തദ്ദേശ തെരഞ്ഞെടുപ്പ് ; 22 പഞ്ചായത്തിൽ സംവരണ വാർഡുകളായി

കൊച്ചി
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് ആരംഭിച്ചു. പറവൂർ, ആലങ്ങാട്, വൈപ്പിൻ, അങ്കമാലി ബ്ലോക്ക് പരിധിയിലെ 22 പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് ആദ്യദിനം പൂർത്തിയായത്. കലക്ടർ ജി പ്രിയങ്കയുടെയും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ സുനിൽ മാത്യുവിന്റെയും നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു നറുക്കെടുപ്പ്.
ചൊവ്വാഴ്‌ച വാഴക്കുളം, കൂവപ്പടി, പാമ്പാക്കുട, പള്ളുരുത്തി ബ്ലോക്കുകളിലെ പഞ്ചായത്തുകളിലേക്ക് നറുക്കെടുപ്പ് നടക്കും. 15ന് വടവുകോട്, മുളന്തുരുത്തി, കോതമംഗലം ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെ നറുക്കെടുപ്പ് നടക്കും. 16ന് -മൂവാറ്റുപുഴ, പാറക്കടവ്, ഇടപ്പള്ളി ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെയും തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, ആലുവ, കളമശേരി, നോർത്ത് പറവൂർ, അങ്കമാലി, ഏലൂർ, തൃക്കാക്കര, മരട്, പിറവം, കൂത്താട്ടുകുളം നഗരസഭകളിലെയും സംവരണ വാർഡുകൾ നിശ്ചയിക്കും.
ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാർഡുകൾ നിർണയിക്കാനുള്ള നറുക്കെടുപ്പ് 18നും ജില്ലാപഞ്ചായത്ത് സംവരണ വാർഡ് നറുക്കെടുപ്പ് 21നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കൊച്ചി കോർപറേഷൻ വാർഡുകളുടെ നറുക്കെടുപ്പ് 18ന് എറണാകുളം ടൗൺഹാളിൽ നടക്കും.









0 comments