ad
Deshabhimani

ജാഥ ഇന്ന് മൂവാറ്റുപുഴ, പിറവം, കുന്നത്തുനാട്, പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍

വികസനമുന്നേറ്റ ജാഥ ജില്ലയിൽ

jadha
avatar
ശ്രീരാജ്‌ ഓണക്കൂർ [email protected]

Published on Feb 11, 2026, 02:46 AM | 4 min read

കോതമംഗലം

ഇടനെഞ്ചിലുണ്ട്‌ ഇടതുപക്ഷമെന്ന പ്രഖ്യാപനവുമായി ജില്ല എൽഡിഎഫ്‌ വികസനമുന്നേറ്റ ജാഥയെ വരവേറ്റു. മുദ്രാവാക്യം വിളികളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ ജില്ലാ അതിർത്തിയായ പൈങ്ങോട്ടൂർ ജാഥയ്‌ക്ക്‌ നൽകിയത്‌ ഉജ്വല വരവേൽപ്‌. ജനമനസ്സിൽ കുടിയേറിയ എൽഡിഎഫ്‌ സർക്കാരിന്റെ വികസനനേട്ടങ്ങൾ ഓർമപ്പെടുത്തി മുന്നേറുന്ന ജാഥയെ സ്വീകരിക്കാൻ ജനസഞ്ചയം കാത്തുനിന്നു.


കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന ജാഥയെ നെഞ്ചോടുചേർത്ത് നാട് വരവേറ്റു. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌, സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, എൽഡിഎഫ് നേതാക്കളായ എസ് ശർമ, ആർ അനിൽകുമാർ, ഷാജി മുഹമ്മദ്‌, സി ബി ദേവദർശനൻ, പി ആർ മുരളീധരൻ, എ എ അൻഷാദ്‌, ബാബു പോൾ, പൗലോസ് മുടക്കുംതല, ഗോപി കോട്ടമുറിക്കൽ, ജോയ്‌സ്‌ ജോർജ്‌, ബൈജു പായിപ്ര, അലി മേപ്പാട്ട്, അനിൽ കാഞ്ഞിലി, ജോണി നെല്ലൂർ, കെ കെ അഷറഫ്, ടി വി വർഗീസ്, പുഷ്പ ദാസ്, എം ബി ഷൈനി പി ആർ മുരളീധരൻ, എ ആർ രഞ്ജിത്ത്, ടോമി ജോസഫ്, ടി പി അബ്ദുൾ അസീസ്, കുഞ്ഞൻ ശശി തുടങ്ങിയവർചേർന്ന്‌ സ്വീകരിച്ചു. ചെണ്ടമേളം, മുത്തുക്കുടകൾ, പുഷ്പവൃഷ്ടി, ബാൻഡ്മേളം തുടങ്ങിയവയുടെയും കരിമരുന്നുപ്രയോഗത്തിന്റെയും അകമ്പടിയോടെയാണ്‌ പൈങ്ങോട്ടൂരിൽ ജാഥയെ വരവേറ്റത്. തുടർന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കോതമംഗലം ഗാന്ധി സ്‌ക്വയറിലെ സ്വീകരണവേദിയിലേക്ക്‌. സ്വീകരണകേന്ദ്രത്തിൽ കാത്തുനിന്നത്‌ ആയിരങ്ങൾ. സ്വീകരണത്തിനുമുമ്പ്‌ നടത്തിയ നാടൻപാട്ട് കലാസ്വാദകർക്ക്‌ വിരുന്നായി. കാവടിയും നൃത്തരൂപങ്ങളുമായെത്തിയ ചെറുജാഥകൾ ഉത്സവഛായ പകർന്നു.


നിറഞ്ഞ സദസ്സിലേക്ക് മുദ്രാവാക്യം വിളികളോടെ ക്യാപ്റ്റനെയും അംഗങ്ങളെയും സ്വീകരിച്ചു. സർക്കാരിന്റെ വികസനനേട്ടങ്ങൾ പറഞ്ഞപ്പോൾ ഉയർന്നത്‌ വൻ കരഘോഷം.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജുവാണ്‌ ജാഥാ മാനേജര്‍. കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, പി പി സുനീര്‍ എംപി (സിപിഐ), സുഭാഷ്‌ പുഞ്ചക്കോട്ടില്‍ (എൻസിപി), സാബു ജോര്‍ജ്‌ (ഇന്ത്യൻ സോഷ്യലിസ്‌റ്റ്‌ ജനതാദൾ), ഡോ. വര്‍ഗീസ്‌ ജോര്‍ജ്‌ (ആർജെഡി), മാത്യൂസ്‌ കോലഞ്ചേരി (കോണ്‍ഗ്രസ്‌ എസ്‌), കെ ജി പ്രേംജിത്ത്‌ (കേരള കോണ്‍ഗ്രസ്‌ ബി), ഫ്രാന്‍സിസ്‌ തോമസ്‌ (ജനാധിപത്യ കേരള കോണ്‍ഗ്രസ്‌), എം എ ലത്തീഫ്‌ (ഐഎൻഎൽ), ബിനോയ്‌ ജോസഫ്‌ (കേരള കോണ്‍ഗ്രസ്– സ്കറിയ) എന്നിവർ സ്ഥിരാംഗങ്ങളാണ്‌.


