ഫോൺ ആപ്പ് വഴി ലിംഗനിർണ്ണയം; പെൺ ഭ്രൂണഹത്യാ സംഘം പൊലീസ് വലയിൽ

പൂനെ: മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ച പോർട്ടബിൾ അൾട്രാസൗണ്ട് ഉപകരണം ഉപയോഗിച്ച് ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയം നടത്തിനൽകുന്ന നിഗൂഢ സംഘങ്ങൾ രംഗത്ത്. പെൺഭ്രൂണഹത്യ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വലിയൊരു 'റെഫറൽ' ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ അന്വേഷണ സംഘം കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ടാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള പ്രധാന പ്രതിയേയും ഒരു ആയുർവേദ ഡോക്ടറേയും പോലീസ് അറസ്റ്റ് ചെയ്തു.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിലൂടെയാണ് ഈ സംഘത്തിന്റെ നിയമവിരുദ്ധ പ്രവർത്തനം വെളിച്ചത്തു വന്നത്. ആരോഗ്യവകുപ്പ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. പെൺ ഭ്രൂണഹത്യ വ്യാപകമായ സ്ഥലങ്ങളിലാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം.
ഹൈ-ടെക് ഉപകരണങ്ങൾ
വ്യാജ ഡോക്ടര്‍
അണ്ണാസാഹേബ് ഗിരി (42) എന്നയാളാണ് കേസിലെ പ്രധാന പ്രതി. യാതൊരുവിധ മെഡിക്കൽ യോഗ്യതയുമില്ലാത്ത ഇയാൾ പന്ത്രണ്ടാം ക്ലാസ്സ് മാത്രമാണ് പാസായിട്ടുള്ളത്. ബി ഫാം കോഴ്സിന് ചേർന്നുവെങ്കിലും ഒന്നാം വർഷം പരാജയപ്പെട്ടതിനെ തുടർന്ന് പഠനം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി.
ചൈനീസ് നിർമ്മിതമായ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ ബ്ലൂടൂത്ത് വഴി മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാണ് ഇയാൾ ലിംഗനിർണ്ണയം നടത്തിയിരുന്നത്. ഈ ഉപകരണം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലിംഗനിർണ്ണയ പരിശോധനയ്ക്കായി 5,000 രൂപ മുതൽ 15,000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. പ്രതിക്ക് ഈ മെഷീൻ എത്തിച്ചുനൽകിയ നരേന്ദ്ര താക്കറെ എന്നയാളെ മറ്റൊരു സമാന കേസിൽ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നു.
ഡോക്ടര്‍മാരുടെ റെഫറൽ ശൃംഖലയും
വാഗോളി സ്വദേശിയായ അതുൽ ജാദവ് എന്ന ബിഎഎംഎസ് ഡോക്ടറെയാണ് കേസിൽ പോലീസ് രണ്ടാമതായി അറസ്റ്റ് ചെയ്തത്. റാക്കറ്റിൽ ഉൾപ്പെട്ട മറ്റ് രണ്ട് ഡോക്ടർമാർ നിലവിൽ ഒളിവിലാണ്. ലിംഗനിർണ്ണയത്തിനായി എത്തുന്ന ഗർഭിണികളെ അണ്ണാസാഹേബ് ഗിരിയുടെ അടുക്കലേക്ക് എത്തിക്കുകയും, പരിശോധനയിൽ പെൺഭ്രൂണമാണെന്ന് കണ്ടെത്തിയാൽ ഗർഭച്ഛിദ്രം ചെയ്യാൻ തയ്യാറുള്ള റാക്കറ്റിലെ മറ്റ് ഡോക്ടർമാർക്ക് കൈമാറുകയും ചെയ്യുന്നതായിരുന്നു ഇവരുടെ പ്രവർത്തന രീതി. ഒരു റഫറൽ ബിസിനസ് ശൃംഖലയായും ഇവര്‍ പ്രവര്‍ത്തിച്ചു.
അങ്ങേയറ്റം രഹസ്യ സ്വഭാവത്തോടെയാണ് ഇടപാടുകൾ. പ്രതി മാസം 30 മുതൽ 50 വരെ സ്ത്രീകളെ പരിശോധിച്ചിരുന്നതായി പൂനെ പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗില്ലിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 2024 മുതൽ ഇയാൾ ഈ രംഗത്ത് സജീവമാണ്.
ഇതുവരെ എത്ര പെൺഭ്രൂണഹത്യകൾ നടന്നിട്ടുണ്ടെന്ന് കൃത്യമായി കണ്ടെത്താൻ ഡിജിറ്റൽ തെളിവുകളും ഫോൺ രേഖകളും പോലീസ് പരിശോധിച്ച് വരികയാണ്. ഈ റാക്കറ്റിൽ പങ്കാളികളായ മറ്റ് ഡോക്ടർമാരെയും ഏജന്റുമാരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.










0 comments