രമ്യയുടെ ആത്മഹത്യാശ്രമം
തൃക്കാക്കര നഗരസഭാ കൗൺസിൽ ഹാളിൽ എൽഡിഎഫ് പ്രതിഷേധം

ഹരിതകർമ സേനാംഗം രമ്യയുടെ ആത്മഹത്യാശ്രമത്തിൽ പ്രതിചേർക്കപ്പെട്ട യുഡിഎഫ് കൗൺസിലർ ഐഷ സുബൈർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭ അധ്യക്ഷന് മുന്നിൽ എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം
കാക്കനാട്
ഹരിതകർമസേനാംഗം രമ്യയുടെ ആത്മഹത്യാശ്രമത്തിൽ പ്രതിചേർക്കപ്പെട്ട യുഡിഎഫ് കൗൺസിലർ ഐഷ സുബൈർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാ കൗൺസിൽ ഹാളിൽ എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. കൗൺസിൽ യോഗം ആരംഭിച്ച ഉടൻ എൽഡിഎഫ് അംഗം അജുന ഹാഷിം വിഷയം ഉന്നയിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. അജുന ഹാഷിം വിഷയം ഉന്നയിച്ചപ്പോൾ ഐഷ സുബൈറിനെ ന്യായീകരിക്കുന്ന നിലപാടാണ് നഗരസഭാ അധ്യക്ഷൻ സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ച് വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
പ്രതിഷേധം തുടരുന്നതിനിടെ അജൻഡ വായിച്ച് യോഗനടപടികളുമായി മുന്നോട്ടുപോകാൻ അധ്യക്ഷൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ എൽഡിഎഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി. അധ്യക്ഷന്റെ ചേന്പറിലേക്ക് കയറി അദ്ദേഹത്തെ തടഞ്ഞു. ഇതോടെ യുഡിഎഫ് അംഗങ്ങളും ചേന്പറിലെത്തുകയും ഇരുവിഭാഗം കൗൺസിലർമാർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നീട് മുഴുവൻ അജൻഡയും പാസാക്കിയതായി പ്രഖ്യാപിച്ച് നഗരസഭാ അധ്യക്ഷൻ റാഷിദ് ഉള്ളംപിള്ളി കൗൺസിൽ ഹാൾ വിട്ടു. എന്നാൽ ചേംബറിൽനിന്ന് പുറത്തുവന്ന അധ്യക്ഷനെ കൗൺസിൽ ഹാളിൽനിന്ന് പുറത്തേക്ക് പോകാൻ എൽഡിഎഫ് അംഗങ്ങൾ അനുവദിച്ചില്ല. തുടർന്ന് നഗരസഭാ അധ്യക്ഷൻ ഹാളിന്റെ പിൻവശത്തെ വാതിലിലൂടെയാണ് പുറത്തുപോയത്.
ഹരിതകർമസേനാംഗമായ രമ്യയെ ജോലി ചെയ്തിരുന്ന വാർഡിൽനിന്ന് മാറ്റിയതും ഇതുമായി ബന്ധപ്പെട്ട മാനസികസമ്മർദവുമാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു. പ്രതിപക്ഷ ഉപനേതാവ് സി എ നിഷാദ്, റസിയ നിഷാദ്, കെ എ നജീബ്, എം എം ശിഹാബ്, പി എൻ പ്രശാന്ത്, ജോർജ് ആലുങ്കൽ, സൻഷാ മിജു, അൻസിയ ഹക്കീം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.










0 comments