കേന്ദ്രം കേരളത്തെ ഞെരുക്കുന്നു : 
ജോസ്‌ കെ മാണി

സാമ്പത്തികമായി മുന്നോട്ടുപോകാൻ കേരളത്തെ കേന്ദ്രസർക്കാർ അനുവദിക്കുന്നില്ലെന്ന് എൽഡിഎഫ്‌ മധ്യമേഖലാ വികസനമുന്നേറ്റ ജാഥാക്യാപ്‌റ്റൻ ജോസ് കെ മാണി. അർഹതപ്പെട്ട പണം നൽകാതെ കേന്ദ്രം കേരളത്തെ ഞെരുക്കുകയാണ്‌. മധ്യമേഖല വികസനമുന്നേറ്റ ജാഥയ്ക്ക് കോതമംഗലത്ത്‌ നൽകിയ സ്വീകരണങ്ങൾക്ക് നന്ദി പറയുകയായിരുന്നു അദ്ദേഹം.


josekmani


വന്യജീവി ആക്രമണം കേരളത്തിൽ ഏറെ സങ്കീർണമായ വിഷയമാണ്. വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രം തയ്യാറാകണം. സ്വന്തം പട്ടയഭ‍ൂമിയിലേക്ക്‌ വന്യമൃഗം വന്നാൽ സ്വയരക്ഷയ്ക്കുവേണ്ടി വെടിവയ്ക്കാമെന്ന ഭേദഗതി വേണം. രാജ്യത്ത്‌ ആദ്യമായി വന്യമൃഗ സംരക്ഷണ ബില്ലിൽ കേരള നിയമസഭ ഭേദഗതി കൊണ്ടുവന്നു. ഇത്‌ രാഷ്‌ട്രപതിയുടെ പരിഗണനയിലാണ്‌.


ജനങ്ങൾ മുന്നോട്ടുവച്ച പദ്ധതികളാണ് 10 വർഷംകൊണ്ട് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത്. മഹാപ്രളയത്തെയും കോവിഡിനെയും അതിജീവിച്ചാണ് പുതിയ കേരളം കെട്ടിപ്പടുത്തത്. ജനിക്കാൻ പോകുന്ന കുട്ടികൾക്കുകൂടി ഭൗതികസൗകര്യം ഒരുക്കുന്നതിനാണ് സർക്കാർ ഇത്രയും പദ്ധതികൾ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം നിയമസഭ മണ്ഡലത്തിൽമാത്രം അഞ്ചുവർഷംകൊണ്ട് സർക്കാർ ക്ഷേമപെൻഷനായി നൽകുന്നത് 640 കോടി രൂപയാണെന്നും ജോസ് കെ മാണി പറഞ്ഞു.

സംഘാടകസമിതി ചെയർമാൻ പി ടി ബെന്നി അധ്യക്ഷനായി. ജാഥാംഗം കെ കെ ശൈലജ, ആന്റണി ജോൺ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ നേതാക്കളായ കെ എ ജോയ്‌, മനോജ്‌ ഗോപി, ഷാജി പീച്ചക്കര, ബേബി പ‍ൗലോസ്‌ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലയിലുള്ള 20 പേരെ ചടങ്ങിൽ ആദരിച്ചു.


കഴിഞ്ഞ 
10 വർഷം
 കേരളത്തിന്റെ
 സുവർണകാലഘട്ടം :
 കെ കെ ശൈലജ

പിണറായി സർക്കാരിന്റെ 10 വർഷത്തെ ഭരണം ആധുനിക കേരളത്തിന്റെ സുവർണ കാലഘട്ടമാണ് ജനങ്ങൾക്ക് സമ്മാനിച്ചതെന്ന്‌ ജാഥാംഗം കെ കെ ശൈലജ പറഞ്ഞു. കോതമംഗലത്തെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.


k k shailaja


സമസ്ത മേഖലകളിലും വികസനത്തിന്റെ നേർക്കാഴ്ചകളാണ് കാണാൻ കഴിയുന്നത്. സംസ്ഥാനത്തെ ആരോഗ്യം,- പാർപ്പിടം, -വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി സർവമേഖലകളിലെയും സമഗ്രവികസനം ഇന്ത്യക്ക് മാതൃകയാണ്. ഹൈടെക്‌ സ്കൂളുകൾ, അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രികൾ, റോഡുകൾ എന്നിവയെല്ലാം അനുഭവത്തിന്റെ വികസനസാക്ഷ്യങ്ങളാണ്.


സർക്കാരിന്റെ ക്ഷേമപദ്ധതികൾ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തി. വികസനവും ക്ഷേമവും തുടരാൻ വീണ്ടും എൽഡിഎ-ഫ്‌ ഭരണം കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.


