Deshabhimani

കുണ്ടോപ്പാടം വീണ്ടും കതിരണിഞ്ഞു: കൊയ്-ത്തിനൊരുങ്ങി ഏലൂർ

Kundoppadam is laden with grain once again.

ഏലൂർ കുണ്ടോപ്പാടത്തെത്തിയ കിളിക്കൂട്ടം

വെബ് ഡെസ്ക്

Published on Oct 20, 2026, 01:52 AM | 1 min read

കളമശേരി


ഏലൂർ വടക്കുഭാഗത്ത് ഏറെക്കാലം തരിശായി കിടന്ന കുണ്ടോപ്പാടം വീണ്ടെടുത്ത് നടത്തിയ രണ്ടാംഘട്ട നെൽക്കൃഷി വിളവെടുപ്പിലേക്ക്. ഏലൂരിന്റെ കാർഷിക പൈതൃകം വീണ്ടെടുക്കാൻ നഗരസഭ ഒരുക്കിയ പദ്ധതികളുടെ ഭാഗമായാണ് കഴിഞ്ഞവർഷം 20 ഏക്കറിൽ കൃഷിയിറക്കിയത്. എം എ ജെയിംസ് പ്രസിഡന്റും എ ജെ ഫ്രാൻസിസ് സെക്രട്ടറിയും പ്രസീതൻ ട്രഷററുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


പി രാജീവ് കളമശേരി മണ്ഡലത്തിലെ എംഎൽഎയായിരുന്നപ്പോൾ ആവിഷ്കരിച്ച ‘കൃഷിക്കൊപ്പം കളമശേരി' പദ്ധതിയുടെ ഭാഗമായാണ് തരിശുനിലത്ത് കൃഷിയിറക്കിയത്. കഴിഞ്ഞവർഷത്തെ കൃഷിയുടെ മികവാണ് ഈ വർഷവും കൃഷി നടത്താൻ പ്രേരണയായത്. ഏലൂർ നഗരസഭ വലിയ പിന്തുണ നൽകിയാണ് ആദ്യഘട്ടം കൃഷി ഇറക്കിയത്. ജനകീയാസൂത്രണ പദ്ധതിയിൽ ഹെക്ടറിന് 35,000 രൂപവീതം ഫണ്ട് വകയിരുത്തി. ജലസേചനത്തിനായി പ്രളയകാലത്ത് നശിച്ച പമ്പും പമ്പ് ഹൗസും 8.35 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു. 120 ദിവസംകൊണ്ട് വിളവെടുക്കാവുന്ന ‘ഉമ' നെൽവിത്താണ് ഇത്തവണ വിതച്ചത്. വിളവെടുക്കാറായപ്പോഴെത്തുന്ന കിളികളെ തോരണം കെട്ടിയും പടക്കം പൊട്ടിച്ചും അകറ്റുന്നുണ്ടെങ്കിലും അത്രഫലപ്രദമാകുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ഈ മാസം അവസാനത്തോടെ നെല്ലുകൊയ്യാൻ ഒരുങ്ങുകയാണ് കർഷകർ.


കൊയ്ത്തുമെഷീൻ ഏർപ്പാടാക്കാനുള്ള പ്രവർത്തനം മുന്നേറുന്നുണ്ട്. വടക്കുഭാഗത്തെ മാതൃകയാക്കി മഞ്ഞുമ്മൽ ഉൾപ്പെടെ പലഭാഗത്തും കർഷകഗ്രൂപ്പുകൾ കൃഷിയിറക്കാൻ തയാറെടുക്കുന്നുണ്ട്. ട്രാക്ടർ ലഭ്യമായാൽ പ്രാരംഭച്ചെലവിൽ വലിയ കുറവുണ്ടാകുമെന്ന് എം എ ജെയിംസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home