ad
Deshabhimani

ഒറ്റയടിക്ക് കൂട്ടിയത് 12 രൂപ

പ്രതീക്ഷ മങ്ങി "സിഎൻജി'യും

Compressed Natural Gas
വെബ് ഡെസ്ക്

Published on Sep 10, 2026, 01:52 AM | 1 min read

കോഴിക്കോട്

വിലക്കയറ്റവും എൽപിജി ക്ഷാമവുമെല്ലാം രൂക്ഷമായി തുടരുന്നതിനിടെ സിഎൻജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) വിലയും കുത്തനെ കൂട്ടിയതോടെ സ്വകാര്യ-, വാണിജ്യ വാഹന ഉടമകളും ഡ്രൈവർമാരും പ്രതിസന്ധിയിലായി. പെട്രോൾ, ഡീസൽ വിലവർധനയിൽനിന്ന് ആശ്വാസം തേടി സിഎൻജി വാഹനങ്ങളിലേക്ക് മാറിയവർക്കാണിത്‌ തിരിച്ചടിയായത്‌. സിഎൻജി കിലോഗ്രാമിന് 12 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ കിലോഗ്രാമിന് 101 രൂപയായി. ചെലവുകുറഞ്ഞ ബദൽ ഇന്ധനമായി വന്ന സിഎൻജിയിലെ പ്രതീക്ഷയും ഇതോടെ മങ്ങുകയാണ്. 2021ൽ കിലോയ്ക്ക് 53 രൂപയായിരുന്നതാണ് അഞ്ച് വര്‍ഷത്തിനുള്ളിൽ ഇരട്ടിയായത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് നേരത്തെയും വില പലതവണയായി വർധിപ്പിച്ചിരുന്നു. ഓട്ടോറിക്ഷ, ടാക്സി, ചരക്കുവാഹനം ഉൾപ്പെടെയുള്ള വാണിജ്യ വാഹന ഉടമകൾക്ക് പുതിയ വർധന താങ്ങാൻ പറ്റാത്ത സാഹചര്യമാണ്‌. സിഎൻജി ഓട്ടോറിക്ഷ വാങ്ങി സർവീസ്‌ തുടങ്ങിയ തൊഴിലാളികൾ വിലവർധനയിൽ നട്ടംതിരിയുകയാണ്‌. ഡീസൽ ബസ്സുകൾ പുതിയ എൻജിൻ ഘടിപ്പിച്ച്‌ സിഎൻജിയിലേക്ക്‌ മാറ്റിയ ബസ്‌ ഉടമകളെയും ഇത്‌ വെട്ടിലാക്കി. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്നും ഇന്ധനവില നിയന്ത്രിക്കണമെന്നും ആവശ്യം ഉയരുന്നതിനിടെയാണ് സിഎൻജി വില വർധന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home