പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കൽ
എൽഡിഎഫ് പ്രതിഷേധം അലയടിച്ചു

സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷിന്റെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭയിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധമാർച്ച്
കൊച്ചി
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധം അലയടിച്ചു. ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് എൽഡിഎഫ് നടത്തിയ മാര്‍ച്ചിലും ധർണയിലും ആയിരങ്ങൾ അണിചേർന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 692 കോടി രൂപ പുതുക്കിയ ബജറ്റില്‍ 177 കോടിയായി വെട്ടിക്കുറച്ചതിനാൽ നാടിന്റെ വികസന, ക്ഷേമപ്രവർത്തനങ്ങളും തദ്ദേശസ്ഥാപനങ്ങളും പ്രതിസന്ധിയിലായി. സാന്ത്വനപരിചരണം തേടുന്ന രോഗികൾക്ക് മരുന്നുവാങ്ങാൻപോലും തദ്ദേശസ്ഥാപനങ്ങൾക്ക് പണമില്ല. ഭിന്നശേഷി സ്‌കോളർഷിപ് ഉൾപ്പെടെ മുടങ്ങുന്ന സ്ഥിതിയാണ്.
തൃക്കാക്കര നഗരസഭയിലേക്ക് നടത്തിയ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനംചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ മൂവാറ്റുപുഴയിലും എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി തിരുവാണിയൂരിലും പ്രതിഷേധം ഉദ്ഘാടനംചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ് ശർമ അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലും സി എം ദിനേശ്‌മണി മുളവുകാടിലും എം അനിൽകുമാർ കളമശേരിയിലും ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജോൺ ഫെർണാണ്ടസ് ഏലൂരിലും ഷാജി മുഹമ്മദ് മാറാടിയിലും സി കെ പരീത് കിഴക്കന്പലത്തും കെ എൻ ഉണ്ണിക്കൃഷ്ണൻ തൃപ്പൂണിത്തുറയിലും ആർ അനിൽകുമാർ കൂത്താട്ടുകുളത്തും സി ബി ദേവദർശനൻ നെല്ലിക്കുഴിയിലും കെ എസ് അരുൺകുമാർ കുമ്പളത്തും ഉദ്‌ഘാടനംചെയ്തു.










0 comments