പൊതുവഴിയില്‍ നിര്‍മിച്ച മതില്‍ നാട്ടുകാര്‍ പൊളിച്ചു

കൊച്ചി
മുളവുകാട് പഞ്ചായത്തിൽ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഒത്താശയോടെ ബോൾഗാട്ടിയിൽ ഒരു വ്യക്തി പൊതുവഴി കൈയേറി നിര്‍മിച്ച മതില്‍ സിപിഐ എം നേതൃത്വത്തിൽ നാട്ടുകാർ പൊളിച്ചുനീക്കി.
സിപിഐ എം മുളവുകാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധയോഗം ചേർന്നാണ് റോഡ് അടച്ചുകെട്ടിയ മതിൽ പൊളിച്ചുനീക്കിയത്. 35 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള റോഡ് പഞ്ചായത്തിലെ ചില ഭരണസമിതി അംഗങ്ങളുടെ ഒത്താശയോടെ വ്യക്തി അടച്ചുകെട്ടുകയായിരുന്നു. റോഡ് തുറന്നുകൊടുക്കണമെന്ന് പഞ്ചായത്തിൽ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് നാട്ടുകാർ മതിൽ പൊളിച്ചത്. ഇതോടെ 60 ലക്ഷം രൂപ വിലയുള്ള ഭൂമിയാണ് നാട്ടുകാർ തിരിച്ചുപിടിച്ചത്. യോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ വി മനോജ് ഉദ്ഘാടനം ചെയ്തു. സിപിഐ എം മുളവുകാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ കെ ജയരാജ് അധ്യക്ഷനായി.
എറണാകുളം ഏരിയ കമ്മിറ്റി അംഗം വി വി പ്രവീൺ, മുളവുകാട് ലോക്കൽ സെക്രട്ടറി കെ ബി സുനിൽ, അരുൺ ആന്റണി, ഹെൻറി ഷാജൻ എന്നിവർ സംസാരിച്ചു.









0 comments