തിന് മറുപടിയായി വടക്കൻ ഇസ്രായേലിലെ സൈനികർക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുള്ളയും സ്ഥിരീകരിച്ചു.
അമേരിക്ക, ഇസ്രായേൽ, ഇറാൻ യുദ്ധത്തിനിടയിൽ മാർച്ച് 2നാണ് ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതോടെയാണ് ലെബനനും ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. മൂന്ന് മാസത്തിനിടെ ലെബനനിൽ 3,516ലധികം ആളുകൾ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം പേർ ജൂതവിഭാഗത്തിന്റെ ഒഴിപ്പിക്കൽ ഉത്തരവുകളെത്തുടർന്ന് അഭയാർഥികൾ ആകേണ്ടി വരികയും ചെയ്തു. തങ്ങളുടെ 26 സൈനികരും 4 സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് ഇസ്രായേലിന്റെ കണക്ക്.









0 comments