print edition സെൻസസിൽ ജാതി രേഖപ്പെടുത്തും; 40 ചോദ്യങ്ങൾ വിജ്ഞാപനം ചെയ്‌ത് കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ
Published on Aug 15, 2026, 03:25 AM | 1 min read
ന്യൂഡൽഹി: 2027 സെൻസസുമായി ബന്ധപ്പെട്ട 40 ചോദ്യങ്ങൾ വിജ്ഞാപനംചെയ്‌ത് കേന്ദ്രസർക്കാർ. ജാതി വിവരങ്ങൾ, കോവിഡ് വാക്‌സിൻ വിശദാംശം ഉൾപ്പടെ ശേഖരിക്കും. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നടന്നിട്ടുള്ള സെൻസസുകളിൽ എസ്‌സി, എസ്‌ടി വിഭാഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ, സെൻസസിന്റെ ഭാഗമായി സമഗ്രമായ ജാതി കണക്കെടുപ്പ് ആദ്യമാണ്.
എസ്‌സി, എസ്‌ടി വിഭാഗക്കാരനാണോ? ജാതി ഏതാണ്? എന്നതാണ് 2027 സെൻസസിലെ പത്താമത്തെ ചോദ്യം. സെൻസസ് വേളയിൽ പൗരൻ ഏത് ജാതിയിലാണ് പറയുന്നുവോ അതാകും രേഖപ്പെടുത്തുക. 2027 സെൻസസിന് മുന്നോടിയായി ജൂലൈ ഒന്ന് മുതൽ 20 വരെ 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പരീക്ഷണ കണക്കെടുപ്പ് നടത്തി. ഇതിൽ പങ്കെടുത്ത ആളുകൾ പറഞ്ഞ ജാതി തന്നെയാണ് എന്യുമറേറ്റർമാർ രേഖപ്പെടുത്തിയത്.
പേര്, പ്രായം, ലിംഗം, ജനനത്തീയതി, വൈവാഹിക നില, ഭർത്താവിന്റെ/ഭാര്യയുടെ പേര്, മതം, മാതാപിതാക്കളുടെ വിവരങ്ങൾ, മാതൃഭാഷ, പരിജ്ഞാനമുള്ള ഇതരഭാഷകൾ, കോവിഡ് വാക്‌സിൻ എടുത്ത സ്ഥലം, വിദ്യാഭ്യാസ യോഗ്യത, ജനനസ്ഥലം, മുന്പ് താമസിച്ചിരുന്ന സ്ഥലം, കുടിയേറ്റത്തിനുള്ള കാരണം, ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് എത്രകാലമായി, സ്ഥിര വിലാസം, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, ആധാർ നന്പർ, മൊബൈൽ നന്പർ, വോട്ടർ ഐഡി നന്പർ, പാസ്‌പോർട്ട് നന്പർ തുടങ്ങിയവയും സെൻസസ് ചോദ്യാവലിയിലുണ്ട്.
1941 സെൻസസിൽ ജാതിവിവരങ്ങൾ ശേഖരിച്ചെങ്കിലും സമഗ്രമായി അത് പുറത്തുവിട്ടിരുന്നില്ല. 1951 മുതൽ 2011 വരെയുള്ള സെൻസസുകളിൽ എസ്‌സി, എസ്‌ടി വിഭാഗങ്ങളുടെ ജാതി, ഗോത്ര വിവരങ്ങൾ മാത്രമാണ് ശേഖരിച്ചത്. 2011ൽ സാമൂഹിക, സാന്പത്തിക, ജാതി (എസ്‌ഇസിസി) ശേഖരിച്ചെങ്കിലും സമഗ്രമായ ജാതിവിവരങ്ങൾ ഒഴികെയുള്ളവയാണ് ഒൗദ്യോഗികമായി പ്രസിദ്ധീകരിച്ചത്.
2021ൽ കോവിഡ് മഹാമാരിയുടെ പേരിൽ സെൻസസ് മാറ്റിവെച്ച കേന്ദ്രസർക്കാർ അത് നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. 2027 സെൻസസ് രാജ്യത്ത് പതിനാറാമത്തേതും സ്വാതന്ത്രലബ്‌ധിക്ക് ശേഷം എട്ടാമത്തേതുമാണ്.










0 comments