ചൂളൻ എരണ്ടയും കുഞ്ഞുങ്ങളും
സ്‌കൂൾ കളിക്കളത്തിൽ പുതിയ അതിഥികൾ

എടവനക്കാട് എസ്‌ഡിപിവൈ കെപിഎം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ എത്തിയ ചൂളൻ എരണ്ടയും കുഞ്ഞുങ്ങളും
വൈപ്പിൻ
സ്‌കൂൾ കളിക്കളത്തിൽ അപ്രതീക്ഷിതമായി എത്തിയ ചൂളൻ എരണ്ട വിഭാഗത്തിൽപ്പെട്ട അമ്മ പക്ഷിയെയും കുഞ്ഞുങ്ങളെയും കണ്ട എടവനക്കാട് എസ്‌ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ കുട്ടികൾക്ക് പുതിയ അനുഭവമായി. തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ചൂളൻ എരണ്ടകൾ സാധാരണയായി ജലാശയങ്ങൾക്കും പാടശേഖരങ്ങൾക്കും സമീപമുള്ള മരപ്പൊത്തുകളിലോ തറയിലോ ആണ് കൂടുകൂട്ടി മുട്ടയിടാറുള്ളത്.
സ്‌കൂളിന് സമീപത്തെ ഏതെങ്കിലും പുരയിടത്തിലെ തെങ്ങിൻ പൊത്തിലോ പൊന്തക്കാട്ടിലോ ആവാം ഇവ കൂടുകൂട്ടിയിരുന്നത്. അവിടെനിന്നും ഇറങ്ങി വന്നതാകാമെന്നാണ് കരുതുന്നത്. സ്‌കൂളിന് തൊട്ടടുത്ത താമരവട്ടം പ്രദേശത്തെ തണ്ണീർത്തടങ്ങളിൽ നിരവധി വിദേശ പക്ഷികൾ പ്രജനനകാലത്ത് എത്താറുണ്ട്. ചൂളൻ എരണ്ടകൾ അടക്കമുള്ള പക്ഷികൾ ഇവിടെ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച ശേഷം പറന്നുപോകുന്നത് പതിവാണ്. തെരുവുനായ്ക്കൾ, പാമ്പുകൾ, കാക്കകൾ തുടങ്ങിയവയാണ് പക്ഷിക്കൂട്ടങ്ങൾക്ക് പ്രധാന ഭീഷണി. വന്യജീവി സംരക്ഷിത പട്ടികയിൽ ഉൾപ്പെടുന്ന ചൂളൻ എരണ്ടകളെക്കുറിച്ച് അവിടെ എത്തിയ അധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.










0 comments