ഇന്ത്യാ-യു.എസ് വ്യാപാര കരാർ: ശംഭു അതിർത്തിയിൽ കർഷകരെ തടഞ്ഞു; ഡൽഹിയിൽ ഇന്ന് കിസാൻ മഹാപഞ്ചായത്ത്

Photo Credit:NDTV
ന്യൂഡൽഹി: നിർദ്ദിഷ്ട ഇന്ത്യാ-യുഎസ് വ്യാപാര കരാറിനെതിരെ ഡൽഹിയിൽ നടക്കുന്ന കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട പഞ്ചാബിൽ നിന്നുള്ള നൂറുകണക്കിന് കർഷകരെ ഹരിയാന പോലീസ് ശംഭു അതിർത്തിയിൽ തടഞ്ഞു.
ഹരിയാന പ്രവേശന കവാടത്തിലാണ് കർഷകരെ തടഞ്ഞുവെച്ചത്. പഞ്ചാബിന് പുറമെ ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും സമരത്തിൽ പങ്കെടുക്കാനായി ഇതിനകം ദേശീയ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.
ഫെബ്രുവരി 2024-ലെ "ഡൽഹി ചലോ-2" സമരത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ കോൺക്രീറ്റ് ബ്ലോക്കുകളും ഇരുമ്പ് കമ്പികളും മതിൽക്കെട്ടുകളും തീർത്താണ് അതിർത്തി പോലീസ് സുരക്ഷിതമാക്കിയിരിക്കുന്നത്.
ഡൽഹിയിലേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നതോടെ കർഷകർ ശംഭു അതിർത്തിയിൽ തന്നെ പ്രതിഷേധ സമരത്തിന് തുടക്കമിട്ടു. ഡൽഹിയിൽ ഒത്തുകൂടാനുള്ള തങ്ങളുടെ ജനാധിപത്യ അവകാശം ഹരിയാന, പഞ്ചാബ് സർക്കാരുകൾ തടയുകയാണെന്ന് കർഷകർ ശക്തമായി ആരോപിച്ചു.
പഞ്ചാബ് അതിർത്തിക്കുള്ളിലാണ് ഹരിയാന പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതെന്നും, ഇത് പ്രതിരോധിക്കുന്നതിന് പകരം പഞ്ചാബ് സർക്കാർ "മൂകസാക്ഷിയായി" മാറുകയായിരുന്നുവെന്നും ബികെയു ഷഹീദ് ഭഗത് സിംഗ് നേതാവ് തേജ്വീർ സിംഗ് കുറ്റപ്പെടുത്തി.
അതേസമയം, പഞ്ചാബിൽ നിന്നുള്ള വാഹനവ്യൂഹങ്ങൾ തടയപ്പെട്ടെങ്കിലും അംബാല, കുരുക്ഷേത്ര തുടങ്ങിയ സമീപ ജില്ലകളിൽ നിന്നുള്ള ഹരിയാനയിലെ കർഷകർ ഡൽഹിയിലേക്കുള്ള യാത്ര തുടർന്നു.
'ദേശ് ബച്ചാവോ മോർച്ച'യുടെ ബാനറിലാണ് മഹാപഞ്ചായത്തും പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ വിലയിലുള്ള വിദേശ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന ഇന്ത്യാ-യു.എസ് വ്യാപാര കരാർ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ക്ഷീരകർഷകർക്കും ചെറുകിട വ്യാപാരികൾക്കും രാജ്യത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്കും കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
നിർദ്ദിഷ്ട കരാർ ചില ഉൽപ്പന്നങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും കൃഷി, ക്ഷീരമേഖല, വ്യവസായം, ഡിജിറ്റൽ വ്യാപാരം, ഇ-കൊമേഴ്സ്, സർക്കാർ സംഭരണം, ബൗദ്ധിക സ്വത്തവകാശം, സേവന മേഖല എന്നിവയെല്ലാം ഇതിൽ ഉൾപ്പെട്ടേക്കാമെന്നും കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവൻ സിങ് പന്ഥർ ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട കർഷകർ, നിർദ്ദിഷ്ട വ്യാപാര കരാർ ഉപേക്ഷിക്കണമെന്നും കർഷകരുടെയും സാധാരണക്കാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യാ-യു.എസ് സ്വതന്ത്ര വ്യാപാര കരാർ ഉടൻ പിൻവലിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കേന്ദ്ര സർക്കാർ ഉടൻ പരസ്യപ്പെടുത്തണമെന്നും, കർഷകർ, തൊഴിലാളികൾ, ക്ഷീരകർഷകർ, ചെറുകിട വ്യാപാരികൾ എന്നിവരുമായി സമഗ്രമായ കൂടിയാലോചനകൾ നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാവൂ എന്നും സംഘടനകൾ ആവശ്യപ്പെട്ടു.










0 comments