കാലവർഷം കേരളത്തിലെത്തി; ഇനി മഴക്കാലം: എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി ജൂൺ 1നാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ സാധാരണയെക്കാൾ 3 ദിവസം വൈകിയാണ് കാലവർഷം എത്തിയത്. തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും, മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ് മുഴുവനായും, കേരളം, മാഹി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. കർണാടക, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലേക്കും, കന്യാകുമാരി മേഖലയുടെ ബാക്കി ഭാഗങ്ങളിലും, ബംഗാൾ ഉൾക്കടലിന്റെ തെക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കും കാലവർഷം എത്തി.
അടുത്ത 2-3 ദിവസങ്ങളിൽ മധ്യ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ഗോവ പൂർണ്ണമായും, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങൾ. കർണാടകയുടെ കൂടുതൽ ഭാഗങ്ങളും തമിഴ്‌നാടിന്റെ ബാക്കി ഭാഗങ്ങളും. ബംഗാൾ ഉൾക്കടലിന്റെ മധ്യ-വടക്കുകിഴക്കൻ മേഖലകളും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലേക്കും വ്യാപിക്കാൻ സാധ്യത.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി താഴെ പറയുന്ന അന്തരീക്ഷ മാറ്റങ്ങൾ രേഖപ്പെടുത്തിയതിനാലാണ് കാലവർഷം കേരളത്തിൽ എത്തിയതായി കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്:
മേഘാവൃതം: തെക്കുകിഴക്കൻ അറബിക്കടലിൽ കാർമേഘങ്ങളുടെ സാന്നിധ്യം ശക്തമായി വർദ്ധിച്ചു.
പടിഞ്ഞാറൻ കാറ്റിന്റെ വ്യാപ്തി : തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ പടിഞ്ഞാറൻ കാറ്റിന്റെ (Westerlies) വ്യാപ്തി സമുദ്രനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരം വരെ എത്തി.
കാറ്റിന്റെ വേഗത: അന്തരീക്ഷത്തിന്റെ താഴ്ന്ന തട്ടുകളിൽ പടിഞ്ഞാറൻ കാറ്റിന്റെ വേഗത ഏകദേശം 20 മുതൽ 25 നോട്ട്സ് (Knots) വരെയായി ഉയർന്നു.
മഴയുടെ ലഭ്യത: കഴിഞ്ഞ 2 ദിവസമായി കേരളത്തിൽ ഉടനീളം വ്യാപകമായ മഴയും, ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും രേഖപ്പെടുത്തി.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ള എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.









0 comments