ad
Deshabhimani

ഹൈക്കോടതി ഇടപെടലിൽ 
തെളിയുമോ കുഴിക്കണ്ടം തോട്‌

KUZHIKKANDAM  THODU

നിലവിലെ കുഴിക്കണ്ടം തോട്

avatar
കെ പി വേണു

Published on Jul 28, 2026, 01:47 AM | 2 min read

കളമശേരി


അപകടകാരികളായ രാസമാലിന്യങ്ങളുണ്ടെന്ന് കണ്ടെത്തിയ കുഴിക്കണ്ടം തോട് ഡിസംബർ 31 നകം ശുചീകരിച്ച് റിപ്പോർട്ട് നൽകണമെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് ഏലൂർനിവാസികൾ.


കുഴിക്കണ്ടം തോട് ശാസ്ത്രീയമായി ശുചീകരിക്കണമെന്ന ആവശ്യവുമായി നിയമപോരാട്ടം നടത്തുന്ന അസോസിയേഷൻ ഓഫ് ഗ്രീൻ ആക്ഷൻ ഫോഴ്സ് സെക്രട്ടറി ഷിബു മാനുവലിന്റെ പരാതിയിലാണ് നടപടി. തോട് ശുചീകരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) തയ്യാറാക്കിയ പദ്ധതി രണ്ടുവർഷംകൊണ്ട് പൂർത്തിയാകുന്നതാണ്. ഇത് സ്വീകാര്യമല്ലെന്നാണ് പുതിയ സമയപരിധി നിശ്ചയിച്ച് ചീഫ് ജസ്റ്റിസ് ജസ്‌റ്റിസ്‌ സൗമൻ സെൻ, ജസ്‌റ്റിസ്‌ വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് 15ന് ഉത്തരവിട്ടത്.


​ഓരോ പ്രദേശത്തും കുഴിക്കണ്ടം, പനച്ചി, പള്ളിപ്പുറംചാൽ, ഉന്തിത്തോട് എന്നീ പേരുകളിൽ അറിയപ്പെടുന്ന രണ്ടരക്കിലോമീറ്റർ ദൈർഘ്യമുള്ള തോട് പെരിയാറിന്റെ രണ്ടുഭാഗങ്ങളെ കൂട്ടിയോജിപ്പിക്കുന്നതാണ്. മെർക്കം ഇന്ത്യ, എച്ച്ഐഎൽ (രണ്ടും നിലവിലില്ല) എഫ്എസിടി, ഐആർഇ കമ്പനികൾ 110 ഓളം മാരക രാസമാലിന്യങ്ങൾ കുഴിക്കണ്ടം തോട്ടിലേക്ക് ഒഴുക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ.


കേസിന്റെ നാൾവഴി ​


1994ലാണ് പരാതിക്കാരൻ നിയമപോരാട്ടം ആരംഭിച്ചത്. അന്താരാഷ്ട്ര ഏജൻസിയായ ഗ്രീൻപീസ് ഉൾപ്പെടെ 1999ൽ നടത്തിയ പഠനത്തിൽ ഇന്ത്യയിലെ 12 മാലിന്യ കേന്ദ്രങ്ങളിലൊന്നും മാരക രാസമാലിന്യ സാന്നിധ്യമുള്ള മൂന്നാമത്തെ കേന്ദ്രവുമാണ് കുഴിക്കണ്ടംതോട്. 2010ൽ 60 ദിവസത്തെ സാന്പിൾ ശേഖരിച്ച്‌ പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവായി. 2011ൽ കേന്ദ്രസർക്കാർ ആഗോള ടെൻഡർ വിളിച്ച് ശാസ്‌ത്രീയശുചീകരണത്തിന് പദ്ധതി രൂപീകരിച്ചു. ഇതനുസരിച്ച് രാജ്യത്തെ 12 തോടുകൾക്കുമായി വരുന്ന ചെലവിന്റെ 40 ശതമാനം കേന്ദ്രവും 60 ശതമാന സംസ്ഥാനവും കമ്പനികളും ചേർന്നും വഹിക്കണം. ബിജെപി അധികാരമേറ്റതോടെ കേന്ദ്രം പദ്ധതിയിൽനിന്ന് പിന്മാറി. 2022ൽ സംസ്ഥാന സർക്കാർ 16 കോടി രൂപ പിസിബിക്ക് കൈമാറി.


ശാസ്ത്രീയ ശുചീകരണം 
എങ്ങനെ


​ആദ്യമായി തോട്ടിലെ വെള്ളം ശുചീകരിച്ച് വീണ്ടും തോട്ടിലേക്കൊഴുക്കാൻ എഫ്ലുവെന്റ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ (ഇടിപി) സ്ഥാപിക്കണം. ഇതിനായി എച്ച്ഐഎൽ 75 സെന്റ്‌ ഭൂമി കൈമാറിയിരുന്നു. തുടർന്ന് ചെളി കോരിയെടുത്ത് സംസ്ഥാനത്തെ ഏക ടിഎസ്ഡിഎഫ് (ട്രീറ്റ്മെന്റ്‌ സ്റ്റോറേജ് ഡിസ്പോസൽ ഫെസിലിറ്റി) ആയ അമ്പലമുകളിൽ എത്തിക്കണം. പിന്നീട് നല്ല മണ്ണെത്തിച്ച് മാറ്റിയ ചെളിക്കുപകരം വിരിക്കണം. ജോലികൾ പൂർത്തിയായ ഷവും തുടർച്ചയായ 10 വർഷം ഇടിപി പ്രവർത്തിപ്പിക്കണം.


ശാസ്‌ത്രീയശുചീകരണത്തിന്റെ നടത്തിപ്പുചുമതല പിസിബിക്കാണ്. ടെൻഡർ വിളിച്ച് എംപാനൽഡ് ഏജൻസിയെ കണ്ടെത്തി കരാർവച്ച്‌ പണി തുടങ്ങി പൂർത്തിയാക്കാൻ അഞ്ചുമാസമാണ് മുന്നിലുള്ളത്.​


ശുചീകരണത്തിന്‌ 26 കോടി രൂപയാണ് നിലവിൽ എസ്റ്റിമേറ്റ്. ജോലി തുടങ്ങുമ്പോൾ ബാക്കിത്തുക സംസ്ഥാന സർക്കാർ കൈമാറും. എന്നാൽ, ഇതുവരെ പിസിബിയുടെ ഭാഗത്തുനിന്ന്‌ നീക്കങ്ങളൊന്നുമില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home