പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും: പൊറുതിമുട്ടി

കൊച്ചി
രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ പലതവണയായി മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതിനെതിരെ ജനരോഷം പടരുന്നു. സംസ്ഥാനത്താകെ ചൂട് പതിവിലും നാല് ഡിഗ്രി ഉയർന്ന ദിവസങ്ങളിലാണ് തോന്നുംപടി പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരെയും വയോധികരെയും കിടപ്പുരോഗികളെയും പരിപാലിക്കുന്ന വീട്ടുകാരും വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളും യുവാക്കളുമെല്ലാം ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ രൂക്ഷമായാണ് പ്രതികരിക്കുന്നത്.
ചൊവ്വാഴ്‌ചയും ബുധനാഴ്ചയും നാലും അഞ്ചും പ്രാവശ്യമാണ് അരമണിക്കൂറിലേറെ നീണ്ട പവർകട്ട് ജില്ലയിലെന്പാടുമുണ്ടായത്. ചിലയിടങ്ങളിൽ മണിക്കൂറുകൾനീണ്ടു. രാത്രി പത്തോടെയാണ് പവർകട്ട് പരന്പര പലയിടത്തും ആരംഭിച്ചത്. അർധരാത്രിക്കുശേഷവും ചെറിയ ഇടവേളകളിൽ കട്ട് തുടർന്നു. മുൻകൂട്ടി അറിയിക്കാത്തതിനാൽ ഇടവിട്ടുള്ള വൈദ്യുതിമുടക്കംമൂലം ഉറക്കം നഷ്‌ടപ്പെട്ട് വീടുകൾ ഉണർന്നിരുന്നു. കെഎസ്‌ഇബി ഓഫീസുകളിൽ പലതും ഫോണുകൾ വിച്ഛേദിച്ച നിലയിലായിരുന്നു.
വലിയ പ്രയാസമാകുന്നു....
സ്ത്രീകൾ തനിച്ചുതാമസിക്കുന്ന വീടുകളിൽ രാത്രികാലങ്ങളിലെ പവർകട്ട് വലിയ പ്രയാസമാണ്. ഭർത്താവ് മരിച്ചു. മകൻ വിദേശത്താണ്. വീട്ടിൽ പേയിങ് ഗസ്റ്റുകളായി രണ്ടു സ്‌ത്രീകളാണ് കൂട്ടിനുള്ളത്. ഇവരിൽ ഒരാൾക്ക് വിദ്യാർഥിയായ മകളുമുണ്ട്. അവളുടെ പഠനത്തെയും പവർകട്ട് ബാധിക്കുന്നു. കുടുംബശ്രീയുടെകീഴിൽ നിമ്മീസ് കിച്ചൻ എന്ന കാറ്ററിങ് യൂണിറ്റ് നടത്തുന്നതിനാൽ മുൻകൂട്ടി തയ്യാറാക്കുന്ന ഭക്ഷണസാധനങ്ങൾ പലതും വൈദ്യുതി തടസ്സംമൂലം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയുന്നില്ല. ഇവ ചീത്തയായി വലിയ നഷ്ടവും സംഭവിക്കുന്നു.
-– സോഫിയ ഹമീദ്,
പുത്തുക്കാടൻ ഹൗസ്, മില്ലുംപടി, പെരുമ്പാവൂർ.
ജീവിതം ഇരുട്ടിലാക്കരുത്.....
കൊടുംചൂടിൽ വൈദ്യുതി മുടക്കം പതിവായതോടെ ജനജീവിതവും ദുരിതത്തിലാക്കുകയാണ് സർക്കാർ. നാലും അഞ്ചും പ്രാവശ്യമുള്ള അപ്രഖ്യാപിത പവർകട്ടിന് പരിഹാരം കാണാൻ വൈദ്യുതിവകുപ്പ് അടിയന്തരനടപടി സ്വീകരിക്കണം. മുൻ സർക്കാരിന്റെ കാലത്ത് ഇല്ലാതിരുന്ന പവർകട്ടാണ് തിരിച്ചുവന്നത്. ജനജീവിതം ഇരുട്ടിലാക്കരുത്.
– ലൈല അഷറഫ്,
നൊച്ചിമ, ആലുവ
മുൻകാലങ്ങളിൽ ഇല്ലാത്തത്....
കഴിഞ്ഞ കുറച്ചുകാലങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇപ്പോൾ കേരളത്തിൽ പല സ്ഥലങ്ങളിലും മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നു. കുറച്ചുകാലമായി ഇത്തരം വൈദ്യുതിമുടക്കം നമുക്ക് പരിചയമില്ലാത്തതിനാൽ ഇത് പലർക്കും കൂടുതൽ ബുദ്ധിമുട്ടായി അനുഭവപ്പെടുന്നു. അധികാരികളുടെ ശ്രദ്ധയിൽ വിഷയം കൂട്ടായി കൊണ്ടുവരികയും പ്രായോഗിക പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യണം.
– അനുരാജ് മനോഹർ,
കൊല്ലംകുടിമുകൾ, തൃക്കാക്കര
(ഇഷ്‌ക്, നരിവേട്ട എന്നീ സിനിമകളുടെ സംവിധായകൻ)










0 comments