കാർഷിക, വ്യവസായ ജില്ലയുടെ 
പെരുമയിലേക്ക്‌

കാർഷിക, വ്യവസായ ജില്ല ഉജ്വലമായി വരവേറ്റ എൽഡിഎഫ്‌ മധ്യമേഖലാ വികസനമുന്നേറ്റ ജാഥ ബുധനാഴ്‌ച നാല്‌ മണ്ഡലങ്ങളിൽ ആവേശകരമായ സ്വീകരണമേറ്റുവാങ്ങും. കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി എംപി നയിക്കുന്ന ജാഥയെ വരവേൽക്കാൻ മൂവാറ്റുപുഴ, പിറവം, കുന്നത്തുനാട്‌, പെരുന്പാവൂർ മണ്ഡലങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.


ബുധൻ രാവിലെ 8. 30ന്‌ കോതമംഗലത്തെ സിൽവർ ടിപ്‌സ്‌ ഹോട്ടലിൽ വിവിധ വിഭാഗം പ്രതിനിധികളുമായി ജാഥാ ക്യാപ്‌റ്റൻ കൂടിക്കാഴ്‌ച നടത്തും. തുടർന്നുള്ള വാർത്താസമ്മേളനത്തിനുശേഷം മൂവാറ്റുപുഴയിലെ ആദ്യ സ്വീകരണകേന്ദ്രത്തിലേക്ക്‌ പുറപ്പെടും.


ലോകത്തിന്‌ വാഴക്കുളം പൈനാപ്പിൾ മധുരം സമ്മാനിച്ച മൂവാറ്റുപുഴയിൽ രാവിലെ 10ന്‌ ടൗൺഹാൾ ഗ്രൗണ്ടിലാണ്‌ വരവേൽപ്പ്‌. എവറസ്റ്റ് ജങ്‌ഷനിൽനിന്ന് നേതാക്കളും പ്രവർത്തകരും ചേർന്ന് ആനയിക്കും. വിവിധ മേഖലകളികളിലെ പ്രതിഭകളെയും വിശിഷ്ട വ്യക്തികളെയും യോഗത്തിൽ ആദരിക്കും. പകൽ രണ്ടിന്‌ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്‌. ​


കർഷകരുടെ എണ്ണമറ്റ പോരാട്ടങ്ങൾ പിറന്ന, രക്തസാക്ഷികളുടെ മണ്ണെന്ന്‌ അറിയപ്പെടുന്ന കൂത്താട്ടുകുളം ഉൾപ്പെടുന്ന പിറവം മണ്ഡലത്തിലാണ്‌ രണ്ടാമത്തെ സ്വീകരണം. 2.30ന് ശൂലം കവലയിൽനിന്ന്‌ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പിറവം വരവേൽക്കും. കരവട്ടേകുരിശ് കവലയിൽനിന്ന്‌ നേതാക്കളും പ്രവർത്തകരും ജാഥയെ ഏറ്റുവാങ്ങും. വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ രാജാധിരാജ യാക്കോബായ കോൺഗ്രിഗേഷൻ പള്ളി മൈതാനത്തെത്തുന്നതോടെ സ്വീകരണ സമ്മേളനത്തിന്‌ തുടക്കമാകും.


കൃഷിയും വ്യവസായവും മത്സരിച്ച്‌ മുന്നേറുന്ന കുന്നത്തുനാട്‌ മണ്ഡലത്തിലാണ്‌ അടുത്ത വരവേൽപ്പ്‌. എണ്ണമറ്റ വികസന ക്ഷേമ പദ്ധതികളാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ നേതൃത്വത്തിൽ പൂർത്തിയായത്‌. പിറവത്തുനിന്ന്‌ നാലിന്‌ കുന്നത്തുനാട്‌ മണ്ഡലത്തിലെത്തുന്ന ജാഥയെ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് കോളേജ് മൈതാനത്തിനുമുന്നിൽ വരവേൽക്കും. ബാൻഡ് മേളം, കവടി, തെയ്യം തുടങ്ങിയവ അകമ്പടിയാകും.


ബുധനാഴ്‌ചത്തെ അവസാന സ്വീകരണം പെരുന്പാവൂരിലാണ്‌. തടി വ്യവസായത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ കെയ്‌ൻസ്‌ ടെക്‌നോളജീസിന്റെ വന്പൻ വ്യവസായ യൂണിറ്റിന്റെ ഉദ്‌ഘാടന ദിവസമാണ്‌ ജാഥയെത്തുന്നത്‌ എന്നത്‌ യാദൃച്ഛികം. വൈകിട്ട് അഞ്ചിന് മുനിസിപ്പൽ സ്‌റ്റേഡിയത്തിലാണ്‌ സമ്മേളനം. പിപി റോഡിൽ പാത്തിപ്പാലത്തിന് സമീപത്തുനിന്ന്‌ ആനയിക്കും.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home