പുഴ നികത്തിയതായി കണ്ടെത്തൽ: പൊലീസ് കേസെടുത്തു

ആലങ്ങാട്
കരുമാല്ലൂർ പഞ്ചായത്ത് 12–-ാം വാർഡിൽ കടൂപ്പാടം കാർമൽഗിരി സെമിനാരിക്ക് സമീപം പുഴ നികത്തുന്നതായി കണ്ടെത്തി. ഇതിനായി ഉപയോഗിച്ച മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ ആലുവ ഈസ്റ്റ് പൊലീസ് പിടിച്ചെടുത്തു.
പെരിയാറിന്റെ തീരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു ഖരമാലിന്യങ്ങളും അനധികൃതമായി തള്ളുന്നതായി നാട്ടുകാർ പൊലീസിലും കരുമാല്ലൂർ പഞ്ചായത്ത് ആരോഗ്യവിഭാഗത്തിലും അറിയിച്ചിരുന്നു. ഇത് പരിശോധിക്കാനെത്തിയപ്പോഴാണ് പുഴ നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. പുഴ നികത്തുന്ന ഭാഗത്തോട് ചേർന്നുള്ള സ്ഥലത്ത് രണ്ട് വ്യക്തികൾ പാർപ്പിടസമുച്ചയം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ, ഇടക്കാലത്ത് നിർമാണം നിലച്ചു. പുഴ നികത്തിയെടുക്കാനായി വൻതോതിൽ ഖരമാലിന്യങ്ങളും മറ്റും ഇവിടെ ശേഖരിച്ചിട്ടുണ്ട്.
ഈ ഭൂമിയിലുള്ള ഒരുകിണർ മാലിന്യങ്ങൾ തള്ളി ഇവർ മൂടി. 13–-ാം വാർഡ് കൗൺസിലറുടെ ഒത്താശയോടെയാണ് വ്യക്തികൾ പുഴ നികത്തുന്നതെന്നാണ് വിവരം. ജൽജീവൻ പദ്ധതിക്കായി റോഡ് കുത്തിപ്പൊളിച്ച മാലിന്യങ്ങളും മണ്ണും വൻതോതിൽ പുഴ നികത്താൻ ഉപയോഗിച്ചതായി പഞ്ചായത്ത് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വ്യക്തമായി.
ജൽജീവൻ പദ്ധതിയിലെ മണ്ണ് അനധികൃത ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനെതിരെ പഞ്ചായത്തും നടപടിക്കൊരുങ്ങുകയാണ്. പുഴ നികത്തുന്നതിലും മാലിന്യം തള്ളുന്നതിലും നടപടി ആവശ്യപ്പെട്ട് കലക്ടർ, പഞ്ചായത്ത് സെക്രട്ടറി, പൊലീസ് എന്നിവർക്ക് കടൂപ്പാടം മേത്തരിപ്പറമ്പിൽ വീട്ടിൽ എം കെ ഫൈസൽ പരാതി നൽകി.









0 comments