ഗ്രന്ഥശാലദിനം
നവതിയോടടുക്കുമ്പോഴും ഗ്രന്ഥശാല പ്രവർത്തനം പൗലോസിന് ദിനചര്യ

കെ വി പൗലോസ്

സ്വന്തം ലേഖകൻ
Published on Sep 14, 2026, 01:27 AM | 1 min read
കവളങ്ങാട്
ഒരു ഗ്രന്ഥശാലദിനംകൂടി ആഘോഷിക്കുമ്പോൾ പരീക്കണ്ണി വിക്ടറി ലൈബ്രറി ആൻഡ് റീഡിങ് റൂമിനൊപ്പം ചേർത്തുവച്ച പേരാണ് കെ വി പൗലോസിന്റേത്. 87–-ാം വയസ്സിലും ഗ്രന്ഥശാലയുടെ പ്രസിഡന്റായി തുടരുന്ന പൗലോസ്, 18–-ാം വയസ്സിൽ ആരംഭിച്ച ഗ്രന്ഥശാല പ്രവർത്തനത്തിന്റെ ഏഴുപതിറ്റാണ്ടിലേക്കുള്ള യാത്രയിലാണ്.
പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും ഗ്രന്ഥശാല പ്രവർത്തനത്തിന് പൗലോസ് എന്നും മുൻഗണന നൽകി. ഗ്രന്ഥശാല പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി പല സ്ഥാനങ്ങളും വഹിച്ചു. 1970-കളിലെ തോട്ടംതൊഴിലാളി സമരത്തിന്റെ നേതൃനിരയിലും 1980-കളിലും 90-കളിലും സിപിഐ എം കവളങ്ങാട് ലോക്കൽ സെക്രട്ടറിയായും പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചപ്പോഴും ഗ്രന്ഥശാലാ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു.
കോതമംഗലം താലൂക്കിലെ അറിയപ്പെടുന്ന രാഷ്ട്രീയനേതാവായും സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായും ബിഡിസി ചെയർമാനായും പ്രവർത്തിച്ച കാലത്തും ഗ്രന്ഥശാലയെ കൈവിട്ടില്ല. പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും വായനയുടെയും ഗ്രന്ഥശാലാപ്രവർത്തനത്തിന്റെയും വിളക്കണയാതെ കാത്തുസൂക്ഷിക്കുകയായിരുന്നു പൗലോസ്.
1947-ൽ ആരംഭിച്ച പരീക്കണ്ണി വിക്ടറി ലൈബ്രറിക്ക് സ്വന്തമായി കെട്ടിടം യാഥാർഥ്യമായത് 1965ലാണ്. കെട്ടിടത്തിനായി നേതൃത്വം നൽകിയതും സ്ഥലം വിട്ടുനൽകിയതും പൗലോസായിരുന്നു. അന്നുതുടങ്ങിയ ഗ്രന്ഥശാലയുമായുള്ള ആത്മബന്ധമാണ് ഇന്നും തുടരുന്നത്. പരീക്കണ്ണി കല്ലുവെട്ടുകുഴി വർക്കിയുടെയും മറിയത്തിന്റെയും മകനായി 1940 ഏപ്രിൽ 24-നാണ് കെ വി പൗലോസ് ജനിച്ചത്. സാറാമ്മയാണ് ഭാര്യ. മക്കൾ: ജിബു, ജീന, ജിമി.










0 comments