ad
Deshabhimani

അതും വെറുംവാക്കായി; വാഹന മോഡിഫിക്കേഷനിൽ നിർദേശങ്ങളെല്ലാം നിലവിലുള്ളത് തന്നെ

MVD Kerala V D Satheesan

വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Jun 04, 2026, 01:53 PM | 2 min read

തിരുവനന്തപുരം: വാഹനങ്ങൾക്ക് കൂടുതല്‍ മോഡിഫിക്കേഷൻ ആകാമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാക്ക്, വെറും വാക്കായി മാറുന്നു. വാഹനങ്ങൾക്ക് 18 തരം മാറ്റങ്ങൾ ആകാമെന്നാണ് മോട്ടോർ വാഹന വകുപ്പ് (എംവിഡി) നിർദേശിച്ചിട്ടുള്ളത്. എന്നാൽ ഇവയെല്ലാം തന്നെ നേരത്തെ മുതൽ അനുവദനീയമായ മാറ്റങ്ങളാണ്. വാഹനപ്രേമികളെ, പ്രത്യേകിച്ച് യുവാക്കളെ വ്യാജവാ​ഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നു സതീശൻ എന്ന് ഇതിലൂടെ വ്യക്തമായി.


സീറ്റ് കവറും സ്റ്റിയറിംഗിൽ വീൽ കവറും മാറ്റാം, എയർ മാറ്റ് വെക്കാം, ഡാഷ് ക്യാമറയും റിവേഴ്സ് ക്യാമറയും വെക്കാം തുടങ്ങിയവയാണ് അനുമതി ആവശ്യമില്ലാത്ത മാറ്റങ്ങളായി നിർദേശിച്ചിട്ടുള്ളത്. അനുവദനീയമായ തോതിൽ കൂളിങ് ഫിലിം ഒട്ടിക്കാമെന്ന നിർദേശവും നിലവിലുള്ളതാണ്. ആർസിയിൽ മാറ്റംവരുത്തി ചെയ്യാമെന്ന് നിർദേശിച്ചിട്ടുള്ള ആറ് തരം മോഡിഫിക്കേഷനുകളും നേരത്തെ മുതലുള്ളവയാണ്. വാഹനത്തിന്റെ നിറം മാറ്റൽ, എൽപിജി / സിഎൻജി കിറ്റ് വെക്കൽ, ഭിന്നശേഷി സൗഹൃദ വാഹനമാക്കൽ- തുടങ്ങിയവയാണ് ഈ ​ഗണത്തിൽ നിർദേശിച്ചിട്ടുള്ളത്. ആർടി ഓഫീസിൽ അപേക്ഷ നൽകി, നിശ്ചിത ഫീസ് അടച്ച് ഈ മാറ്റങ്ങളൊക്കെയും മുൻപും വരുത്താമായിരുന്നതാണ്.


​ഗതാ​ഗത കമീഷണർ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആൾട്രേഷന്‍ വിഭാഗം സെക്ഷന്‍ 52നെ കുറിച്ച് പരാമര്‍ശമില്ല. ഇതിലാണ് വാഹനത്തിന്റെ ഘടനാപരമായ മാറ്റങ്ങൾ വരുന്നത്. ​ഗതാ​ഗത കമീഷണർ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും.


​ഗതാ​ഗത കമീഷണറുടെ നിർദേശങ്ങൾ


അനുമതിയില്ലാതെ 18 തരം മോഡിഫിക്കേഷനുകൾ


* സീറ്റ് കവർ

* എയർ മാറ്റ്

* സ്റ്റിയറിംഗിൽ വീൽ കവർ

* ക്രോം ഗാർണിഷ്

* ഡോർ വൈസറുകൾ

* മഡ് ഫ്ലാപ്പുകൾ

* ബോഡി സ്റ്റിക്കറുകൾ

* ഇന്റീരിയർ ആംബിയന്റ് ലൈറ്റിംഗ്

* ഡാഷ് ക്യാമറ

* റിവേഴ്സ് ക്യാമറ

* പാർക്കിംഗ് സെൻസർ

* ജിപിഎസ് ട്രാക്കർ

* ആൻഡ്രോയിഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം

* അഡിഷണൽ സ്പീക്കറുകൾ

* സബ്വൂഫർ മോണിറ്ററിന്റെ സിസ്റ്റം

* ടോ ഹുക്കുകൾ

* റൂഫ് കാരിയറുകൾ

* 50 ശതമാനം സുതാര്യമായ സൺ ഫിലിം


ആർസിയിൽ മാറ്റം വരുത്തി ചെയ്യാവുന്ന മോഡിഫിക്കേഷനുകൾ


* വാഹനത്തിന്റെ നിറം മാറ്റൽ

* എൻജിൻ മാറ്റൽ

* എൽപിജി / സിഎൻജി കിറ്റ് വെക്കൽ

* ഇലക്ട്രിക്കാക്കി മാറ്റൽ

* ഭിന്നശേഷി സൗഹൃദ വാഹനമാക്കൽ

* ചാസി ഫ്രെയിം മാറ്റൽ


വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും അതിന് ശേഷവും പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് വലിയ പ്രചാരണമാണ് സതീശന്‍ നടത്തിയത്. പറഞ്ഞതെല്ലാം വെറും പിആര്‍ തള്ള് മാത്രമായിരുന്നോ എന്ന വിമര്‍ശനം ഇപ്പോള്‍ ഉയരുന്നുണ്ട്.


വാഹനങ്ങളുടെ ഘടനയിലും എൻജിനിലും വരുത്തുന്ന മാറ്റങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്ര നിയമമായ മോട്ടോർ വെഹിക്കിൾ ആക്ട് ആണ്. കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ ഈ നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. വാഹനം നിർമിച്ച കമ്പനി നൽകുന്ന സാങ്കേതിക മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ നിലവിലെ നിയമം അനുവദിക്കുന്നില്ല. സുരക്ഷാ കാരണങ്ങളാൽ വാഹനങ്ങളിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതെല്ലാം മറച്ചുവെച്ചാണ് മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് സതീശൻ അവകാശപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home