സൂപ്രണ്ടിങ് എൻജിനീയറെ ഉപരോധിച്ചു
കുടിവെള്ളക്ഷാമത്തിൽ എൽഡിഎഫ് പ്രതിഷേധം

കോർപറേഷൻ എൽഡിഎഫ് കൗൺസിലർമാർ വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറെ ഉപരോധിച്ചപ്പോൾ
കൊച്ചി
പടിഞ്ഞാറൻ കൊച്ചിയടക്കം വിവിധ പ്രദേശങ്ങളിലെ അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി കോർപറേഷനിലെ എൽഡിഎഫ് കൗൺസിലർമാർ എറണാകുളം വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറെ ഉപരോധിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങളുടെ കുടിവെള്ളംമുട്ടിയെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
പള്ളുരുത്തി, ഇടക്കൊച്ചി, പെരുന്പടപ്പ്, കോണം, തഴുപ്പ്, പള്ളുരുത്തി ഇൗസ്‌റ്റ്, കച്ചേരിപ്പടി വെസ്‌റ്റ്, നന്പ്യാപുരം, മുണ്ടംവേലി, മാനാശേരി, മട്ടാഞ്ചേരി, പനയപ്പിള്ളി, പച്ചാളം, വടുതല, പനന്പിള്ളിനഗർ, ചന്പക്കര ഉൾപ്പെടെ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ആശുപത്രികളുൾപ്പെടെ സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. പ്രശ്‌നം നേരിടുന്പോൾ കൊച്ചി കോർപറേഷൻ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കാറുണ്ട്. യുഡിഎഫ് ഭരണസമിതി അതിൽ വീഴ്‌ചവരുത്തി. ടാങ്കർ ലോറി വഴിയുള്ള കുടിവെള്ളവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
ഒരു ഡിവിഷനിൽ ദിവസം ഒന്നെന്ന രീതിയിലാണ് നിയന്ത്രണം. ഇതും കൃത്യമായി നടക്കുന്നില്ല. വാട്ടർ അതോറിറ്റിയിൽനിന്ന് വെള്ളം എടുക്കാൻ അഡ്‌മിനിസ്‌ട്രേറ്റീവ് ചാർജ് കൂടി ഇൗടാക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനവും തിരിച്ചടിയായി. ഇതുപ്രകാരം 5000 ലിറ്റർ വെള്ളം എടുക്കാൻ നിലവിലുള്ള 419 രൂപയ്‌ക്ക് പുറമെ അഡ്‌മിനിസ്‌ട്രേറ്റീവ് ചാർജായി 551 രൂപകൂടി ഇടാക്കുകയാണ്. ഇതോടെ 970 രൂപയായി. വർധിപ്പിച്ച നിരക്ക് വഹിക്കാൻ കോർപറേഷനോ സർക്കാരോ തയ്യാറാകുന്നില്ല. ഇത് നഷ്ടമുണ്ടാക്കുമെന്നും പറഞ്ഞ് കരാറുകാരൻ ആവശ്യമായ അളവിൽ കുടിവെള്ളവിതരണം നടത്തുന്നില്ല. ജനദ്രോഹപരമായ സർക്കാർ തീരുമാനം പിൻവലിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
കുടിവെള്ളക്ഷാമം ഒരുമാസത്തിനകം പരിഹരിക്കാൻ കഴിയുന്ന പ്ലാൻ തയ്യാറാക്കുമെന്ന് സൂപ്രണ്ടിങ് എൻജിനീയർ ചർച്ചയിൽ ഉറപ്പുനൽകി. ദീർഘകാലമായി ക്ഷാമം നേരിടുന്ന പ്രദേശങ്ങൾ, നിലവിലുള്ള സ്ഥലങ്ങൾ പ്രത്യേകം അടയാളപ്പെടുത്തിയാണ് പ്ലാൻ. പാഴൂർ കുടിവെള്ള പദ്ധതിയിൽനിന്ന് പടിഞ്ഞാറൻ കൊച്ചിക്ക് അവകാശപ്പെട്ട അളവിലുള്ള വെള്ളം ലഭിക്കാത്ത സാഹചര്യം അവസാനിപ്പിക്കും. ടാങ്കർ ലോറിയിലെ കുടിവെള്ളവിതരണത്തിന് അഡ്‌മിനിസ്‌ട്രേറ്റീവ് ചാർജിനത്തിൽ തുക ഇൗടാക്കുന്നതുമൂലമുള്ള ബുദ്ധിമുട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഉറപ്പുനൽകി. എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് വി എ ശ്രീജിത്ത്, പി ജെ ദാസൻ, കെ ജെ ബെയ്‌സിൽ, ബ്രിജിത്ത് ആഷ്‌വിൻ, അംബിക സുദർശൻ, സി ആർ ബിജു, ബീന മഹേഷ് എന്നിവർ നേതൃത്വം നൽകി.










0 comments