ആവേശമായി മെസിയും നെയ്‌മറും; പ്രിയം ‘സി ആർ 7’

എറണാകുളം ഗവ. ഗേൾസ് എൽപി സ്കൂളിൽ ഫിഫ ലോകകപ്പ് ഫുട്ബോൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന കുട്ടികളുടെ ഷൂട്ടൗട്ട്
കൊച്ചി
യൂണി-േഫാമുകൾക്ക് പകരം കുട്ടികൾ പ്രിയതാരങ്ങളുടെ ജേഴ്‌സികളിൽ, അധ്യാപകരുടെ കൈയിലാകട്ടെ ചോക്കിന് പകരം ലോകം കീഴടക്കിയ തുകൽപ്പന്ത്. കുട്ടിക്കുപ്പായമിട്ട് റൊണാൾഡോയും മെസിയും നെയ്‌മറും കളംനിറഞ്ഞതോടെ എറണാകുളം ഗവ. ഗേൾസ് എൽപി സ്‌കൂളിലും ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം അലതല്ലി.
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലോകകപ്പ് ഫുട്‌ബോളിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനാണ് സ്‌കൂളിൽ ‘ദായ്...ദായ്...വരൂ... വരൂ...’ എന്ന പേരിൽ വേറിട്ട ആഘോഷം ഒരുക്കിയത്. വിശ്വകിരീടത്തിനായി മാറ്റുരയ്ക്കുന്ന 48 രാജ്യങ്ങളുടെ പേരും കൊടികളും പരിചയപ്പെടുന്നതോടൊപ്പം തങ്ങളുടെ ഇഷ്ടതാരങ്ങളെ കട്ടൗട്ടുകളും ചിത്രങ്ങളും ജേഴ്‌സികളായും കുട്ടികൾ ചേർത്തുപിടിച്ചു. കുട്ടികൾക്ക് പ്രിയപ്പെട്ട ‘സി ആർ സെവൺ’ന് ആയിരുന്നു ആരാധകർ ഏറെയും. തുടർന്ന് സ്‌കൂൾ മൈതാനത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയ പെനൽറ്റി ഷൂട്ടൗട്ടും സൗഹൃദ ഫുട്‌ബോൾ മത്സരവും ആവേശഭരിതമായി. വിജയികൾക്ക് സമ്മാനങ്ങളും നൽകി. സ്‌കൂൾ കോന്പൗണ്ട് ചുറ്റി ഗ്രൗണ്ടിൽ സമാപിച്ച വിളംബരറാലി മുൻ കായികാധ്യാപകൻ സഞ്ജയ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ലോകകപ്പിനെ വിജ്ഞാനത്തിന്റെ വേദിയാക്കുന്നതിനായി വരുംദിവസങ്ങളിലും അനുബന്ധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് പ്രധാനാധ്യാപകൻ സി ജെ സാബു ജേക്കബ് പറഞ്ഞു. ലോകം ഉറ്റുനോക്കുന്ന കായിക നോട്‌മാമാങ്കത്തിന്റെ ആവേശം ദേശാന്തരങ്ങൾ പിന്നിട്ട് നാടും നഗരവും കീഴടക്കിയിരിക്കുകയാണ്. സ്‌കൂളുകളിലും കോളേജുകളിലും തൊഴിലിടങ്ങളിലും നാട്ടിലെ കൂട്ടായ്മകളിലുമെല്ലാം വ്യത്യസ്തമായ പരിപാടികളിലൂടെയാണ് ലോകകപ്പിനെ വരവേൽക്കുന്നത്. ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ഗോൾ കീപ്പർ ഫിറോസ് ഷെരീഫ് വെള്ളിയാഴ്ച കലൂർ സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിൽ എത്തിയതും കുട്ടികൾക്ക് വേറിട്ട അനുഭവമായി.










0 comments