മാതൃകയായി ബസ് ജീവനക്കാർ
യാത്രയ്ക്കിടയിൽ കുഞ്ഞിന് അസ്വാസ്ഥ്യം : കെഎസ്ആർടിസി ബസ് ആശുപത്രിയിലേക്ക്

കെഎസ്ആർടിസി ബസ് കുഞ്ഞുമായി കൂത്താട്ടുകുളത്തെ ആശുപത്രിയിൽ എത്തിയപ്പോൾ
കൂത്താട്ടുകുളം
യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യമുണ്ടായ കുഞ്ഞിനെ ബസിൽ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ മാതൃകയായി. കോട്ടയത്തുനിന്ന് കോതമംഗലത്തേക്ക് പോയ കോതമംഗലം ഡിപ്പോയിലെ ബസിലെ യാത്രയ്‌ക്കിടെയാണ് ഒന്നരവയസുള്ള കുഞ്ഞിന് അസ്വാസ്ഥ്യമുണ്ടായത്.
മുവാറ്റുപുഴ സ്വദേശിയായ കുഞ്ഞിന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് മനസിലാക്കിയ ജീവനക്കാർ യാത്രക്കാരുമായി ബസ് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. പേൾ മേരി വർഗീസ്, കാഷ്വാലിറ്റി വിഭാഗത്തിലെ ഡോ. ജി അരുൺ. ഡോ. അരുൺ കെ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ നൽകി. കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ നീണ്ടപാറ കൈപ്പശ്ശേരിൽ അഭിലാഷ്, കണ്ടക്ടർ കുട്ടമ്പുഴ വൈപ്പേൽ വി പി തോമസ് എന്നിവരാണ് കെഎസ്ആർടിസിയ്ക്കും നാടിനും മാതൃകയായത്.
കോട്ടയത്തുനിന്ന് മുവാറ്റുപുഴയിലേക്ക് പോകുകയായിരുന്നു കുഞ്ഞും കുടുംബാംഗങ്ങളും. യഥാസമയം സേവനം നൽകിയ കെഎസ്ആർടിസി ജീവനക്കാരെ ദേവമാതാ ആശുപത്രി അധികൃതർ അഭിനന്ദിച്ചു.










0 comments