കൗൺസിൽ യോഗത്തിലെ ഉറപ്പ് പാലിച്ചില്ല; എൽഡിഎഫ് പ്രതിഷേധിച്ചു

തൃപ്പൂണിത്തുറ നഗരസഭ കവാടത്തിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിക്കുന്നു
തൃപ്പൂണിത്തുറ
മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയർപേഴ്സൺ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്കായി ഇതുവരെയും 10 വാർഡുകളിൽ ഫണ്ട് അനുവദിക്കാൻ നഗരസഭ അധികാരികൾ തയ്യാറായിട്ടില്ല. വൈസ് ചെയർപേഴ്സന്റെ വാർഡിൽ പോലും ഫണ്ട് അനുവദിക്കാൻ കഴിഞ്ഞില്ലെന്നും ബിജെപി ഭരണ നേതൃത്വത്തിന് അംഗീകരിക്കേണ്ടിവന്നു. ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് ജൈവമാലിന്യങ്ങൾ താൽക്കാലികമായി സൂക്ഷിക്കുന്നതിന് പുതിയകാവ് ഡിവിഷന് അനുവദിച്ച മിനി എംസിഎഫ് അവിടെ സ്ഥാപിക്കാൻ തയ്യാറാകാതെ വാർഡ് കൗൺസിലർ പനക്കൽ വാർഡിലേക്ക് മാറ്റിസ്ഥാപിക്കാൻ ശ്രമിച്ചതായും എൽഡിഎഫ് ആരോപിച്ചു.
പ്ലക്കാർഡുകളുമായിട്ട് കൗൺസിൽ യോഗത്തിൽ എത്തിയ എൽഡിഎഫ് കൗൺസിലർമാർ നഗരസഭ കവാടത്തിലും പ്രതിഷേധം സംഘടിപ്പിച്ചു. എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ കെ ടി അഖിൽദാസ്, സ്ഥിരംസമിതി അധ്യക്ഷരായ ഇ എസ് രാകേഷ് പൈ, ഷിനി ജയകുമാർ എന്നിവർ സംസാരിച്ചു.









0 comments