print edition മുഖ്യമന്ത്രിയുടെ സ്വന്തം ലഹരിമാഫിയ; പ്രത്യേക അന്വേഷകസംഘമില്ല

സ്വന്തം ലേഖകൻ
Published on Aug 15, 2026, 04:07 AM | 2 min read
കാസർകോട്: മുഖ്യമന്ത്രിയുടെ വിശ്വസ്‌തൻ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസുകാർ പ്രതികളായ എംഡിഎംഎ കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമം. കേസിൽ പ്രത്യേക അന്വേഷകസംഘത്തെ ഇതുവരെ നിയമിച്ചില്ല. പിടിയിലായ നാല് പ്രതികളിൽ അന്വേഷണം ഒതുക്കാനാണ് നീക്കം. മുഖ്യമന്ത്രി വി ഡി സതീശന്റെ വിശ്വസ്തനും സമൂഹമാധ്യമ കോ–ഓഡിനേറ്ററുമായ കെ എച്ച് മുഹമ്മദ് ഹുസൈൻ, അബ്ദുൾസലാം, പി എ അബ്ബാസ്, സൈനുൽ ആബിദ് എന്നിവർ കേസിൽ റിമാൻഡിലാണ്.
പ്രതികൾക്ക് അന്തർസംസ്ഥാന, വിദേശ ബന്ധങ്ങളുണ്ടെന്ന വിവരം പുറത്തുവന്നിട്ടും അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കാത്തതിൽ ദുരൂഹതയുണ്ട്. നിലവിൽ ചന്തേര പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളുടെ ഉന്നത രാഷ്ട്രീയബന്ധം അന്വേഷണപരിധിയിലില്ല. എംഡിഎംഎയുടെ ഉറവിടം, കാരിയർമാരുടെ വിവരം, പ്രതികളുടെ സാമ്പത്തികസ്രോതസ്, ഇടനിലക്കാർ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പുറത്തുവരാനുണ്ട്. എന്നാൽ, ഇതിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ സാധ്യതയില്ല.
പിടിയിലായ കെ എച്ച് മുഹമ്മദ് ഹുസൈനൊപ്പം വി ഡി സതീശൻ
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റടക്കം നാലുപേരാണ് സാക്ഷികളായി ഒപ്പുവച്ചത്. കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിത്തന്നെയാണിത്. കോടതിയിൽ ഇവർ കൂറുമാറിയാൽ കേസ് ദുർബല പ്പെടും.
എറണാകുളത്തുനിന്ന് 500 ഗ്രാം എംഡിഎംഎയുമായി വരുമ്പോൾ മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രതികളുടെ വാഹനം പരിശോധിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വി ഡി സതീശനുമൊത്തുള്ള ദൃശ്യങ്ങൾ കാണിച്ച് കടന്നുപോവുകയായിരുന്നെന്നും വിവരമുണ്ട്. കാസർകോട് കാലിക്കടവിൽ പിടിയിലാകുമ്പോൾ 139.29 ഗ്രാം എംഡിഎംഎയാണ് പ്രതികളുടെ പക്കലുണ്ടായിരുന്നത്. ബാക്കി വരുന്നവഴി വിതരണംചെയ്‌തു.
കോടികളുടെ ഇടപാട്
കാസർകോട്: ലഹരിക്കടത്തിലൂടെ കോടികളുടെ ഇടപാടാണ് യൂത്ത് കോൺഗ്രസ് സംഘം നടത്തിയത്. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എത്തിച്ച കാരിയർമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇവർ അവസാനം അയച്ചത് 53 ലക്ഷം രൂപയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാസർകോട് സ്വദേശിനിയായ റിയ വഴിയാണ് സംഘത്തിന് എംഡിഎംഎ ലഭിക്കുന്നത്. റിയ നൈജീരിയൻ സംഘത്തിൽനിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നത്.
എൻസിബി വിവരശേഖരണം തുടങ്ങി
കൊച്ചി: മുഖ്യന്ത്രിയുടെ വിശ്വസ്‌തനടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ കാസർകോട് എംഡിഎംഎ കേസിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) വിവരശേഖരണം തുടങ്ങി. റാക്കറ്റിന്റെ രാജ്യാന്തരബന്ധം പരിശോധിക്കാനാണ് നീക്കം. പ്രതികളിലൊരാളായ പി എ അബ്ദുൾ സലാം നിരവധി വിദേശയാത്രങ്ങൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ഹവാല ഇടപാട് കണ്ണികളാണെന്നും സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻസിബി വിവരങ്ങൾ ശേഖരിക്കുന്നത്. രാഷ്ട്രീയനേതാക്കളുടെ മറപറ്റിയാണ് മയക്കുമരുന്ന് കടത്തിയതെന്നാണ് സൂചന.
