ബ്ലൂ ഇന്ത്യ രാജ്യാന്തര സെമിനാർ
കുഫോസ് നയരേഖകൾ ഫിഷറീസ് മന്ത്രിക്ക് കൈമാറി

കുഫോസിൽ നടന്ന ബ്ലൂ ഇന്ത്യ സെമിനാർ സമാപന സമ്മേളനം ഫിഷറീസ് മന്ത്രി വി ഇ അബ്‌ദുൾ ഗഫൂർ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) സംഘടിപ്പിച്ച ബ്ലൂ ഇന്ത്യ രാജ്യാന്തര സെമിനാർ സമാപനത്തോടനുബന്ധിച്ച് രണ്ട് നയരേഖകൾ ഫിഷറീസ് മന്ത്രി വി ഇ അബ്‌ദുൾ ഗഫൂറിന് സമർപ്പിച്ചു. കേരളത്തിലെ മത്സ്യമേഖലയുടെ വികസനവും കുഫോസിനെ മത്സ്യശാസ്ത്രം, സമുദ്രശാസ്ത്രം, നീല സമ്പദ്‌വ്യവസ്ഥ വികസനം എന്നീ മേഖലകളിൽ മികവിന്റെ കേന്ദ്രമായി ഉയർത്താനുള്ള നിർദേശങ്ങളുമാണ് നയരേഖയിലുള്ളത്.
കേരളത്തിലെ മത്സ്യമേഖലയുടെ സുസ്ഥിര പരിവർത്തനത്തിനുള്ള തന്ത്രപരമായ പ്രവർത്തന പദ്ധതി, കുഫോസ് വിഷൻ പ്ലാൻ (2026–2031) എന്നീ രേഖകളാണ് വൈസ് ചാൻസലർ ഡോ. എ ബിജുകുമാർ മന്ത്രിക്ക് കൈമാറിയത്. കേന്ദ്രം ആവിഷ്‌കരിച്ചിട്ടുള്ള ബ്ലൂ ഇക്കോണമി പദ്ധതിയുടെ ഭാഗമായി മത്സ്യമേഖലയിൽ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളാണ് നയരേഖകളിൽ ഒന്നിലുള്ളത്. മത്സ്യശാസ്ത്രം, സമുദ്രശാസ്ത്രം, ബ്ലൂ ഇക്കോണമി വികസനം എന്നീ മേഖലകളിൽ സംസ്ഥാന സർക്കാരിന്റെ പ്രധാന വിജ്ഞാന പങ്കാളിയായും ആഗോള ബന്ധമുള്ള ബഹുവിഷയ സർവകലാശാലയുമായി കുഫോസിനെ മാറ്റാനുള്ള നിർദേശങ്ങളാണ് രണ്ടാമത്തേതിലുള്ളത്.










0 comments