ad
Deshabhimani

എൽഡിഎഫ്‌ പ്രതിഷേധം

ചർച്ച ഭയന്നു; മേയർ 
കടന്നുകളഞ്ഞു

LDF PROTEST

സാനിറ്ററി മാലിന്യശേഖരണത്തിൽ എല്ലാവർക്കും സബ്‌സിഡി നൽകണമെന്ന ആവശ്യത്തിൽ ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ്‌ അംഗങ്ങൾ മേയറുടെ ഓഫീസ് ഉപരോധിക്കുന്നു ​

വെബ് ഡെസ്ക്

Published on Aug 15, 2026, 02:37 AM | 1 min read

 കൊച്ചി


കോർപറേഷൻ ക‍ൗൺസിലിൽ എൽഡിഎഫ്‌ പ്രതിഷേധത്തിനിടെ മേയർ വി കെ മിനിമോൾ കടന്നുകളഞ്ഞു. പ്രതിഷേധവുമായി എൽഡിഎഫ്‌ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയതിന്‌ പിന്നാലെ ‍ക‍ൗൺസിൽ ഹാളിൽനിന്ന്‌ കടന്ന മേയർ ഓടിയെത്തി പുറത്തുനിർത്തിയ ഒ‍ൗദ്യോഗിക വാഹനത്തിൽ കയറി സ്ഥലം വിടുകയായിരുന്നു.


സാനിറ്ററി മാലിന്യം ശേഖരണത്തിൽ എല്ലാവർക്കും സബ്‌സിഡി നൽകണമെന്ന ആവശ്യത്തിൽ ചർച്ച അനുവദിക്കാത്ത മേയറുടെ നടപടിയിലും ഇതടക്കമുള്ള അജൻഡകൾ ചർച്ചകൂടാതെ ഏകപക്ഷീയമായി പാസാക്കി ക‍ൗൺസിൽ അവസാനിപ്പിച്ചതിനും എതിരെയായിരുന്നു എൽഡിഎഫ്‌ അംഗങ്ങളുടെ പ്രതിഷേധം. പ്രതിപക്ഷനേതാവ്‌ വി എ ശ്രീജിത്തും മറ്റു എൽഡിഎഫ്‌ ക‍ൗൺസിലർമാരും പ്രതിഷേധവുമായി നടുത്തളത്തിലേക്ക്‌ ഇറങ്ങുകയായിരുന്നു. ഇതോടെ അതിവേഗം ക‍ൗൺസിൽ ഹാളിൽനിന്ന്‌ പുറത്തുകടന്ന മേയർ ഓഫീസിൽ കയറി. എൽഡിഎഫ്‌ ക‍ൗൺസിലർമാർ മേയർ ഓഫീസ്‌ ഉപരോധിച്ചു. ഇതിനിടെ മറ്റൊരു വാതിൽവഴി പുറത്തുകടന്ന മേയർ ഓടിയെത്തി വാഹനത്തിൽ കയറി സ്ഥലംവിട്ടു. യുഡിഎഫ്‌ ക‍ൗൺസിലർമാർ വാഹനത്തിൽ കയറുംവരെ മേയറെ അനുഗമിച്ചു.


ബ്രഹ്മപുരത്ത്‌ മൂന്ന്‌ ഏക്കർ ഭൂമിയിൽ സ്വകാര്യ കന്പനിക്ക്‌ പ്ലാന്റ്‌ സ്ഥാപിക്കാൻ 25 വർഷത്തേക്ക്‌ നൽകുന്നതടക്കമുള്ള അജൻഡകൾ ക‍ൗൺസിലിലുണ്ടായിരുന്നു. പ്ലാന്റുമായി ബന്ധപ്പെട്ട്‌ എൽഡിഎഫ്‌ അംഗങ്ങൾ ഉയർത്തിയ ചോദ്യങ്ങളും ആശങ്കകളും അവഗണിച്ച്‌ മേയർ വോട്ടിനിട്ട്‌ പാസാക്കി. ഇതിനുപിന്നാലെയാണ്‌ നഗരവാസികളെയാകെ പ്രയാസത്തിലാക്കുന്ന സാനിറ്ററി മാലിന്യശേഖരണ അജൻഡയെടുത്തത്‌. മാലിന്യശേഖരണത്തിന്‌ എല്ലാവിഭാഗങ്ങൾക്കും നൽകിയിരുന്ന കോർപറേഷന്റെ സബ്‌സിഡി കിടപ്പുരോഗികൾ, പാലിയേറ്റീവ്‌ പേഷ്യന്റ്‌സ്‌, അതിദരിദ്രർ എന്നിവർക്ക്‌ മാത്രമായി ചുരുക്കുന്ന അജൻഡയായിരുന്നിത്. ഇതോടെ സബ്‌സിഡി ലഭിക്കുന്നവർ 12 രൂപയും അല്ലാത്തവർ 20 രൂപയും മാലിന്യം ശേഖരിക്കുന്ന ഏജൻസിക്ക്‌ നൽകേണ്ടിവരും. എല്ലാവർക്കും നിലവിലെ നിരക്കായ 12 രൂപ തുടരണമെന്നായിരുന്നു എൽഡിഎഫ്‌ നേരത്തേതന്നെയെടുത്ത നിലപാട്‌.


എന്നാൽ, അജൻഡയിൽ ചർച്ചയും നിരക്കുവർധനയിൽ പ്രതിഷേധവും ഭയന്ന്‌ മേയർ ഇതുൾപ്പെടെ ശേഷിക്കുന്ന അജൻഡകളെല്ലാം ഒറ്റയടിക്ക്‌ പാസാക്കി ക‍ൗൺസിൽ അവസാനിപ്പിച്ചു. ഇതോടെയാണ്‌ എൽഡിഎഫ്‌ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങിയതും മേയറുടെ ഓഫീസ്‌ ഉപരോധിച്ചതും മേയർ ഇറങ്ങി ഓടിയതും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home