ad
Deshabhimani

തൃശൂർ മെഡിക്കൽ കോളേജിലെ സുരക്ഷാവീഴ്ച

പാമ്പിനെ ചവിട്ടിയാൽ തിരിഞ്ഞു കൊത്തും; ആരോഗ്യ മന്ത്രിയുടെ വിചിത്ര വാദം നിയമസഭയിൽ

murali

കെ മുരളീധരൻ |Photo Screengrab

വെബ് ഡെസ്ക്

Published on Jun 04, 2026, 02:36 PM | 1 min read

തിരുവനന്തപുരം : തൃശൂർ മെഡിക്കൽ കോളേജ് കാമ്പസിൽ പിജി വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റ ഗുരുതരമായ സുരക്ഷാവീഴ്ചയെ നിസാരവൽക്കരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ. കാമ്പസിനകത്ത് വിദ്യാർഥികൾക്ക് സുരക്ഷിതമായി നടക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ്, പാമ്പുകടിയേറ്റത് ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ വെച്ചല്ലെന്ന വിചിത്ര ന്യായീകരണവുമായി മന്ത്രി രംഗത്തെത്തിയത്.


കഴിഞ്ഞ മുപ്പതാം തീയതിയാണ് മെഡിക്കൽ കോളേജുകൾ വൃത്തിയാക്കുന്നതിനുള്ള ശുചീകരണ പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി തൃശൂർ മെഡിക്കൽ കോളേജ് കാമ്പസിലെ കാടുകൾ വെട്ടിത്തെളിച്ചപ്പോൾ അവിടെയുണ്ടായിരുന്ന പാമ്പ് രക്ഷപെട്ട് കാറിന്റെ ടയറിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു എന്നും, തുടർന്ന് കാറിൽ കയറാനെത്തിയ പിജി വിദ്യാർഥിനി അബദ്ധത്തിൽ ഈ പാമ്പിന്റെ പുറത്ത് ചവിട്ടിയതുകൊണ്ടാണ് പാമ്പ് കൊത്തിയതെന്നാണ് മന്ത്രിയുടെ വാദം. പാമ്പിനെ ചവിട്ടിയാൽ തിരിച്ചു കൊത്തുക സ്വാഭാവികമല്ലേ എന്ന രീതിയിലായിരുന്നു മന്ത്രിയുടെ വിശദീകരണം.


കാമ്പസിനുള്ളിൽ കാടുകൾ വെട്ടിത്തെളിക്കുമ്പോൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതാണ് പാമ്പ് വിദ്യാർഥിനിയുടെ കാറിനടുത്തേക്ക് വരാൻ കാരണം എന്ന യാഥാർത്ഥ്യം മറച്ചുവെച്ചാണ് മന്ത്രിയുടെ പ്രതികരണം. ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത് പോലെ ഓപ്പറേഷൻ തിയേറ്ററിനകത്ത് വെച്ചല്ല ഡോക്ടർക്ക് പാമ്പുകടിയേറ്റതെന്നും, അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ചാനലുകൾ അത് വലിയ വാർത്തയാക്കുമായിരുന്നില്ലേ എന്നാണ് മന്ത്രിയുടെ വാദം. കാമ്പസിലെ സുരക്ഷാ പാളിച്ചകൾ പരിഹരിക്കുന്നതിന് പകരം സംഭവം നടന്ന സ്ഥലത്തെച്ചൊല്ലി തർക്കിക്കാനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുമാണ് അധികൃതർ ശ്രമിക്കുന്നത് എന്ന ആക്ഷേപം ഇതോടെ ശക്തമായിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home