"കുട്ട്യോളും കലക്ടറും' സംവാദ പരിപാടിക്ക് തുടക്കം

കുട്ട്യോളും കലക്ടറും സംവാദ പരിപാടിയിൽ കലക്ടർ എം എസ് മാധവിക്കുട്ടി കുട്ടികളോട് സംവദിക്കുന്നു
കോഴിക്കോട്
കളിയും ചിരിയും ഗൗരവമേറിയ ചോദ്യങ്ങളുമെല്ലാം ഉള്‍ച്ചേര്‍ന്ന് ജില്ലാ കലക്ടറുടെ "കുട്ട്യോളും കലക്ടറും' സംവാദ പരിപാടിക്ക് തുടക്കമായി. നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികളാണ് ആദ്യ പരിപാടിയില്‍ കലക്ടര്‍ എം എസ് മാധവിക്കുട്ടിക്കൊപ്പം കലക്ടറുടെ ചേംബറില്‍ ചെലവിട്ടത്. കലക്ടറാവാന്‍ വേണ്ട തയാറെടുപ്പുകള്‍ എന്തെല്ലാമാണ്, സ്‌കൂളുകള്‍ കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദമാക്കാന്‍ എന്തെല്ലാം നടപടിയെടുക്കാനാകും, അടുത്ത കാലത്ത് ലോകത്ത് വരാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തെല്ലാമാകും, എഐ യുഗത്തിലെ സാധ്യതകള്‍ എന്തൊക്കെയാണ് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കെല്ലാം കലക്ടര്‍ മറുപടി നല്‍കി. വിദ്യാര്‍ഥികള്‍ക്കൊപ്പം വിവിധ ഗെയിമുകളിലും പങ്കാളിയായ കലക്ടര്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം പുസ്തകങ്ങളും സമ്മാനിച്ചു. സ്‌കൂളിലെ അധ്യാപകരും പങ്കെടുത്തു. എല്ലാ ബുധനാഴ്ചകളിലും വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുമായി കലക്ടര്‍ സംവദിക്കുന്ന പരിപാടിയാണ് "കുട്ട്യോളും കളക്ടറും'. ജില്ലാ കലക്ടറുടെ ഇന്റേണ്‍സിന്റെ സഹകരണത്തോടെയാണ് പരിപാടി. കുട്ടികളില്‍ ആത്മവിശ്വാസവും സഹകരണ മനോഭാവവുമെല്ലാം വളര്‍ത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.










0 comments