‘ഏറുപടക്കമെറിഞ്ഞിട്ടല്ല ഇന്ധനവില കൂടിയത്, സാഹചര്യമുണ്ടായാൽ കുറയ്ക്കും’; ജനങ്ങളെ പരിഹസിച്ച് സുരേഷ് ഗോപി

സുരേഷ് ഗോപി
കൊച്ചി: രാജ്യത്ത് എണ്ണവിലയും പാചകവാതക വിലയും കുതിച്ചുയരുന്നതിൽ ജനങ്ങൾക്ക് മേൽ കുതിരകയറി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഇന്ധനവില കൂടിയത് ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങളെ പരസ്യമായി ആക്ഷേപിക്കുന്നതായിരുന്നു കൊച്ചിയിൽ മാധ്യമപ്രവർത്തകരോടുള്ള മന്ത്രിയുടെ പ്രതികരണം.
ആഗോളതലത്തിലെ യുദ്ധസാഹചര്യമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് മന്ത്രിയുടെ ന്യായീകരണം. യുദ്ധം മാറിയാലേ വില കുറയ്ക്കുന്ന കാര്യം ആലോചിക്കാനാകൂ എന്നും, സാഹചര്യമുണ്ടായാൽ കുറയ്ക്കുമെന്നുമുള്ള പതിവ് പല്ലവിയാണ് മന്ത്രി ആവർത്തിച്ചത്. ജനങ്ങളുടെ പോക്കറ്റടിക്കുന്ന കേന്ദ്ര നയങ്ങളെ പൂർണമായും ന്യായീകരിച്ച സുരേഷ് ഗോപി, പെട്രോൾ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ പോലും വില കൂടിയെന്ന വിചിത്ര വാദവും ഉന്നയിച്ചു.
കഴിഞ്ഞ ദിവസം നാലംഗ കുടുംബത്തിന് ഒരു ദിവസം പാചകം ചെയ്യാൻ വെറും 9.30 രൂപയുടെ ഗ്യാസ് മതിയെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ ദുരിതത്തെ വീണ്ടും പരിഹസിച്ചുകൊണ്ട് മന്ത്രി രംഗത്തെത്തിയത്. വീടുകളിൽ ഗ്യാസ് എത്തിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത് സ്വാഭാവികമായ വിലവർധന മാത്രമാണെന്നുമാണ് മന്ത്രിയുടെ പുതിയ കണ്ടെത്തൽ.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും രാജ്യത്ത് എണ്ണക്കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ നികുതി കൊള്ള തുടരുന്ന കേന്ദ്ര സർക്കാർ നയത്തെയാണ് കേന്ദ്രമന്ത്രി ന്യായീകരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചത്. ഏറ്റവും ഒടുവിൽ പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കേന്ദ്ര സർക്കാർ കൂട്ടിയത്. ജനജീവിതം സ്തംഭിപ്പിക്കുന്ന ഈ കൊള്ളയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ ഈ വെല്ലുവിളി.










0 comments