"സീറ്റ് കവറും ഫ്ലോർ മാറ്റും വെക്കാൻ അനുവദിച്ച പൂക്കി മുഖ്യമന്ത്രിക്ക് നന്ദി"; വാഹന മോഡിഫിക്കേഷനിൽ ട്രോളോട് ട്രോൾ

തിരുവനന്തപുരം: വാഹന മോഡിഫിക്കേൻ എന്ന പേരിൽ പഴയ നിർദേശങ്ങൾ വീണ്ടും അവതരിപ്പിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിൽ സോഷ്യൽമീഡിയയിൽ വ്യാപക ട്രോൾ. "പിള്ളേര് മോഡിഫൈ ചെയ്യട്ടെ" എന്ന് പറഞ്ഞായിരുന്നു യുവാക്കളെയടക്കം തെറ്റിധരിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ശ്രമിച്ചത്. പിആർ ഏജൻസികളെ ഉപയോഗിച്ച് സോഷ്യൽമീഡിയയിൽ വൻ തോതിൽ പ്രചാരണവും നടത്തി. യുഡിഎഫ് അനുകൂല മാധ്യമങ്ങളാകട്ടെ സതീശനെ പൂക്കി മുഖ്യമന്ത്രി എന്നുപോലും വിശേഷിപ്പിച്ചു.
എന്നാൽ വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് (എംവിഡി) സർക്കാരിന് നൽകിയ നിർദേശങ്ങൾ പുറത്തുവന്നതോടെ, സതീശന്റെ വാക്ക് വെറും തള്ള് മാത്രമായിരുന്നുവെന്ന് പലരും തിരിച്ചറിഞ്ഞു. വാഹനങ്ങൾക്ക് 18 തരം മാറ്റങ്ങൾ ആകാമെന്നാണ് എംവിഡി നിർദേശിച്ചിട്ടുള്ളത്. എന്നാൽ ഇവയെല്ലാം തന്നെ നേരത്തെ മുതൽ അനുവദനീയമായ മാറ്റങ്ങളാണ്.
സീറ്റ് കവറും സ്റ്റിയറിംഗിൽ വീൽ കവറും മാറ്റാം, എയർ മാറ്റ് വെക്കാം, ഡാഷ് ക്യാമറയും റിവേഴ്സ് ക്യാമറയും വെക്കാം തുടങ്ങിയവയാണ് അനുമതി ആവശ്യമില്ലാത്ത മാറ്റങ്ങളായി നിർദേശിച്ചിട്ടുള്ളത്. അനുവദനീയമായ തോതിൽ കൂളിങ് ഫിലിം ഒട്ടിക്കാമെന്ന നിർദേശവും നിലവിലുള്ളതാണ്. ആർസിയിൽ മാറ്റംവരുത്തി ചെയ്യാമെന്ന് നിർദേശിച്ചിട്ടുള്ള ആറ് തരം മോഡിഫിക്കേഷനുകളും നേരത്തെ മുതലുള്ളവയാണ്. വാഹനത്തിന്റെ നിറം മാറ്റൽ, എൽപിജി / സിഎൻജി കിറ്റ് വെക്കൽ, ഭിന്നശേഷി സൗഹൃദ വാഹനമാക്കൽ- തുടങ്ങിയവയാണ് ഈ ഗണത്തിൽ നിർദേശിച്ചിട്ടുള്ളത്. ആർടി ഓഫീസിൽ അപേക്ഷ നൽകി, നിശ്ചിത ഫീസ് അടച്ച് ഈ മാറ്റങ്ങളൊക്കെയും മുൻപും വരുത്താമായിരുന്നതാണ്.
ഗതാഗത കമീഷണർ തയ്യാറാക്കിയ റിപ്പോർട്ട് മാധ്യമങ്ങളിൽ പുറത്തുവന്നതോടെ മുഖ്യമന്ത്രി 'എയറിലായി'. വലിയ പരിഹാസങ്ങളും ട്രോളുകളുമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. "അപ്പോൾ ഇത്രയും നാൾ ഞാൻ ഉപയോഗിച്ചിരുന്നത് മോഡിഫൈ ചെയ്ത വണ്ടി ആയിരുന്നോ, ഷാംപൂ ഇട്ട് കഴുകാൻ അനുവദിച്ചതിൽ പൂക്കി മുഖ്യമന്ത്രിക്ക് നന്ദി, ഇനി വേണം സീറ്റ് കവർ മാറ്റാൻ, മുന്തിരിയുടെ കീച്ചെയ്ൻ വാങ്ങാമോ?"- ഇങ്ങനെ പോകുന്നു ട്രോളുകൾ.


ഗതാഗത കമീഷണർ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആൾട്രേഷന്‍ വിഭാഗം സെക്ഷന്‍ 52നെ കുറിച്ച് പരാമര്‍ശമില്ല. ഇതിലാണ് വാഹനത്തിന്റെ ഘടനാപരമായ മാറ്റങ്ങൾ വരുന്നത്. ഗതാഗത കമീഷണർ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും.










0 comments