ad
Deshabhimani

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം; വനത്തിൽ തെരച്ചിൽ

Trekking

ബബിത പാണ്ഡെ (ഇടത്)

വെബ് ഡെസ്ക്

Published on Jun 04, 2026, 12:46 PM | 1 min read

ദെഹ്‌റാദൂൺ: ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറു ദിവസം പിന്നിടുന്നു. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് കാണാതായത്. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തെരച്ചിൽ നടത്തി വരികയാണ്. ഉത്തരാഖണ്ഡ് ഉദ്ദംസിങ് നഗർ സ്വദേശി ഹർമൻപാൽ സിങ്, ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശി ഹർമൻപ്രീത് സിങ് എന്നിവർക്കൊപ്പമാണ് ബബിത ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിന് എത്തിയത്.


ബബിതയെ കാണാതായതിനെ തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. മേയ് 25-ന് ദെഹ്‌റാദൂണിൽ നിന്ന് യാത്ര തിരിച്ച മൂവർ സംഘം ഹർസിൽ, ഗംഗോത്രി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് ആദ്യം എത്തിയത്. മേയ് 28-ന് ഇവർ റെയ്ത്താലിൽ എത്തി. ബബിതയുടെ അവസാന സിസിടിവി ദൃശ്യവും ഇവിടെ നിന്നാണ്. പിന്നീട് റെയ്ത്താലിൽ നിന്ന് മൂവരും ദയാറ ബുഗ്യാലിലേക്ക് ട്രക്കിങ് ആരംഭിക്കുകയായിരുന്നു.


യാത്രയ്ക്കിടെ ഗോയ് ബേസ് ക്യാമ്പിലാണ് സംഘം തങ്ങിയത്. എന്നാൽ അർധരാത്രിയോടെ ബബിതയെ കാണാതായി എന്നാണ് സുഹൃത്തുക്കൾ നൽകിയ മൊഴി. പെൺകുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചതിന് പിന്നാലെ പൊലീസും വനംവകുപ്പും തെരച്ചിൽ നടത്തിയിരുന്നു. പിന്നാലെ സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും സംസ്ഥാന-ദേശീയ ദുരന്തനിവാരണ സേനകളും തെരച്ചിലിന്റെ ഭാ​ഗമായി. ഡോഗ് സ്‌ക്വാഡിനെയും ഡ്രോൺ സംവിധാനങ്ങളും എത്തിച്ചു.


എന്നാൽ, ഉൾവനത്തിലും ട്രക്കിങ് പാതകളിലും വനത്തിലെ ഗുഹകളിലും ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും ബബിതയെ കണ്ടെത്താൻ സാധിച്ചില്ല. മുങ്ങൽ വിദഗ്ധരെ എത്തിച്ച് സമീപത്തെ തടാകത്തിലും പരിശോധന നടത്തിയതും വിഫലമായി. ഇതോടെയാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ ആരംഭിച്ചത്. അതേസമയം, പെൺകുട്ടി ഉൾപ്പെടെയുള്ളവർ ട്രക്കിങ്ങിനായി പോയത് വ്യാജ പെർമിറ്റ് ഉപയോഗിച്ചാണെന്നും വിവരമുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home