കുടുംബശ്രീ സ്‌നേഹിത സ്കൂൾ എക്സ്റ്റൻഷൻ സെന്ററുകൾക്ക് തുടക്കം

കുടുംബശ്രീ സ്‌നേഹിത സ്കൂൾ എക്‌സ്‌റ്റൻഷൻ സെന്ററിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എടവനക്കാട് ഗവ. യുപി സ്കൂളിൽ നടന്ന ക്ലാസ്
കൊച്ചി
കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത സ്കൂൾ എക്സ്റ്റൻഷൻ സെന്ററുകൾക്ക് തുടക്കം. സമൂഹത്തിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് മാനസിക പിന്തുണയും കൗൺസലിങ്ങും ഉറപ്പാക്കുകയും ബോധവൽക്കരണം സംഘടിപ്പിക്കുകയുമാണ് പ്രധാനലക്ഷ്യം. ജില്ലയിൽ 45 സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും 24 മണിക്കൂറും പിന്തുണയും സംരക്ഷണവും നൽകുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിലാണ് സ്കൂൾ എക്‌സ്‌റ്റൻഷൻ സെന്ററുകൾ പ്രവർത്തിക്കുക. പരിശീലനം നേടിയ സ്‌നേഹിത കമ്യൂണിറ്റി കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും സേവനം സ്കൂളുകളിൽ പ്രയോജനപ്പെടുത്തും. എല്ലാ മാസവും ഒരുദിവസം കൗൺസലിങ് സൗകര്യം സ്കൂൾ തലത്തിൽ ഒരുക്കും.
സെന്ററിന്റെ ഭാഗമായി വിദ്യാർഥികൾക്കായി സമഗ്ര ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. പഠന–- സ്വഭാവ വെല്ലുവിളികൾ, ആത്മവിശ്വാസക്കുറവ്, പരീക്ഷാ പേടി, പഠന സമ്മർദം എന്നിവയ്‌ക്കും സാമൂഹിക–മാനസിക സുരക്ഷ, ലൈംഗികാതിക്രമങ്ങളും ചൂഷണവും സമൂഹമാധ്യമങ്ങളും സൈബർ സുരക്ഷയും ഉൾപ്പെടെയുള്ള വിഷയങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകും. മാനസികാരോഗ്യ പരിപാലനം, മയക്കുമരുന്ന്, പുകവലി, മദ്യം തുടങ്ങിയവയുടെ ദോഷഫലങ്ങൾ മനസ്സിലാക്കി വിദ്യാർഥികൾക്ക് ബോധവൽക്കരണ പരിപാടികൾ നടത്തും. മുമ്പ് ജില്ലയിൽ ഒമ്പതിടത്ത് ആരംഭിച്ച സ്‌നേഹിത പൊലീസ് എക്‌സ്‌റ്റൻഷൻ സെന്ററുകൾ മികച്ചരീതിയിലാണ് പ്രവർത്തിക്കുന്നത്. ഫോൺ: 85940 34255








0 comments