കായൽക്കാഴ്ചകളുമായി കെഎസ്ആർടിസി ; കടമക്കുടി ബജറ്റ് ടൂറിസം പദ്ധതി ഇന്ന് തുടങ്ങും

കൊച്ചി
വൈപ്പിൻ മണ്ഡലത്തിലെ വിനോദസഞ്ചാര സാധ്യതകൾക്ക് പുത്തൻ ഉണർവ് നൽകി കെഎസ്ആർടിസി ഒരുക്കുന്ന കടമക്കുടി ബജറ്റ് ടൂറിസം പദ്ധതി ബുധനാഴ്ച തുടങ്ങും. രാവിലെ 8.30-ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യും.
വേമ്പനാട് കായലിന്റെ മനോഹാരിതയും കടമക്കുടിയുടെ പ്രകൃതിഭംഗിയും യാത്രയിൽ ആസ്വദിക്കാം. മറൈൻ ഡ്രൈവിലെ ജലമെട്രോ സ്റ്റേഷനിൽനിന്നാണ് യാത്ര ആരംഭിക്കുന്നത്. രാവിലെ ഒമ്പതിന് ബോൾഗാട്ടിയിൽ എത്തുന്ന സംഘം അവിടെനിന്ന് ബോട്ട് മാർഗം താന്തോന്നിതുരുത്ത്, ചര്യംതുരുത്ത്, കടമക്കുടി എന്നിവിടങ്ങൾ സന്ദർശിക്കും. തിരികെ ബോൾഗാട്ടിയിൽ എത്തി, അവിടെനിന്ന് മാലിപ്പുറം, എളങ്കുന്നപ്പുഴ ബീച്ചുകൾ സന്ദർശിക്കുന്ന രീതിയിലാണ് യാത്ര. ഉച്ചഭക്ഷണവും വൈകിട്ട് ചായയും ലഘുഭക്ഷണവും പ്രവേശന ഫീസും അടങ്ങിയ പാക്കേജാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
കുറഞ്ഞ ചെലവിൽ കായൽ സൗന്ദര്യം അടുത്തറിയാൻ പദ്ധതി സഞ്ചാരികൾക്കാകും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലയിൽ നടപ്പാക്കുന്ന ഏറ്റവും പുതിയ സംരംഭമാണിത്. കടമക്കുടിയിലൂടെ ‘ഥാർ’ ഓടിച്ചും കായൽഭംഗി ആസ്വദിച്ചും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര നടത്തിയ യാത്ര വൈറലായിരുന്നു. ഭൂമിയിലെ ഏറ്റവും സുന്ദര ഗ്രാമമാണ് കടമക്കുടിയെന്ന് എക്‌സിൽ പ്രഖ്യാപിച്ചാണ് ആനന്ദ് മഹീന്ദ്ര തന്റെ കേരള സന്ദർശനത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.










0 comments