തീരാദുരിതം; റോഡിൽ വെള്ളക്കെട്ട്

മാവുങ്കാല്‍ മാവുങ്കാല്‍– കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാനപാതയില്‍ പുതിയകണ്ടം ലക്ഷം വീടിന് തെക്കുഭാഗത്തുള്ള കള്‍വര്‍ട്ടിന് ആഴം കുറഞ്ഞതിനാല്‍ റോഡില്‍ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് നാട്ടുകാർ ദുരിതത്തിലായി. മുമ്പ് പ്രദേശത്ത് ഇതേ പ്രശ്‌നമുണ്ടായപ്പോൾ പരാതി നൽകിയതിനെ തുടർന്ന് മഴവെള്ളം ഒഴുകിപ്പോകാന്‍ ഓവുചാല്‍ നിര്‍മിച്ചിരുന്നു. റോഡ് മുറിച്ചുകടക്കുന്ന കള്‍വര്‍ട്ടിന് ആഴമില്ലാത്തതാണ് നിലവിൽ പ്രദേശവാസികളെ ദുരിതത്തിലാഴ്‌ത്തിയത്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ കടന്നുപോകുന്നതിനാൽ നിലവിൽ കള്‍വര്‍ട്ടിന്റെ അടിഭാഗം ആഴം കൂട്ടാന്‍ സാധിക്കില്ല. പൈപ്പ് ലൈന്‍ മാറ്റാതെ ആഴംകൂട്ടാന്‍ കഴിയില്ലെന്ന് പിഡബ്ല്യുഡി അധികൃതര്‍ വ്യക്തമാക്കി. വാട്ടര്‍ അതോറിറ്റി അധികൃതരോട് പൈപ്പ് മാറ്റണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു നടപടിയുമുണ്ടായില്ല. നിരവധി കുടുംബങ്ങള്‍ക്കുള്ള കുടിവെള്ളം കടന്നുപോകുന്ന പൈപ്പ് അഴുക്കുചാലിലിട്ടത് നിയമവിരുദ്ധമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കുടിവെള്ള പൈപ്പ് അഴുക്ക് ചാലില്‍നിന്ന് മാറ്റി കള്‍വര്‍ട്ടിന്റെ അടിഭാഗം ആഴംകൂട്ടി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നും നിയമം ലംഘിച്ചവർക്കെതിരെ നടപടിയുണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മാവുങ്കാല്‍ പാതിരിക്കുന്ന് എ കെ ജി മെമോറിയല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് എം ആര്‍ ദിനേശന്‍ കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് പരാതിയും നല്‍കി.








0 comments