യാത്രക്കാരന് നെഞ്ചുവേദന; കെഎസ്ആർടിസി ബസ് ആംബുലൻസായി

നെഞ്ചുവേദനമൂലം കുഴഞ്ഞുവീണ യാത്രക്കാരനുമായി കെഎസ്‌ആർടിസി ബസ് തൃക്കാക്കര സഹകരണ ആശുപത്രിയിലെത്തിച്ചപ്പോൾ
കാക്കനാട്
നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് കെഎസ്‌ആർടിസി ജീവനക്കാർ. മൂവാറ്റുപുഴ–കലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം.
രാവിലെ 7.30 ഓടെ തെങ്ങോട് നവോദയ ജങ്ഷനിലെത്തിയപ്പോഴാണ് തിരുവല്ല സ്വദേശി തോമസ് ബാബുവിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. അവശനായ തോമസ് ബസിന്റെ തറയിലിരുന്നതിനു പിന്നാലെ വീണു.
സ്ഥിതിയുടെ ഗൗരവം മനസ്സിലാക്കിയ ഡ്രൈവർ ബാബു പീറ്റർ, മറ്റു സ്റ്റോപ്പുകളിൽ നിർത്താതെ ബസ് തൃക്കാക്കര സഹകരണ ആശുപത്രിയിലേക്ക് വിട്ടു. ആശുപത്രിയിലെത്തിയ ഉടൻ കണ്ടക്ടർ എൽദോ എം വർഗീസിന്റെ നേതൃത്വത്തിൽ തോമസിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ബസിലുണ്ടായിരുന്ന മറ്റൊരു ആശുപത്രി ജീവനക്കാരൻ തോമസിനൊപ്പം തുടരാമെന്ന് അറിയിച്ചതിനാൽ മറ്റു യാത്രക്കാരുമായി ബസ് സർവീസ് പുനരാരംഭിച്ചു. തോമസ് ബാബുവിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.










0 comments