കാസർകോട് പൊലീസിൽനിന്ന് എൻസിബി വിവരങ്ങൾ തേടും. ലഹരിക്കടത്തിനുപിന്നിൽ വൻ റാക്കറ്റാണെന്നും ഏഴ് ജില്ലകളിൽ ഇടനിലക്കാരുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തൽ. അബ്ദുൽസലാം തായ്‌ലൻഡ്, മലേഷ്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് പലതവണ യാത്ര നടത്തിയിട്ടുണ്ട്. ഇൗ യാത്രകളുടെ വിവരങ്ങൾ ശേഖരിക്കും.
പ്രസിദ്ധ ഗുണ്ട പെരുമ്പാവൂർ അനസ് വിദേശത്തിരുന്ന് ലഹരി ഇടപാടുകൾ നിയന്ത്രിക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. അനസിന്റെ സംഘത്തിലുണ്ടായിരുന്ന അബ്ദുൽ സലാമിന്റെ യാത്രകൾക്ക് ലഹരി ഇടപാടുകളുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.
എംഡിഎംഎ മറയ്ക്കാൻ ‘കുടിവെള്ളം’
കൊച്ചി: എംഡിഎംഎ കച്ചവടത്തിന് മറയിടാൻ പ്രതികൾ നടത്തിയിരുന്നത് കുടിവെള്ളവിതരണം. മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ കോ–ഓർഡിനേറ്ററും മുഖ്യപ്രതിയുമായ മുഹമ്മദ് ഹുസൈനും ബന്ധുവായ അബ്‌ദുൾ സലാമും നാട്ടിൽ കുടിവെള്ളവിതരണ ബിസിനസ് നടത്തിയിരുന്നു. അബ്ദുൾ സലാമിന് ഗുണ്ടാതലവന്മാരായ പെരുന്പാവൂർ അനസ്, ഒൗറംഗസേബ് എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നു.
ഇരുവർക്കുമൊപ്പം അബ്ദുൾ സലാം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മുഹമ്മദ് ഹുസൈനും ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
ഹവാല സംഘവുമായും ബന്ധം
തൃക്കരിപ്പൂർ: എംഡിഎംഎയുമായി പിടിയിലായ യൂത്ത് കോൺഗ്രസുകാർക്ക് ഹവാല പണമിടപാട് സംഘവുമായും ബന്ധം. ഇവരുടെ നിരവധി വിദേശയാത്രകളും പെട്ടെന്നുള്ള സാന്പത്തിക വളർച്ചയും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. വിദേശത്തെ ഹവാല പണമിടപാട് സംഘത്തിന്റെ നാട്ടിലുള്ള വിതരണക്കാരാണ് ഇവരെന്ന് കരുതുന്നു.
മിനറൽ വാട്ടർ വിതരണക്കാരായിരുന്നവർ പെട്ടെന്ന് സാന്പത്തികമായി ഉയർന്ന നിലയിലെത്തിയത് നാട്ടുകാരിൽ സംശയം ജനിപ്പിച്ചിരുന്നു. പ്രതി പി എ അബ്ദുൾ സലാം ഗുണ്ടാ സംഘത്തിൽപ്പെട്ടയാളാണ്. സൈനുൽ ആബിദ് സൈബർത്തട്ടിപ്പ് കേസിലെ പ്രതിയാണ്. നാട്ടിൽനിന്ന് ഇടയ്‌ക്കിടെ ഇവർ അപ്രത്യക്ഷരാകും. എംഡിഎംഎ കടത്തിനിടെ കാലിക്കടവിൽ പിടികൂടിയ കാറിനുപുറമെ വേറെയും വാഹനങ്ങൾ എത്തിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ റോഡ് ഷോയ്‌ക്ക് ഉപയോഗിക്കുന്ന തുറന്ന ജീപ്പും ഇവർക്കുണ്ട്.










0 comments