ഒടുവിൽ ആശ്വാസം
തിരൂരങ്ങാടിയിൽ ലേണിങ്, ഡ്രൈവിങ് ടെസ്റ്റുകൾ വർധിപ്പിച്ചു


സ്വന്തം ലേഖകൻ
Published on Aug 06, 2026, 12:58 AM | 2 min read
തിരൂരങ്ങാടി
തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ ലൈസൻസ് ലഭിക്കാനുള്ള ലേണിങ് പരീക്ഷയ്‌ക്കും ഡ്രൈവിങ് പരീക്ഷയ്‌ക്കും നേരിട്ട കാലതാമസത്തിന് താൽക്കാലിക പരിഹാരം. സബ് ആർടിഒ ഓഫീസിൽ ലേണിങ് ടെസ്റ്റിന്റെയും ഡ്രൈവിങ് പരീക്ഷയുടെയും എണ്ണം വർധിപ്പിച്ചതോടെയാണ് പരിഹാരമായത്. ഓഫീസിലേക്ക് കഴിഞ്ഞ എൽഡിഎഫ് സർക്കാർ അനുവദിച്ച അഞ്ച് പുതിയ തസ്തികകളിൽ രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ചുമതലയേറ്റതോടെയാണ് അധിക ബാച്ചുകൾ അനുവദിച്ച് സേവനം വിപുലീകരിച്ചത്. നിലവിൽ പ്രതിദിനം 90 പേർക്കായി നടത്തിയിരുന്ന ലേണിങ് ടെസ്റ്റ് 150 ആയി ഉയർത്തി. 80 പേർക്കായി നടത്തിയിരുന്ന ഡ്രൈവിങ് ടെസ്റ്റും 150 ആക്കി. നിലവിൽ ആഴ്ചയിൽ നാല് ദിവസമായിരുന്ന ലേണിങ്, ഡ്രൈവിങ് ടെസ്റ്റുകൾ അഞ്ച് ദിവസങ്ങളിലും നടത്തും. പരിവാഹൻ പോർട്ടലിൽ 90 ദിവസത്തിനുള്ളിലെ സ്ലോട്ടുകൾമാത്രമാണ് തുറന്നിരുന്നത്. അപേക്ഷകരുടെ എണ്ണം കുത്തനെ വർധിച്ചതോടെ ലഭ്യമായ എല്ലാ തീയതികളും വളരെ വേഗത്തിൽ നിറയുകയും നിരവധി പേർക്ക് മാസങ്ങളോളം ടെസ്റ്റ് തീയതി ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു. രാവിലെ ഒമ്പതിന് സ്ലോട്ടുകൾ തുറന്നാൽ 15 മിനിറ്റിനകംതന്നെ ബുക്കിങ് പൂർത്തിയാകുന്ന സാഹചര്യമായിരുന്നു.
തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങൾക്കും കോട്ടക്കൽ മണ്ഡലത്തിന്റെ ചില ഭാഗങ്ങൾക്കും സേവനം നൽകുന്ന തിരൂരങ്ങാടി സബ് ആർടിഒ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഓഫീസുകളിൽ ഒന്നാണ്. വേങ്ങര, തേഞ്ഞിപ്പലം, തിരൂരങ്ങാടി, പരപ്പനങ്ങാടി, കോട്ടക്കൽ പൊലീസ് സ്റ്റേഷൻ പരിധികളിലെ ആയിരക്കണക്കിന് വാഹന ഉടമകളും അപേക്ഷകരും ഈ ഓഫീസിനെയാണ് ആശ്രയിക്കുന്നത്.
ജീവനക്കാരുടെ അപര്യാപ്തതമൂലം സേവനങ്ങൾ വൈകുന്നതും ലേണിങ്, ഡ്രൈവിങ് ടെസ്റ്റുകൾക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതും സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
വേണം അടിസ്ഥാന സൗകര്യങ്ങൾകൂടി
ലേണിങ് ലൈസൻസ്, ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചതിലൂടെ അപേക്ഷകർക്ക് ആശ്വാസമായെങ്കിലും തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സേവനങ്ങളെ പ്രതികൂലമായി ബാധിക്കും. കാലപ്പഴക്കംചെന്ന കംപ്യൂട്ടറുകൾ, സ്ഥിരതയില്ലാത്ത ഇന്റർനെറ്റ് സംവിധാനം, ജനറേറ്ററിന്റെയും യുപിഎസിന്റെയും അഭാവം എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ.
ഓഫീസ് ആരംഭിച്ചകാലംമുതലുള്ള കംപ്യൂട്ടറുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇതുമൂലം ലേണിങ് ടെസ്റ്റിനിടയിലും ഓഫീസ് പ്രവർത്തനങ്ങൾക്കിടയിലും സാങ്കേതിക തകരാറുകളും നെറ്റ് തടസ്സങ്ങളും പതിവാണ്. വൈദ്യുതി മുടങ്ങിയാൽ ബദൽ സംവിധാനങ്ങളില്ലാത്തതിനാൽ ലേണിങ് ടെസ്റ്റുകൾ വൈകുകയോ ചിലപ്പോൾ മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ട സാഹചര്യമോ ഉണ്ടാകുന്നുണ്ട്. ഇടക്കിടെ ഇന്റർനെറ്റ് ബന്ധം നിലയ്ക്കുന്നതും അപേക്ഷകരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ പ്രയാസത്തിലാക്കുകയാണ്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്നാണ് അപേക്ഷകരുടെയും ജീവനക്കാരുടെയും ആവശ്യം.










0 comments