എന്നും കുന്നത്തുനാടിനൊപ്പം

കുന്നത്തുനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി വി ശ്രീനിജിന് വെണ്മണിയിൽ നൽകിയ സ്വീകരണം
കോലഞ്ചേരി
കുന്നത്തുനാടിനൊപ്പം എന്നും നിലകൊള്ളുന്ന വികസന നായകൻ അഡ്വ. പി വി ശ്രീനിജിനെ കണിക്കൊന്നപ്പൂക്കൾ നൽകി വരവേറ്റ് നാട്ടുകാർ. അഞ്ചുവർഷം നാടിന് സമ്മാനിച്ച വികസനത്തിന് നന്ദിയറിച്ച് നിരവധിപേർ സ്ഥാനാർഥിക്ക് വിജയാശംസയറിയിക്കാൻ സ്വീകരണകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. ബുധൻ രാവിലെ ആരംഭിച്ച പൊതുപര്യടനം നാടിന്റെ ഉത്സവമായിമാറി.
ചെങ്കൊടിയേന്തിയ പ്രവർത്തകർ നയിച്ച ഇരുചക്രവാഹന റാലിയുടെ അകന്പടിയോടെ നാട്ടിടവഴികളിലൂടെ സഞ്ചരിച്ച സ്ഥാനാർഥിക്ക് എങ്ങും ലഭിച്ചത് ആവേശോജ്വല വരവേൽപ്. റോസാപ്പൂ നൽകിയും രക്തഹാരമണിയിച്ചും അവർ പ്രിയങ്കരനായ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി വി ശ്രീനിജിനെ മാറോടണച്ചു. തിരുവാണിയൂർ പഞ്ചായത്തിലാണ് സ്ഥാനാർഥി ബുധനാഴ്‌ച പൊതുപര്യടനം നടത്തിയത്.
വെൺമണിയിലെത്തിപ്പോൾ ഗോഡൗണിൽ ജോലിചെയ്യുകയായിരുന്ന തൊഴിലാളികളായ രാജുവും ഏലിയാസും തിരക്കിനിടയിലും സ്ഥാനാർഥിയെ കാണാനെത്തി. കണിക്കൊന്നപ്പൂക്കൾ നൽകി അവർ വിജയാശംസയറിയിച്ചു.
എന്നും കുന്നത്തുനാടിനൊപ്പമാണ് താനെന്ന് പി വി ശ്രീനിജിൻ ജനങ്ങളോട് പറഞ്ഞു. സാധാരണക്കാരെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ തനിക്ക് നിയമസഭയിൽ അവതരിപ്പിക്കാൻ സാധിച്ചു.
അവ പദ്ധതികളായി നടപ്പാക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ശ്രീനിജിൻ പറഞ്ഞു. യുഡിഎഫിന്റെ കാലത്ത് ക്ഷേമപെൻഷൻ 18 മാസം മുടങ്ങിയത് അദ്ദേഹം ഓർമിപ്പിച്ചു. മണ്ഡലത്തിലെ 37,000ത്തോളം പേർക്ക് ക്ഷേമപെൻഷൻ നൽകാനായെന്നും ശ്രീനിജിൻ സ്വീകരണയോഗങ്ങളിൽ പറഞ്ഞു.
തിരുവാണിയൂർ അയ്‌നാമുകളിൽനിന്ന് ബുധനാഴ്‌ച രാവിലെ ആരംഭിച്ച പൊതുപര്യടനം മണ്ഡലം സെക്രട്ടറി കെ കെ ഏലിയാസ് ഉദ്‌ഘാടനം ചെയ്‌തു. കരിമരുന്നുപ്രയോഗത്തോടെയാണ് എല്ലാ സ്വീകരണകേന്ദ്രങ്ങളിലും സ്ഥാനാർഥിയെ വരവേറ്റത്. ചെങ്കൊടികളും തോരണങ്ങളുംകൊണ്ട് അലങ്കരിച്ച സ്വീകരണവേദികളിലേക്ക് നിറഞ്ഞ ചിരിയോടെ കൈവീശീ തുറന്ന വാഹനത്തിൽ സ്ഥാനാർഥി എത്തിയപ്പോൾ ആവേശം വാനോളമുയർന്നു.
മാനാന്തടം ലക്ഷംവീട്, പാലാപ്പടി, വെമ്പിള്ളിമറ്റം താഴം, മേക്കരക്കരോട്ട്, പാലത്തടം, പണിക്കരുപടി, വെൺമണി, പാലച്ചുവട്, ഉൗരടിക്കവല, മാമല, തടത്തിക്കരോട്ട്, മൂരിയമംഗലം, കണ്ടാരത്തുമല എന്നിവിടങ്ങളിലൂടെ കടന്ന് പര്യടനം വെങ്കിടയിൽ സമാപിച്ചു.
വ്യാഴാഴ്‌ച പൊതുപര്യടനത്തിന് മഴുവന്നൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.
യുഡിഎഫ് സ്ഥാനാർഥി വി പി സജീന്ദ്രൻ ബുധനാഴ്‌ച സൗത്ത് വാഴക്കുളം പഞ്ചായത്തിലെ വിവിധ മേഖലകളിൽ പ്രചാരണം നടത്തി. പ്രദേശത്തെ വ്യാപാര-വ്യവസായ സ്ഥാപനങ്ങളും സന്ദർശിച്ചു.










0 comments