പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ; ഈ മാസം 16 വരെ നടപടികൾ നിർത്തിവക്കണം: ഹൈക്കോടതി

കൊച്ചി : പാരിയത്തുകാവിലെ ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കാനുള്ള എല്ലാ നടപടി ക്രമങ്ങളും നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ഈ മാസം 16 വരെ എല്ലാ നടപടികളും നിർത്തിവയ്ക്കാനാണ് പൊലീസ് നൽകിയ അപേക്ഷയിൽ കോടതി നിർദേശം. അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഉപഹർജി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്. കഴിഞ്ഞ 25ന് ഹൈക്കോടതി കേസ് പരിഗണിച്ചിരുന്നു. കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിവിധി നടപ്പാക്കാൻ രണ്ടാഴ്ച സാവകാശം നൽകിയ കോടതി ഒമ്പതിന് വീണ്ടും പരിഗണിക്കാൻ മാറ്റിയിരുന്നു.
എന്നാൽ, ഒമ്പതിനുതന്നെ കുടിയൊഴിപ്പിക്കലിന് തുടക്കമിടാൻ നിർദേശിച്ച് ജൂൺ ഒന്നിന് പെരുമ്പാവൂർ കോടതി ഉത്തരവിറക്കി. കുടിയൊഴിപ്പിക്കലിനായി ആമീനെയും അഭിഭാഷക കമീഷനെയും ചുമതലപ്പെടുത്തി. ആവശ്യമായ സഹായം നൽകാനും ക്രമസമാധാനം ഉറപ്പാക്കാനും എറണാകുളം റൂറൽ ജില്ലാപൊലീസ് മേധാവിയോട് നിർദേശിക്കുകയും ചെയ്‌തിരുന്നു. റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിരുന്നു. ഇത് ഹൈക്കോടതി നിർദേശത്തിന് വിരുദ്ധമാണെന്ന് ചൂട്ടിക്കാട്ടി കേസ് അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഉപഹർജി നൽകിയത്.
എട്ട് ദളിത് കുടുംബങ്ങളാണ് പാരിയത്തുകാവിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 14 തവണ കുടിയൊഴിപ്പിക്കാൻ അഭിഭാഷക കമീഷൻ എത്തിയിരുന്നു. കുടുംബങ്ങളും സമരസമിതിയും സിപിഐ എമ്മും ജനകീയ പ്രതിരോധം തീർത്തതോടെ നടപടികളിലേക്ക് കടക്കാനായില്ല. അനിഷ്ടസംഭവങ്ങളുമുണ്ടായില്ല. കുടിയൊഴിപ്പിക്കൽ നടപ്പാക്കണമെന്ന മുൻസിഫ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാനും സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിന് സാവകാശവും എൽഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ തേടിയിരുന്നു. എന്നാൽ, യുഡിഎഫ് അധികാരത്തിലേറി മൂന്നാംനാൾ കുടിയൊഴിപ്പിക്കാനെത്തിയ പൊലീസ് നരനായാട്ട് നടത്തി. സ്‌ത്രീകൾക്കുൾപ്പെടെ പരിക്കേറ്റു. ഭൂമാഫിയക്കായി സർക്കാർ ഒത്താശയിൽ നടത്തിയ ആക്രമണത്തിനെതിരെ വൻജനരോഷമാണ് ഉയർന്നത്.









0 comments