ad
Deshabhimani

ഗുജറാത്തിൽ മാംഗോ ജ്യൂസ് ഉണ്ടാക്കാൻ വെച്ചിരുന്നത് പുഴുത്ത മാമ്പഴങ്ങൾ

worm mangoes
വെബ് ഡെസ്ക്

Published on Jun 04, 2026, 12:27 PM | 1 min read

ഗാന്ധിനഗർ: ഗുജറാത്തിലെ മഹ്സാനയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോൾസെയിൽ മാംഗോ ജ്യൂസ് നിർമ്മാണ യൂണിറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡിൽ പുഴുക്കളും പൂപ്പലും നിറഞ്ഞ ടൺകണക്കിന് ചീഞ്ഞ മാമ്പഴങ്ങൾ പിടിച്ചെടുത്തു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് റെയ്ഡിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്.


ഗുജറാത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് മഹ്സാനയിലെ മാംഗോ ജ്യൂസ് നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ജ്യൂസ് അടിക്കാൻ വേണ്ടി മാത്രം ഇവിടെ വൻതോതിൽ ചീഞ്ഞ മാമ്പഴങ്ങൾ ശേഖരിച്ചു വെച്ചിരിക്കുകയായിരുന്നു. റെയ്ഡിന്റെ വീഡിയോ ദൃശ്യങ്ങളിൽ മാമ്പഴക്കൂട്ടങ്ങൾക്കിടയിൽ വലിയ രീതിയിൽ പുഴുക്കളും പ്രാണികളും അരിച്ചുനടക്കുന്നതും പൂപ്പൽ (Fungus) ബാധിച്ചതായും വ്യക്തമായി കാണാം. ഈ അഴുകിയ മാമ്പഴങ്ങൾ ജ്യൂസ് നിർമ്മാണത്തിനായി പ്രോസസ്സ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് അധികൃതർ പിടിച്ചെടുത്തത്. നിയമലംഘനം നടത്തിയ സ്ഥാപനത്തിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.



വേനൽക്കാലത്ത് മാംഗോ ജ്യൂസ്, സ്മൂത്തികൾ, ഷേക്കുകൾ, ഐസ്‌ക്രീമുകൾ എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. വിപണിയിലെ ഡിമാൻഡ് മുതലെടുത്താണ് ചിലർ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. ചീഞ്ഞതും അഴുകിയതുമായ പഴങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പാനീയങ്ങൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ ബാക്ടീരിയകളും പൂപ്പലുകളും ഫുഡ് പോയിസണിംഗ്, വയറിളക്കം, ഛർദ്ദി, കടുത്ത ദഹനസംബന്ധമായ അസുഖങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം.


വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാംഗോ ഡ്രിങ്കുകൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഓർമിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home